തിരുവനന്തപുരം: സിപിഎമ്മിനുള്ളിൽ ഉൾപ്പാർട്ടി കലാപം രൂപപ്പെട്ടതായി എൻ കെ പ്രേമചന്ദ്രൻ എംപി അടുത്തിടെ ആരോപിച്ചിരുന്നു. സിപിഎമ്മിൽ പിണറായിയുടെ സമ്പൂർണ ആധിപത്യമാണെന്നും പാർട്ടി കൊടികളിൽ വരെ പിണറായിയുടെ പടം വച്ചാണ് പ്രചാരണമെന്നും പ്രേമചന്ദ്രൻ പറഞ്ഞിരുന്നു. ഏറ്റവുമൊടുവിൽ മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ എൽഡിഎഫിന് തുടർഭരണമുണ്ടായാൽ സംഭവിക്കുന്നത് കേരളത്തിന്റെ സമ്പൂർണ്ണ നാശമായിരിക്കുമെന്നാണ് എംപി പറയുന്നത്.

ഈ അഞ്ച് വർഷക്കാലം സിപിഎം എന്ന പാർട്ടിയും ഭരണവും പിണറായി വിജയൻ എന്ന ഒറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഇനിയും എൽഡിഎഫ് ഭരണത്തിലേറിയാൽ അവർ സമ്പൂർണ്ണ പാർട്ടിവൽക്കരണം നടപ്പിൽവരുത്തുമെന്നും പ്രേമചന്ദ്രൻ ആഞ്ഞടിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് പ്രചരണങ്ങളെല്ലാം പിണറായി വിജയൻ എന്ന ഒറ്റ വ്യക്തിയിൽ കേന്ദീകരിക്കപ്പെട്ടെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ അദ്ദേഹമാണ് സർവ്വസ്വവും എന്ന തരത്തിലേക്ക് പ്രചാരണങ്ങളുടെ രീതി പൂർണ്ണമായി മാറി. ആ വ്യക്തിപ്രഭാവത്തെ കേന്ദ്രീകരിച്ചാണ് ചർച്ചകളെല്ലാം വന്നത്. തദ്ദേശ തെരഞ്ഞടുപ്പിൽ പിണറായി എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ലെന്നും രാഷ്ട്രീയവും നയപരവുമായ ഏറ്റുമുട്ടലുകൾ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തും ഉണ്ടായില്ലെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഉയർത്തിക്കൊണ്ട് വന്നത് എൽഡിഎഫാണെന്ന് പറഞ്ഞ പ്രേമചന്ദ്രൻ യുഡിഎഫ് ഈ വിഷയത്തിൽ സിപിഎം വാദങ്ങളെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്ന് വാദിച്ചു. 2018ൽ ശബരിമലയിൽ നടക്കാത്തത് നടന്നു എന്ന് പറഞ്ഞ് രംഗത്തെത്തിയത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.

കേവല ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിച്ച് അധികാരത്തിലെത്താനുള്ള സാധ്യത വളരെക്കൂടുതലാണെന്നാണ് പ്രേമചന്ദ്രന്റെ കണക്കുകൂട്ടൽ. തുടർഭരണം വന്നാൽ ആപത്താണെന്ന തരത്തിൽ കൃത്യമായ രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ടെന്നും അത് ഒരു പരിധിവരെ ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ കൈയിലുള്ള സീറ്റുകൾ സ്ഥാനാർത്ഥി പട്ടിക കൊണ്ടുതന്നെ യുഡിഎഫിന് ലഭിച്ചേക്കാനുള്ള സാധ്യതയാണ് പുറത്തുവരുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.