തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിൽ (കെഎഎസ്) അടിസ്ഥാന ശമ്പളത്തിൽ മാറ്റമില്ല. ശമ്പളം 81,800 രൂപ തന്നെയായി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ഗ്രേഡ് പേ മാത്രം ഒഴിവാക്കി. ഗ്രേഡ് പേയ്ക്ക് പകരം പരിശീലനം തീരുമ്പോൾ 2000 രൂപ വാർഷിക ഇൻക്രിമെന്റ് നൽകും. വിഷയത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഉയർത്തിയ പ്രതിഷേധം തള്ളിയാണ് സർക്കാർ അന്തിമ ഉത്തരവിറക്കിയത്.

അടിസ്ഥാന ശമ്പളത്തോടൊപ്പം കെഎസ്എസ് ഉദ്യോഗസ്ഥർക്ക് ഗ്രേഡ് പേ, എച്ച്ആർഎ, ഡിഎ എന്നീ മൂന്ന് ആനുകൂല്യങ്ങളും നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിൽ ഗ്രേഡ് പേ ഒഴിവാക്കിയാണ് അന്തിമ ഉത്തരവ്. ഇതോടെ 8,100 രൂപയുടെ കുറവ് ശമ്പളത്തിലുണ്ടാകും. ഇതിനുപകരം വാർഷിക ഇൻക്രിമെന്റ് ഉൾപ്പെടുത്തി. പരിശീലനം കഴിയുമ്പോൾ കെഎഎസ് ഉദ്യോഗസ്ഥർക്ക് 2000 രൂപ വാർഷിക ഇൻക്രിമെന്റ് നൽകാനാണ് തീരുമാനം.



81,800 രൂപ അടിസ്ഥാന ശമ്പളത്തിനു പുറമേ ഡിഎയും എച്ച്ആർഎയും കെഎഎസുകാർക്കു ലഭിക്കും. പന്ത്രണ്ടാം ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കുമ്പോൾ കെഎഎസ് ട്രെയിനികൾ, കെഎഎസിലെ മറ്റു സ്ഥാനക്കയറ്റ തസ്തികകൾ എന്നിവയ്ക്ക് അനുവദിക്കാവുന്ന ശമ്പള സ്‌കെയിലുകൾ തയാറാക്കുന്നത് കമ്മിഷന്റെ ടേംസ് ഓഫ് റഫറൻസിൽ ഉൾപ്പെടുത്തും.

ട്രെയിനിങ് കാലയളവിൽ അടിസ്ഥാന ശമ്പളമായ 81,800 രൂപ കൺസോളിഡേറ്റഡ് തുകയായി അനുവദിക്കും. ട്രെയിനിങ് കാലയളവിൽ അടിസ്ഥാന ശമ്പളം മാത്രമേ ഉണ്ടായിരിക്കൂ. മുൻ സർവീസിൽനിന്ന് കെഎഎസിൽ പ്രവേശിച്ചവർക്ക് അവർക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ എതാണോ കൂടുതൽ അത് അനുവദിക്കും.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് കെഎഎസ് ഉദ്യോഗസ്ഥർക്ക് 81,800 രൂപ അടിസ്ഥാന ശമ്പളം നിശ്ചയിച്ച് തീരുമാനമായത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരെക്കാൾ ശമ്പളം കെഎഎസ് ഉദ്യോഗസ്ഥർക്ക് നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും സ്‌പെഷ്യൽ പേ നൽകണമെന്ന ആവശ്യവുമായി ഐ.എ.എസ്. അസോസിയേഷൻ ശക്തമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു.

അതേ സമയം സിവിൽ സർവീസ് ഉദ്യോഗസ്ഥരെക്കാൾ ശമ്പളം കെഎഎസ് ഉദ്യോഗസ്ഥർക്കു നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും സ്‌പെഷൽ പേ നൽകണമെന്നുമുള്ള ആവശ്യത്തിൽ സിവിൽ സർവീസ് സംഘടനകൾ ഉറച്ചു നിൽക്കുകയാണ്.