ന്യൂഡൽഹി: രാജ്യമെങ്ങും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഉന്നത ഉദ്യോഗസ്ഥരുമായി കോവിഡ് സാഹചര്യം ചർച്ച ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. വീടുകളിൽ ക്വാറന്റീനിലിരിക്കാൻ ഇപ്പോൾ ആളുകൾ തയ്യാറാകുന്നില്ല. പക്ഷേ ലോക്ഡൗൺ ഏർപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഭാവിയിൽ അത്തരം ഒരു ആവശ്യം വന്നാൽ ജനങ്ങളുമായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ ഡൽഹിയിൽ 2790 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യമന്ത്രിയുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും അടിയന്തിര യോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. ഈവർഷം ഇതാദ്യമായാണ് ഡൽഹിയിൽ ഒരു ദിവസം ഇത്രയും പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്.