കൊല്ലം: അന്തരിച്ച ആർഎസ്‌പി നേതാവ് ആർ.എസ്.ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി. ഉൾപ്പെടെ നാല് പേർക്കെതിരേ കേസ് എടുത്തിരുന്നു. ആർ.എസ്. ഉണ്ണിയുടെ ചെറുമക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര പൊലീസാണ് കേസെടുത്തത്. കേസിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി ഉൾപ്പെടെയുള്ളവർക്കെതിരെ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമച്ചു ക്രമക്കേട്, മോഷണം തുടങ്ങിയ വകുപ്പുകൾ ചുമത്തി ശക്തികുളങ്ങര പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. അതിക്രമിച്ചു കടക്കൽ, അസഭ്യം വിളിക്കൽ, വധഭീഷണി തുടങ്ങിയ വകുപ്പുകളാണു നേരത്തേ ചുമത്തിയിരുന്നത്.

കേസിൽ പ്രേമചന്ദ്രൻ എംപി രണ്ടാം പ്രതിയും പാർട്ടി നേതാവ് കെ.പി.ഉണ്ണിക്കൃഷ്ണൻ മൂന്നാം പ്രതിയുമാണ്. ശക്തികുളങ്ങര സ്വദേശികളായ പുഷ്പൻ, ഹരികൃഷ്ണൻ, കണ്ടാലറിയാവുന്ന മറ്റുള്ളവർ എന്നിവരാണു മറ്റു പ്രതികൾ. ഡിസംബർ 31ന് ഒന്ന്, 3, 4, 5 പ്രതികളും കണ്ടാലറിയാവുന്ന മറ്റുള്ളവരും ചേർന്നു പരാതിക്കാരുടെ വീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം വിളിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് ആർഎസ് ഉണ്ണിയുടെ കൊച്ചുമകൾ അഞ്ജന നൽകിയ പരാതി പ്രകാരം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ.

വീട്ടിൽ അതിക്രമിച്ചു കയറിയവരുടെ കൂട്ടത്തിൽ എൻ.കെ.പ്രേമചന്ദ്രൻ ഉണ്ടായിരുന്നില്ലെന്ന് എഫ്‌ഐആർ വ്യക്തമാക്കുന്നു. ഇതെത്തുടർന്നാണ് എംപി ഉൾപ്പെടെയുള്ളവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ് കൊല്ലം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ആർ.എസ്.ഉണ്ണി ഫൗണ്ടേഷൻ എന്ന പേരിൽ സംഘടന രൂപീകരിച്ച് സ്വത്ത് കൈക്കലാക്കാൻ ശ്രമം നടത്തിയെന്നാണ് ആരോപണം.

കേസിൽ പ്രേമചന്ദ്രൻ രണ്ടാം പ്രതിയാണ്. ആർ.എസ്‌പി. നേതാവ് കെ.പി. ഉണ്ണികൃഷ്ണനാണ് ഒന്നാം പ്രതി. മറ്റു രണ്ട് പ്രതികളും ആർ.എസ്‌പി. പ്രാദേശിക നേതാക്കളാണ്. ശക്തികുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള ആർ.എസ്. ഉണ്ണിയുടെ കുടുംബവീടും സമീപമുള്ള 11 സെന്റ് സ്ഥലവും തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു ചെറുമക്കളുടെ ആരോപണം. കൃത്യമായ രേഖകൾ കാണിച്ചിട്ട് പോലും കെ.പി. ഉണ്ണിക്കൃഷ്ണൻ സംഘടനയുടെ ആസ്ഥാനം അവിടെനിന്നും മാറ്റാൻ തയ്യാറായില്ലെന്നും വീട്ടിലേക്ക് കയറ്റിയില്ലെന്നും ചെറുമക്കളുടെ പരാതിയിൽ പറഞ്ഞിരുന്നു.

അതേസമയം കുട്ടികളുടെ പേരിലുള്ള വസ്തു തന്നെയാണിതെന്നും ഒരുകാരണവശാലും അവർക്കെതിരേ നിൽക്കില്ലെന്നും വിഷയത്തിൽ നേരത്തെ എൻ.കെ. പ്രേമചന്ദ്രൻ പ്രതികരിച്ചിരുന്നു.