തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ കൊട്ടിഘോഷിക്കുകയും ഇടതു മുന്നണിക്ക് തുടർ ഭരണം ലഭിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിർത്തലാക്കുന്നു. ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്.

റേഷൻ കട വഴിയുള്ള കിറ്റ് ഇനി ഉണ്ടാകില്ലെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നൽകിയതെന്നും, വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ കിറ്റ് നൽകില്ലെന്നും മന്ത്രി ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ വ്യക്തമാക്കി. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നുണ്ടെന്നാണ് മന്ത്രി നൽകുന്ന വിശദീകരണം.

'കിറ്റ് വീണ്ടും തുടങ്ങില്ല. ആളുകൾക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നൽകിയത്. ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളിൽ കിറ്റ് കൊടുക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലോ ആലോചനയിലോ ഇല്ല. പൊതു മാർക്കറ്റിൽ നന്നായി ഇടപെടുന്ന നിലപാടാണ് കേരളത്തിൽ ഇടത് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.

സപ്ലൈക്കോ വഴിയും കൺസ്യൂമർഫെഡും ന്യായ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ ആറ് വർഷമായി പതിമൂന്ന് നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈക്കോയിൽ വില വർദ്ധിപ്പിച്ചിട്ടില്ല.
രാജ്യത്തൊട്ടാകെയുള്ള വിലക്കയറ്റം കേരളത്തെ ബാധിക്കാതിരിക്കാൻ വേണ്ടതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നാണ് ജി ആർ അനിലിന്റെ അവകാശവാദം. ആന്ധ്രയിൽ നിന്നുള്ള ഉത്പന്നങ്ങൾ കേരളത്തിൽ വില കുറച്ച് വിതരണം ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പച്ചക്കറിയുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില വർധിച്ചത് സർക്കാർ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. സാധ്യമായ എല്ലാ വിപണി ഇടപെടലുകളും സർക്കാർ നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

കിറ്റ് വിതരണം തുടരില്ലെന്ന് നേരത്തേ തന്നെ സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. സൗജന്യ കിറ്റുവിതരണം സർക്കാരിന് വൻ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കിയ സാഹചര്യത്തിലായിരുന്നു ഇത്. കോവിഡ് സമയത്ത് വരുമാനം നിലച്ച സാഹചര്യത്തിൽ കിറ്റ് വിതരണം ജനനങ്ങൾക്ക് ഏറെ സഹായകമായിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിച്ചതിനാലും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലും ഇനിയും കിറ്റ് നൽകുന്നത് ബുദ്ധിമുട്ടാകുമെന്ന് ധനവകുപ്പ് ഭക്ഷ്യവകുപ്പിനെ അറിയിച്ചത്.

കോവിഡ് വ്യാപനം തുടരുന്നതിനാൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കെങ്കിലും ഭക്ഷ്യക്കിറ്റ് നൽകണമെന്ന് ഭക്ഷ്യവകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ, ഇനിയും കിറ്റ് വിതരണം തുടരാൻ ആവില്ലെന്ന് ഓണക്കാലത്തുതന്നെ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഓണക്കിറ്റിന് പണം അനുവദിക്കുന്നത് സംബന്ധിച്ച ഫയലിൽ രേഖപ്പെടുത്തിയിരുന്നു. എല്ലാകാലവും ഭക്ഷ്യക്കിറ്റ് വിതരണം തുടരാൻ ആവില്ലെന്ന് മുഖ്യമന്ത്രി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

കോവിഡ് വ്യാപനം തുടങ്ങിയ 2020 ഏപ്രിൽ-മെയിലാണ് സൗജന്യ കിറ്റ് നൽകിത്തുടങ്ങിയത്. സാർവത്രിക ഭക്ഷ്യക്കിറ്റ് വിതരണം വലിയ ശ്രദ്ധ നേടി. ഉയർന്ന വരുമാനക്കാർ ഉൾപ്പെടെ കിറ്റ് വാങ്ങിയിരുന്നു. തിരഞ്ഞെടുപ്പിൽ സർക്കാരിന് ഭരണത്തുടർച്ചയ്ക്ക് ഇതു സഹായിക്കുകയും ചെയ്തു. അന്നുമുതൽ ഓണക്കാലംവരെ 13 തവണയാണ് കിറ്റ് വിതരണം ചെയ്തത്. ഏതാണ്ട് 11 കോടി കിറ്റുകൾ നൽകി. മാസം ശരാശരി 350-400 കോടി രൂപയാണ് ചെലവിട്ടത്. 11 കോടി കിറ്റുകൾക്കായി 5200 കോടി രൂപ ചെലവിട്ടു.