ചങ്ങനാശ്ശേരി: ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നവർക്ക് വോട്ട് നൽകണമെന്ന് വിശ്വാസികളോട് ചങ്ങനാശ്ശേരി അതിരൂപത. രാജ്യത്തിന്റെ ഭരണഘടന, ജനാധിപത്യമൂല്യങ്ങൾ, ന്യൂനപക്ഷാവകാശങ്ങൾ, ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടത്.

രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കു വേണ്ടി നില കൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാകണം ജനപ്രതിനിധികൾ. അതുകൊണ്ട് തന്നെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തമബോധ്യത്തോടെ വോട്ട് രേഖപ്പെടുത്തണമെന്നും ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം വിശ്വാസികളോട് അഭ്യർത്ഥിച്ചു.

രാജ്യത്തിന്റെ ഭരണഘടന, ജനാധിപത്യമൂല്യങ്ങൾ, ന്യൂനപക്ഷാവകാശങ്ങൾ, ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യം മുതലായവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടത്. അവർ അഴിമതിക്കും അക്രമത്തിനും കൂട്ടു നിൽക്കുന്നവരാകരുത്. സ്വന്തം നേട്ടത്തിനു വേണ്ടിയല്ലാതെ പൊതുജനക്ഷേമം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നവരാകണം.

മതസൗഹാർദതയ്ക്ക് യാതൊരു കോട്ടവും വരാതിരിക്കാൻ പരിശ്രമിക്കുന്നവരാകണം രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരേണ്ടത്. നീതിയും ധർമവും പുലരുന്ന ഒരു രാഷ്ട്രത്തിന്റെ ശില്പികൾ ആകേണ്ടവരാണ് ഭരണാധികാരികൾ. നിഷ്പക്ഷതയോടെ ജനങ്ങളെ സേവിക്കാൻ അവർ തയ്യാറാകണം.

രാജ്യത്തിന്റെ ജനാധിപത്യം അക്ഷരാർഥത്തിൽ യാഥാർഥ്യമാകുന്നത് ഓരോ പൗരനും സ്വതന്ത്രമായും ഉത്തരവാദിത്തത്തോടെയും ഏറ്റവും ഉത്തമരായ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് തന്റെ വോട്ടവകാശം വിനിയോഗിക്കുമ്പോഴാണ്. അതിനാൽ ആരുയെും സമ്മർദ്ദ തന്ത്രങ്ങൾക്കും സ്വാർത്ഥ ലക്ഷ്യങ്ങൾക്കും ദുസ്വാധീനങ്ങൾക്കും വഴിപ്പെടാതെ ഉത്തമബോധ്യത്തോടെ ശരിയായ ക്രൈസ്തവ മനസാക്ഷി അനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.-കുറിപ്പിൽ പറയുന്നു.

എല്ലാ അധികാരവും ദൈവത്തിൽ നിന്നാണ്. രാഷ്ട്രീയാധികാരം രാഷ്ട്രത്തെ നന്മയിലും നീതിയിലും ധർമനിഷ്ഠയിലും നയിക്കാൻ വേണ്ടി നൽകപ്പെട്ടിരിക്കുന്നു. അത് ഏകാധിപത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ശൈലി ആകരുത്.

ജനാധിപത്യം അഭംഗുരം സംരക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പിലൂടെ രാജ്യത്താകമാനം ഉത്തമ ഭരണസംവിധാനം സംജാതമാകാൻ പ്രാർത്ഥിക്കുകയും ചെയ്യാം. എല്ലാവർക്കും ഉയർപ്പു തിരുന്നാളിന്റെ അനുഗ്രഹാശംസകൾ നേരുന്നുവെന്നും കുറിപ്പിൽ പറയുന്നു.