തിരുവനന്തപുരം: 11-ാം ശമ്പള കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്നായ ഈ വർഷം വിരമിക്കുന്ന സർക്കാർ ജീവനക്കാർക്ക് ഒരു വർഷം കൂടി സർവീസ് നീട്ടി നൽകണമെന്ന ആവശ്യം സർക്കാർ തള്ളും. ഇത് പെൻഷൻ പ്രായം ഉയർത്തുന്നതിനും നിയമന നിരോധനത്തിലും തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ നീക്കം. പെൻഷൻ പ്രായം വർധിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

11-ാം ശമ്പള കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്ന് ഈ വർഷം വിരമിക്കുന്ന സർക്കാർ ജീവനക്കാർക്ക് ഒരു വർഷം കൂടി സർവീസ് നീട്ടി നൽകണം എന്നത്. ഫലത്തിൽ ഇത് പെൻഷൻ പ്രായം ഉയർത്തുന്നതിനും നിയമന നിരോധനത്തിലും തുല്യമാണ്. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ യുവാക്കളിൽ നിന്നടക്കം ഉണ്ടായേക്കാവുന്ന പ്രതിഷേധം കണക്കിലെടുത്ത് ഈ ശുപാർശ അംഗീകരിക്കാൻ സാധ്യതയില്ല. സംസ്ഥാന സർക്കാരിന് ഇത് തന്നെ താങ്ങാൻ വലിയ പാടാണെന്ന് ധനമന്ത്രി പറഞ്ഞു. അത്രയ്ക്ക് ഗൗരവമായ പ്രതിസന്ധിയാണ്. പ്ലാൻ കുറച്ച്, ചെലവ് ചുരുക്കിയാണ് കാര്യങ്ങൾ നടത്തിപ്പോകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു

തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ശമ്പള കമ്മീഷൻ വിജ്ഞാപനം അംഗീകരിക്കേണ്ടതുണ്ട്. അതിനാൽ ഉപസമിതി പരിശോധന ഇല്ലാതെ മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനം എടുത്തേക്കും. ഇതിനിടെ ശമ്പള വർധനവിൽ അതൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷ സംഘടനകൾ സമരം ആരംഭിച്ചു. പ്രതിഷേധിക്കുന്നവർ നാടിന്റെ സാമ്പത്തിക അവസ്ഥകൂടി കണക്കിലെടുക്കണമെന്ന് ധനമന്ത്രി ഓർമിപ്പിച്ചു.