കൊച്ചി: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്‌ന സുരേഷ് നൽകിയ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തും ഗൂഢാലോചന നടന്നുവെന്ന് സ്വപ്ന സമ്മതിച്ചു. സ്വർണക്കടത്തിൽ പങ്കുണ്ടെന്നും മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ അറിയിച്ചു.

സ്വപ്ന സ്വാധീനമുള്ള വ്യക്തിയാണെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് കേസിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഇഡി കോടതിയെ അറിയിച്ചു. കേസ് ഡയറിയും എൻഫോഴ്‌സ്‌മെന്റ് കോടതിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സ്വപ്ന ശിവശങ്കറുമൊന്നിച്ച് മൂന്നുതവണ വിദേശയാത്ര നടത്തിയെന്ന കണ്ടെത്തലും എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. എന്നാൽ കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയിൽ വരില്ല കേസെന്നും ലോക്കറിൽ സൂക്ഷിച്ച സ്വർണത്തിനും പണത്തിനും ഉറവിടമുണ്ടെന്നുമാണ് സ്വപ്നയുടെ വാദം.

അതേമയയം സർക്കാരിൽ നിന്നുള്ള ഉന്നതരും വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച കമ്മിഷൻ തുകയുടെ പങ്ക് പറ്റിയെന്ന സംശയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്നയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒരുകോടിയിലധികം രൂപ മറ്റാർക്കോ വേണ്ടിയാണെന്നും ഇത് ആർക്കെന്ന് സ്വപ്ന വെളിപ്പെടുത്തുന്നില്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. കമ്മിഷൻ തുകയിൽ വ്യക്തത വരുത്താനായി യുണീടാക് ഉടമയെ ഇഡി വീണ്ടും ചോദ്യം ചെയ്യും.

20 കോടി രൂപയുടെ ലൈഫ് മിഷൻ പദ്ധതിയിൽ നാലു കോടി 30 ലക്ഷം രൂപ കമ്മിഷൻ തുകയായി കൊടുത്തു എന്നായിരുന്നു യുണീടാക് ഉടമ സന്തോഷ് ഈപ്പൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൊടുത്ത മൊഴിയിൽ വ്യക്തമാക്കിയത്. ഇതിൽ 3 കോടിയിലേറെ രൂപ സ്വപ്നയും സരിത്തും സന്ദീപും യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥനും കരാറിൽ ഇടപെട്ട ഈജിപ്ഷ്യൻ പൗരനും വീതിച്ചെടുക്കുകയായിരുന്നു ബാക്കിവന്ന ഒരു കോടിയാണ് സ്വപ്ന ലോക്കറിൽ സൂക്ഷിച്ചത്.
ബെനാമി ഇടപാടിൽ മറ്റാർക്കോ വേണ്ടിയാണ് ഈ തുക സൂക്ഷിച്ചതെന്നും അത് ആർക്കുവേണ്ടിയാെണന്ന് സ്വപ്ന വെളിപ്പെടുത്തുന്നില്ലെന്നും ഇഡി വ്യക്തിമാക്കി.

സർക്കാരിൽ നിന്നുള്ള ഉന്നതരാകാം തുകയുടെ പങ്കു പറ്റിയതെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. കമ്മിഷൻ തുകയിൽ കൂടുതൽ വ്യക്തതവരുത്താനും. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ തയാറാക്കിയപ്പോൾ മറ്റാരെങ്കിലും ഇടപെട്ടോ എന്നറിയാനും യുണീടാക് ഉടമ സന്തോഷ് ഈപ്പനെ ഇഡി വീണ്ടും ചോദ്യം ചെയ്യും.