കോഴിക്കോട്: രണ്ട് പതിറ്റാണ്ടിന് ശേഷവും കോൺഗ്രസിന് ഒരു എംഎൽഎ പോലുമില്ലാതെ കോഴിക്കോട് ജില്ല. ഇത്തവണ ജില്ലയിൽ കോൺഗ്രസ് മത്സരിച്ച 5 സീറ്റിലും പരാചയപ്പെട്ടതിന് പിന്നിൽ ഗ്രൂപ്പ് തിരിച്ചുള്ള സീറ്റ് വീതം വെക്കലാണെന്ന് ആക്ഷേപവുമായി പ്രവർത്തകർ രംഗത്തെത്തി. എഐ ഗ്രൂപ്പുകളും കെസി വേണുഗോപാലും ചേർന്ന് സീറ്റുകൾ വീതിച്ചെടുക്കുകയായിരുന്നു എന്നാണ് പ്രവർത്തകരുടെ ആക്ഷേപം.

വിജയസാധ്യതയില്ലാത്ത സ്ഥാനാർത്ഥികളെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നിർത്തിയതാണ് പരാചയത്തിന് കാരണമെന്നും പ്രവർത്തകർ പറയുന്നു. അഞ്ചിടങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ചതിൽ കോഴിക്കോട് നോർത്തിൽ മത്സരിച്ച കെഎം അഭിജിത്തിന് മാത്രമാണ് ചെറുതെങ്കിലുമൊരു മുന്നേറ്റമുണ്ടാക്കാനായത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റിൽ അവരുടെ ഭൂരിപക്ഷത്തിൽ ചെറിയ കുറവുണ്ടാക്കാൻ കഴിഞ്ഞു എന്നത് മാത്രമാണ് ആശ്വാസം. മറ്റു നാല് കോൺഗ്രസ് സ്ഥാനാർത്ഥികളുടേതും സമ്പൂർണ്ണ പരാചയമായിരുന്നു. പ്രചരണ സമയത്തെ കെ മുരളധീരന്റെ അസാന്നിദ്ധ്യവും പ്രവർത്തനങ്ങൾക്ക് ഫണ്ട് ലഭ്യമാകാത്തതും തിരിച്ചടിക്ക് കാരണമായി.

എലത്തൂർ സീറ്റിനെ സംബന്ധിച്ച് തുടക്കം മുതൽ ഉയർന്നു വന്ന പ്രശ്നങ്ങൾ മറ്റു മണ്ഡലങ്ങളെയും ബാധിച്ചു.കൊയിലാണ്ടിയിലും നാദാപുരത്തും ഇത്തവണ വിജയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഭൂരിപക്ഷംസ കുറക്കാൻ പോലും കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായില്ല. രണ്ടിടങ്ങളിലും കഴിഞ്ഞ വർഷം മത്സരിച്ച് പരാചയപ്പെട്ടവരെ തന്നെയാണ് ഇത്തവണയും നിർത്തിയത്. കൊയിലാണ്ടിയിൽ മത്സരിച്ച എൻ സുബ്രഹ്മണ്യനും നാദാപുരത്ത് മത്സരിച്ച് കെഎം പ്രവീണും 2016ൽ അതത് മണ്ഡലങ്ങളിൽ മത്സരിച്ച് പരാചയപ്പെട്ടവരാണ്.

എന്നാൽ 2016ന് ശേഷം അവർ ആ മണ്ഡലങ്ങളിൽ തന്നെ തുടർന്ന് പ്രവർത്തിച്ചിരുന്നതിനാൽ കരുനാഗപ്പള്ളിയിൽ സിആർ മഹേഷ് ഉണ്ടിക്കിയത് പോലൊരു മുന്നേറ്റം ഉണ്ടാക്കാൻ ഇരുവർക്കുമാകും എന്നായിരുന്ന നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതുണ്ടായിട്ടില്ല. ഇതിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത് കരുനാഗപ്പള്ളയിൽ സിആർ മഹേഷ് നടത്തിയതുപോലുള്ള പ്രവർത്തനങ്ങൾ ഇരുവരും നടത്തിയിട്ടില്ല എന്നു തന്നെയാണ്. മാത്രവുമല്ല ഈ രണ്ടിടങ്ങളിലും ബിജെപി വോട്ടുകൾ കുറഞ്ഞതിന്റെ പഴിയും ഇപ്പോൾ കോൺഗ്രസ് പ്രവർത്തകർ കേൾക്കേണ്ടി വരുന്നു. നേരത്തെ അഭിജിതിനെ കൊയിലാണ്ടിയിൽ മത്സരിപ്പിക്കാൻ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും എൻ സുബ്രഹ്മണ്യൻ സീറ്റ് വിട്ടുനൽകിയില്ല.

ബാലുശ്ശേരിയിൽ ധർമ്മജന്റെ സ്ഥാനാർത്ഥിത്വവും തെറ്റായ തീരുമാനമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ബാലുശ്ശേരിയിൽ പട്ടികജാതി കോളനികളിൽ പോലും ഇപ്പോഴും നിലനിൽക്കുന്ന വികസ മുരടിപ്പുകൾ രാഷ്ട്രീയ പ്രചരണവിഷയമാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ധർമ്മജനുമൊത്ത് സെൽഫിയെടുക്കാനെത്തിയവരൊന്നും വോട്ടുചെയ്തതുമില്ല. രാഷ്ട്രീയ പരമായ മത്സരമായിരുന്നു ബാലുശ്ശേരിയിൽ നടന്നിരുന്നതെങ്കിൽ വിജയിക്കാമായിരുന്നു എന്നാണ് നേതൃത്വം കണക്കാക്കുന്നത്. എന്നാൽ ചില നേതാക്കൾ ഇടപെട്ട് ആദ്യം തന്നെ ധർമ്മജനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് വിനയായി. യുസി രാമൻ മത്സരിച്ചപ്പോൾ ലഭിച്ച മുസ്ലിം വോട്ടുകളും ഇത്തവണ ധർമ്മജന് ലഭിച്ചില്ല.

ബേപ്പൂരിൽ പിഎം നിയാസ് മൂന്നാം സ്ഥാനത്തേക്ക് പോയതും തിരിച്ചടിയായി. നിയാസിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ തുടക്കം മുതൽ ബേപ്പൂരിൽ പോസ്റ്ററുകൾ പോലും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിൽ അത് മുഖവിലക്കെടുക്കാതിരുന്നത് തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനിലേക്ക് മത്സരിച്ച ചില കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പരാചയത്തിന് വേണ്ടി പിഎം നിയാസ് ഇടപെട്ടു എന്ന തരത്തിൽ ഉയർന്നു വന്ന ആക്ഷേപങ്ങലും നേതൃത്വം മുഖവിലയ്ക്കെടുത്തിരുന്നില്ല. ഇതെല്ലാം മറികടന്ന് നിയാസിനെ തന്നെ സ്ഥാനാർത്ഥിയാക്കിയാതാണ് മണ്ഡലത്തിൽ ദയനീയമായി പരാചയപ്പെട്ടതിന്റെ കാരണമായി വിലയിരുത്തപ്പെടുന്നത്.