തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസങ്ങളിൽ മദ്യ വിൽപ്പനയില്ല. തിരുവോണദിവസം ബാറുകളിലൂടെയും മദ്യവിൽപ്പന ഉണ്ടാകില്ലെന്ന് സർക്കാർ ഉത്തരവിറക്കിയതോടെയാണ് തുടർച്ചയായ മൂന്ന് ദിവസം കേരളത്തിൽ മദ്യവിൽപ്പന ഉണ്ടാകില്ലെന്ന് ഉറപ്പായത്. തിങ്കളാഴ്ച തിരുവോണം അവധി. സെപ്റ്റംബർ ഒന്നായ ചൊവ്വാഴ്ച ഡ്രൈ ഡേയാണ്. രണ്ടിന് ശ്രീനാരായണഗുരു ജയന്തി പ്രമാണിച്ച് മദ്യവിൽപ്പന നിരോധിച്ചിട്ടുണ്ട്.

ബെവ്‌കോ, കൺസ്യൂമർഫെഡ് ഷോപ്പുകൾക്ക് നേരത്തേ അവധി പ്രഖ്യാപിച്ചതിനാലാണ് 31-ന് ബാറുകളിലും മദ്യവിൽപ്പന തടഞ്ഞ് സർക്കാർ ഉത്തരവിറക്കിയത്. കഴിഞ്ഞവർഷംമുതൽ തിരുവോണദിവസം സർക്കാർ മദ്യവിൽപ്പനകേന്ദ്രങ്ങൾക്ക് അവധി നൽകിയിരുന്നു. ഈ വർഷം അത് ബാറുകൾക്കുകൂടി ബാധകമാക്കുകയാണ്.

കഴിഞ്ഞവർഷം ബാറുകൾ തുറക്കാൻ അനുവദിച്ചത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ബാറുകൾക്ക് ഓണക്കച്ചവടം നടത്താൻ വേണ്ടിയാണ് ബിവറേജസ് അടച്ചതെന്നായിരുന്നു വിമർശനം. കോവിഡ് പശ്ചാത്തലത്തിൽ ബാറുകൾമാത്രം തുറന്നാൽ തിരക്കുണ്ടാകാൻ ഇടയുള്ളതിനാലാണ് മദ്യവിൽപ്പന തടഞ്ഞത്. ഞായറാഴ്ച കഴിഞ്ഞാൽ വ്യാഴാഴ്ച മാത്രമായിരിക്കും മദ്യശാലകൾ തുറക്കുക.