ചണ്ഡീ​ഗഡ്: ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യ സർക്കാരിനെതിരായ കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 55 എം‌എൽ‌എമാർ പ്രമേയത്തിനെതിരെ വോട്ട് ചെയ്തപ്പോൾ 32 എം‌എൽ‌എമാർ മാത്രമാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. കർഷകസമരത്തിൽ സംസ്ഥാനത്തെ കർഷകർക്ക് അനുകൂലമായി നിലപാട് എടുക്കാത്ത സർക്കാരിനോടുള്ള വിശ്വാസം തകർന്നുവെന്നാരോപിച്ചായിരുന്നു അവിശ്വാസ പ്രമേയം.

രഹസ്യ വോട്ടിംഗിനുപകരം, സ്പീക്കർ അംഗങ്ങളോട് നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം പ്രമേയത്തെ അനുകൂലിക്കുന്നവരും പിന്നീട് പ്രമേയത്തിന് എതിരായവരും സഭയിൽ എഴുന്നേറ്റ് നിന്നു. പ്രമേയത്തെ എതിർത്ത 55 അംഗങ്ങളിൽ ബിജെപിയിൽ നിന്ന് 39 പേരും സഖ്യകക്ഷിയായ ജെജെപിയിൽ നിന്ന് 10 പേരും അഞ്ച് സ്വതന്ത്രരും ഹരിയാന ലോഖിത് പാർട്ടിയിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. സ്പീക്കർ ഉൾപ്പെടെ 40 അംഗങ്ങൾ ബിജെപിക്ക് ഉണ്ട്.

കോൺഗ്രസിലെ 30 അംഗങ്ങളും രണ്ട് സ്വതന്ത്രരുമാണ് പ്രമേയത്തെ അനുകൂലിച്ചത്. അവിശ്വാസം കോൺഗ്രസിന്റെ സംസ്‌ക്കാരമാണെന്നാണ് നിയമസഭയിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞത്. ‘അവിശ്വാസ സംസ്‌കാരം' ഒരു പഴയ കോൺഗ്രസ് പാരമ്പര്യമാണെന്നും ഈ അവിശ്വാസം പാർട്ടിക്കുള്ളിൽ കാണാൻ കഴിയുന്നതുകൊണ്ടാണല്ലോ പി.സി ചാക്കോ പാർട്ടി വിട്ടതെന്നും ഖട്ടർ പരിഹസിച്ചു. "തെരഞ്ഞെടുപ്പിൽ തോറ്റാൽ ഇ.വി.എമ്മിനെ വിശ്വാസമില്ലെന്ന് പറയും. സർജിക്കൽ സ്‌ട്രൈക്കിൽ വിശ്വാസമില്ല, അതുകൊണ്ട് തെളിവ് ചോദിക്കും, കോൺഗ്രസ് ആണ് അധികാരത്തിലെങ്കിൽ ഒക്കെ ശരി, ബിജെപി ആണെങ്കിൽ പറയും ഒന്നും കൃത്യമല്ലെന്ന്," ഖട്ടർ പറഞ്ഞു.

കർഷകർക്കെതിരേ ഏകാധിപത്യ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഏതൊക്കെ എംഎൽഎമാരാണ് കർഷകരെ പിന്തുണയ്ക്കുന്നതെന്ന് അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കുമ്പോൾ മനസിലാകുമെന്നും മുൻ ഹരിയാന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡ പറഞ്ഞിരുന്നു. സർക്കാരിനെതിരേ സഖ്യകക്ഷിക്കുള്ളിൽ തന്നെ എതിർപ്പുണ്ടെന്നും ഹൂഡ ആരോപിച്ചിരുന്നു. 90 അംഗ നിയമസഭയിൽ ബിജെപിക്ക് 40 അംഗങ്ങളാണ് ഉള്ളത്. ജെ.ജെ.പിക്ക് 10 അംഗങ്ങളും ഉണ്ട്. 31 സീറ്റുകളിലായിരുന്നു കോൺഗ്രസ് വിജയിച്ചത്.