ന്യൂഡൽഹി: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിക്കുകാരെ പ്രീതിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗുരുനാനാക് ജയന്തി പോലുള്ള ഒരു ദിവസം തന്നെ തെരഞ്ഞെടുത്ത് കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന പ്രഖ്യാപനം മോദി നടത്തിയത്.പക്ഷെ ബിൽ പിൻവലിച്ചെങ്കിലും ബിജെപിയുമായി സഖ്യത്തിന് ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശിരോമണി അകാലിദൾ. നിയമങ്ങൾ പിൻവലിച്ചതു നല്ല കാര്യമെങ്കിലും, സമരത്തിൽ 'രക്തസാക്ഷികളായ' എഴുന്നൂറിലധികം പേരുടെ ജീവത്യാഗം എങ്ങനെ മറക്കുമെന്നാണ് അകാലി ദൾ നേതാക്കൾ ഉന്നയിക്കുന്ന ചോദ്യം.

കർഷകരുടെ രക്തസാക്ഷിത്വത്തിനു കാരണക്കാർ എന്ന പ്രതിഛായ ബിജെപിക്കു നൽകാനാണ് ഇപ്പോൾ അകാലി ദളിന്റെ ശ്രമം. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിനു മോദി സർക്കാർ വഴങ്ങാതെ വന്നപ്പോൾ ആദ്യം കേന്ദ്ര മന്ത്രിസഭയിൽ നിന്നു ഹർസിമ്രത് കൗറിനെ അകാലി ദൾ പിൻവലിച്ചു. എന്നിട്ടും സർക്കാരിന്റെ നിലപാടിൽ മാറ്റമില്ലെന്നു കണ്ടപ്പോഴാണു ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്ന് (എൻഡിഎ) പിന്മാറിയത്. തിരഞ്ഞെടുപ്പിൽ ബിജെപി ഒഴികെ ആരുമായും സഹകരിക്കുമെന്നും പാർട്ടി വ്യക്തമാക്കി.

പിൻവലിക്കൽ പ്രഖ്യാപനത്തിനു ഗുരു നാനാക്ക് ജയന്തി തിരഞ്ഞെടുത്തത് ഉൾപ്പെടെ സിക്കുകാരെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. 'ക്ഷമ ചോദിക്കുന്നു', 'പ്രായശ്ചിത്തം' തുടങ്ങിയ പ്രയോഗങ്ങളും പ്രസംഗത്തിൽ ഉൾപ്പെടുത്തി. എന്നാൽ, പ്രസംഗത്തിനു തൊട്ടുപിന്നാലെ നൽകിയ പ്രതികരണത്തിൽ മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ, ബിജെപിയുമായി സഖ്യമില്ലെന്ന അകാലി ദളിന്റെ നിലപാട് വ്യക്തമാക്കി.

എന്നാൽ, ബിജെപിയുമായി തിരഞ്ഞെടുപ്പു സഖ്യത്തിനു തയാറാണെന്നു മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് വ്യക്തമാക്കി. നിയമങ്ങൾ പിൻവലിച്ചതു പഞ്ചാബിന്റെ വികസനത്തിനും സഹായിക്കും. കർഷകരുടെ വികസനത്തിനായി കേന്ദ്രത്തിനൊപ്പം പ്രവർത്തിക്കാൻ താൽപര്യപ്പെടുന്നു അമരിന്ദർ പറഞ്ഞു. അമരീന്ദർ ഒപ്പം കൂടിയാൽ സിക്ക് വോട്ടിൽ ചെറിയൊരു ശതമാനമെങ്കിലും ലഭിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഹിന്ദു വോട്ടുകളിലാണ് ബിജെപിയുടെ പ്രതീക്ഷ.