കോട്ടയം: മത തീവ്രവാദികളുടെ വോട്ട് വാങ്ങി ജയിക്കേണ്ടെന്ന് പൂഞ്ഞാർ എംഎൽഎയും സ്ഥാനാർത്ഥിയുമായ പി സി ജോർജ്ജ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇക്കൂട്ടരുടെ സഹായം തനിക്ക് ലഭിച്ചിരുന്നെന്ന് വ്യക്തമാക്കിയ പി സി ജോർജ്ജ്, ഇക്കുറി അവരുടെ വേട്ട് വേണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു. മാതൃഭൂമി ന്യൂസിനോടായിരുന്നു ജോർജ്ജിന്റെ പ്രതികരണം.

'ഇവിടെ മത തീവ്രവാദികൾ കുറച്ചേയുള്ളൂ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എന്നെ സഹായിച്ചവരാണ്. അന്നവർ മത തീവ്രവാദികളാണെന്ന് ഞാനറിരുന്നില്ല. അവരുടെ വോട്ട് വേണ്ട. പച്ചക്ക് പറയാം. തീവ്രവാദികളുടെ വോട്ട് വാങ്ങി എംഎൽഎ ആകാൻ ഉദ്ദേശിക്കുന്നില്ല' പി.സി.ജോർജ് പറഞ്ഞു. ഈരാറ്റുപേട്ടയിൽ തനിക്കെതിരായി ഉണ്ടായ കൂവൽ പ്രതിഷേധത്തിന് പിന്നാലെയാണ് സിറ്റിങ് എംഎൽഎയായ പി.സി.ജോർജിന്റെ പ്രതികരണം.

ഈരാറ്റുപേട്ടയിലെ പ്രതിഷേധത്തിന് പിന്നാലെ ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണം പി.സി.ജോർജ് നിർത്തിവെച്ചിരുന്നു. ഇത്തവണ സംസ്ഥാനത്ത് ആർക്കും ഭൂരിപക്ഷം കിട്ടാൻ പോകുന്നില്ലെന്നും അത് കഴിഞ്ഞ് പൂഞ്ഞാറുകാർ തീരുമാനിക്കും ആര് വേണമെന്നെന്നും പി.സി.ജോർജ് പറഞ്ഞു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിക്ക് സമീപം തേവരുപാറയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്ന് പി.സി. എത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. പ്രസംഗം തുടങ്ങിയപാടെ കൂക്കു വിളിയും പരിഹാസവുമുയർന്നു. പ്രതിഷേധിച്ചവർക്കുള്ള മറുപടി അപ്പോൾ തന്നെ നൽകി ജോർജ്ജും തിരിച്ചടിച്ചു.

കാലങ്ങളായി ജോർജിന്റെ വോട്ടുബാങ്കായ മുസ്ലിം സമുദായം ഇക്കുറി അകൽച്ചയിലായതോടെയാണ് ഈരാറ്റുപേട്ടയിൽ പലയിടങ്ങളിലും ജോർജിനെതിരെ പ്രതിഷേധം ഉയർന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ കൂടുതൽ പ്രശ്നങ്ങളുണ്ടാവാതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലയിലാണ് തൽക്കാലം പേട്ട കേന്ദ്രീകരിച്ചുള്ള പ്രചാരണ പരിപാടികൾ നിർത്തിവയ്ക്കാനുള്ള പി.സി.യുടെ തീരുമാനം. അതേസമയം പൂഞ്ഞാർ മണ്ഡലത്തിലെ മറ്റിടങ്ങളിൽ വാഹനപ്രചാരണവും സമ്മേളനങ്ങളും നടത്തുന്നുണ്ട്.