റൂസോ : വായ്പത്തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്‌സിയുടെ ജാമ്യം ഡൊമിനിക്ക ഹൈക്കോടതി നിഷേധിച്ചു. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്.ചോക്‌സിക്ക് ഡൊമിനിക്കയുമായി യാതൊരു ബന്ധവുമില്ലെന്നും രാജ്യം വിടുന്നത് തടയുന്ന ഒരു വ്യവസ്ഥയും കോടതിക്ക് നടപ്പാക്കാൻ കഴിയില്ലെന്നും ഡൊമിനിക്കൻ ഹൈക്കോടതിയിലെ ജഡ്ജി വിനാന്റെ അഡ്രിയൻ റോബർട്ട്‌സ് വ്യക്തമാക്കി. മജിസ്ട്രേറ്റ് ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടർന്നാണ് ചോക്സി ഹൈക്കോടതിയെ സമീപിച്ചത്. ചോക്സിയെ തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരാകും.

ഡൊമിനിക്കൻ പ്രധാനമന്ത്രി റൂസ്വെൽറ്റ് സ്‌കെറിറ്റ് ചോക്‌സിയെ ഇന്ത്യൻ പൗരൻ എന്ന് വിശേഷിപ്പിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് കോടതി വിധി. 'ഈ ഇന്ത്യൻ പൗരന്റെ കാര്യം കോടതികൾക്ക് മുൻപിലാണ്. ഇദ്ദേഹത്തിന്റെ കാര്യത്തിൽ കോടതികൾ തീരുമാനമെടുക്കും' അദ്ദേഹം പറഞ്ഞു.

വ്യാജ രേഖകൾ ഉപയോഗിച്ച് ബന്ധു നീരവ് മോദിയുമായി ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപ തട്ടിയെടുത്തെന്നാണ് ചോക്‌സിക്കെതിരായ കേസ്. ഇന്ത്യ വിട്ട ശേഷം 2018 മുതൽ താമസിച്ചിരുന്ന ആന്റിഗ്വയിൽനിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മെഹുൽ ചോക്‌സി ഡൊമിനിക്കയിൽ പിടിയിലായത്.