പത്തനംതിട്ട: കേരളാകോൺഗ്രസ്(എം) ന് വിട്ടു നൽകിയ റാന്നി സീറ്റിൽ തന്നെ മത്സരിപ്പിക്കാത്തതിന്റെ ബുദ്ധിമുട്ട് ജില്ലയിൽ എൽഡിഎഫിന് നേരിടേണ്ടി വരുമെന്ന് ജില്ലാ പ്രസിഡന്റ് എൻഎം രാജു. സോഷ്യൽ മീഡിയയിൽ രാജുവിന്റേത് എന്ന പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിലാണ് തനിക്ക് സീറ്റ് നൽകാത്തത് ജില്ലയിലൊന്നടങ്കം എൽഡിഎഫിന്റെ തോൽവിക്ക് വഴിവക്കുമെന്ന് പറയുന്നത്. ശബ്ദം രാജുവിന്റേത് തന്നെയാണെന്ന് മറ്റു നേതാക്കളും പ്രവർത്തകരും തറപ്പിച്ചു പറയുന്നു.

റാന്നി കേരളാ കോൺഗ്രസി(എം)ന് നൽകുന്ന പക്ഷം ജില്ലാ പ്രസിഡന്റ് എൻഎം രാജു സ്ഥാനാർത്ഥിയാകുമെന്നാണ് കരുതിയിരുന്നത്. അവസാന നിമിഷമാണ് ജോസ് കെ മാണിയുടെ അടുപ്പക്കാരൻ സിഎൻ പ്രമോദ് നാരായണൻ സ്ഥാനാർത്ഥിയായത്. തനിക്ക് സീറ്റില്ലെന്ന് അറിഞ്ഞ് നേതാക്കളോട് സഹിതം എൻഎം രാജു പൊട്ടിത്തെറിച്ചിരുന്നു. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പാർട്ടിയുടെ മറ്റു നേതാക്കൾ എൽഡിഎഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയപ്പോൾ എൻഎം രാജു സജീവമായിരുന്നില്ല. അതിനിടെയാണ് എൻഎം രാജുവിന്റെ ശബ്ദ സന്ദേശത്തിൽ ഒരു ഭാഗം പ്രചരിക്കുന്നത്.

മാണി വിഭാഗത്തിന് സീറ്റ് കിട്ടരുത്, അവർക്ക് സീറ്റ് കൊടുക്കരുത് എന്നാഗ്രഹിക്കുന്ന ചില നേതാക്കളുണ്ട്. എനിക്കൊപ്പം നിൽക്കുന്ന ഒരു സമുദായമുണ്ട്. ഏതാണെന്ന് അറിയാമല്ലോ? എനിക്ക് സീറ്റ് നിഷേധിക്കുന്നു. കോൺഗ്രസ് റാന്നിയിൽ രാജു ഏബ്രഹാമിനാകും മത്സരമെന്ന് വിചാരിക്കുക. എനിക്ക് സീറ്റ് നിഷേധിക്കുക കൂടി ചെയ്യുന്നു. എങ്ങനെയിരിക്കും? ആറന്മുള എന്ന് പറയുന്ന മണ്ഡലം പെന്തക്കോസ്തുകാർക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ്. എങ്ങനിരിക്കും? ജയിച്ചു വരാമെങ്കിൽ ജയിച്ചു വാ...ഞാനിതൊക്കെ പറയാതിരിക്കുന്നത് എന്റെ ഒരു രാഷ്ട്രീയ വിവേകം എന്നു മാത്രം വിചാരിക്കാൽ മതി. അതൊക്കെ നോക്കിയും കണ്ടും അവർ ചെയ്യട്ടെ.അതിന്റെ പ്രത്യാഘാതങ്ങൾ ജില്ലയിൽ എൽഡിഎഫിന്റെ വിജയസാധ്യതയെ ബാധിക്കുകയും ചെയ്യും. മാത്രവുമല്ല, ഞാനുൾപ്പെടുന്ന ഒരു സമുദായമുണ്ട്. ആ സമുദായത്തിന്റെ ഭാഗത്ത് നിന്ന്വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാകും എന്നാണ് അപൂർണമായ ശബ്ദസന്ദേശത്തിലുള്ളത്.

സന്ദേശം പുറത്തു വന്നതോടെ സിപിഎമ്മിൽ മാത്രമല്ല, കേരളാ കോൺഗ്രസ് പ്രവർത്തകർക്കിടയിലും അമർഷം ശക്തമാണ്. സീറ്റ് കിട്ടാത്ത ജില്ലാ പ്രസിഡന്റ് മറ്റു മണ്ഡലങ്ങളിലെ പ്രവർത്തനം അട്ടിമറിക്കുന്നുവെന്നും ആരോപണമുണ്ട്. മറ്റു മണ്ഡലങ്ങളിലുള്ള നേതാക്കളോടും പ്രവർത്തകരോടും റാന്നിയിൽ പ്രമോദ് നാരായണന് വേണ്ടി രംഗത്തിറങ്ങാനാണ് പറയുന്നത്. ഇത് രണ്ടു തരത്തിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് ജില്ലയിലെ ചില നേതാക്കൾ പറയുന്നു.

റാന്നിയിൽ പ്രവർത്തിക്കാൻ പാർട്ടിക്ക് ആളില്ലാത്തതു കൊണ്ട് മറ്റു സ്ഥലങ്ങളിൽ നിന്ന് പ്രവർത്തകരെ കെട്ടിയിറക്കുന്നത് സിപിഎമ്മുകാരെ പ്രകോപിപ്പിക്കുമെന്നതാണ് അതിലൊന്ന്. മറ്റു മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി മാണിഗ്രൂപ്പുകാർ രംഗത്ത് ഇറങ്ങാത്തത് അവിടെ മുന്നണി സംവിധാനത്തിൽ വിള്ളലുണ്ടാക്കുമെന്നതാണ് രണ്ടാമത്തേത്.

എൻഎം രാജുവും യുഡിഎഫ് നേതാക്കളുമായുള്ള അന്തർധാര സജീവമാണെന്ന് ശബ്ദസന്ദേശത്തിൽ വ്യക്തമാണ്. അതിനകത്ത് കോൺഗ്രസിനകത്ത് തന്ത്രങ്ങൾ മെനയാൻ ആളില്ലാത്തത് എന്റെ കുറ്റമാണോയെന്നും ശബ്ദസന്ദേശത്തിൽ രാജു പറയുന്നുണ്ട്. അതിനർഥം മാണി വിഭാഗത്തിൽ നിന്ന് സീറ്റ് നിഷേധിക്കപ്പെട്ട എൻഎം രാജുവിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കണമെന്നാണെന്നും ചില നേതാക്കൾ പറയുന്നു.

ജില്ലയിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി രാഹുൽ ഗാന്ധി വന്നപ്പോൾ എൻഎം രാജുവിന്റെ കിയ കാർണിവലിലാണ് സഞ്ചരിച്ചിരുന്നത്. രാഹുലിന് സഞ്ചരിക്കാൻ വാഹനം വിട്ടു നൽകിയതും എൽഡിഎഫിനുള്ളിൽ ചർച്ചയായിരുന്നു. മാണിവിഭാഗം എൽഡിഎഫിലേക്ക് പോയെങ്കിലും എൻഎം രാജുവിന് ഇപ്പോഴും അടുപ്പം കോൺഗ്രസ് നേതാക്കളുമായിട്ടാണ്. രാജുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാണ് എതിർപക്ഷത്തിന്റെ ആവശ്യം.