ഉപഭോക്താക്കൾ കാത്തിരിക്കുന്ന നോക്കിയ 8 ന്റെ സവിശേഷതകൾ പുറത്ത്. കാൾ സീസ് ലെൻസോടെയുള്ള ഇരട്ടക്യാമറയുമായാണ് നോക്കിയ 8 ന്റെ വരവ്. ജൂലൈ 31ന് ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങാനിരിക്കെയാണ് പുതിയ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. നോക്കിയാ നിർമ്മാതാക്കളായ എച്ച്എംഡി ഗ്ലോബൽ കാൾ സീസുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച ശേഷം ആദ്യം പുറത്തുവരുന്ന സ്മാർട്ട് ഫോണാണിത്. ഇവാൻ ബ്ലാസ് എന്നയാൾ ടിപ്സ്റ്ററിൽ പോസ്റ്റ് ചെയ്ത ഒരു പ്രസ് റെൻഡറിൽ നോക്കിയ 8ന്റെ മുൻ വശവും പുറക് വശവും കാണാം. നീല നിറത്തിലുള്ള ഈ വേരിയന്റിനു മെറ്റൽ ബോഡിയാണ് ഉള്ളത്. ലംബമായാണ് ഡ്യുവൽ ക്യാമറ പുറകുവശത്ത് ക്രമീകരിച്ചിരിക്കുന്നത്. ലെൻസുകൾ കാൾ സീസിന്റെതാണ്. ഇപ്പോൾ പുറത്തു വന്ന വിവരങ്ങളിൽ ഡ്യുവൽ ക്യാമറ മോഡ്യൂളിൽ ലെൻസുകൾ വേർതിരിച്ചാണ് നൽകിയിരിക്കുന്നത്. താഴെയാണ് എൽഇഡി ഫ്‌ലാഷ്. ഒക്ടോബർ ആദ്യ വാരം ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമാകുന്ന ഫോണിന്റെ വില ഏകദേശം നാൽപ്പത്തയ്യായിരം രുപയാകുമെന്നാണ് കണക്ക്കൂട്ടൽ.

ആൻഡ്രോയ്ഡ് 7.1 നൗഗട്ടിൽ പ്രവർത്തിക്കുന്ന നോക്കിയ 8ന് 5.3 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേയാകും ഉണ്ടാവുക. സ്‌നാപ്ഡ്രാഗൺ 835 പ്രോസസർ ആകും ഫോണിന് കരുത്ത് പകരുക എന്ന് കരുതുന്നു. 4 ജിബി റാമോടും 64 ജിബി ഇന്റേണൽ സ്റ്റോറേജോടും കൂടിയുള്ള വേരിയന്റ് ആകും നോക്കിയ 8 ആദ്യം അവതരിപ്പിക്കുക. മുൻവശത്ത് ഹോം ബട്ടൻ കീയും നാവിഗേഷന് വശങ്ങളിൽ ഹാർഡ്വെയർ ക്യാപ്റ്റീവ് കീകളും നൽകിയിട്ടുണ്ട്. വലത് വശത്തായി വോള്യം, പവർ കീകൾ സ്ഥിതിചെയ്യുന്നു. മുകളിലെ അരുകിൽ 3.5 എം.എം. ഓഡിയോ ജാക്കും കാണാം. നീല, സ്റ്റീൽ, ഗോൾഡ്/ബ്ലൂ, ഗോൾഡ്/കോപ്പർ എന്നിങ്ങനെ നാല് നിറങ്ങളിൽ നോക്കിയ 8 ലഭ്യമാകും.

24 മെഗാപിക്‌സലിന്റെ പിൻകാമറയും 12 മെഗാപിക്‌സലിന്റെ മുൻ കാമറയുമാണ് ഫോണിനായി നോക്കിയ നൽകിയിരിക്കുന്നത്. നോക്കിയ 8ന്റെ 4 ജിബി റാമോട് കൂടിയ മറ്റൊരു വേരിയന്റും കമ്പനി പുറത്തിറക്കുന്നുണ്ട്. ക്വാൽകം സ്‌നാപ് ഡ്രാഗൺ പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 6 ജിബി റാമും 64 ജി.ബി റോമും ഫോണിനുണ്ടാവും. സ്‌റ്റോറേജ് എസ്.ഡി കാർഡ് ഉപയോഗിച്ച് 128 ജി.ബി വർധിപ്പിക്കാം. കാമറയാണ് നോക്കിയ 8ന്റെ മുഖ്യ സവിശേഷത.

നോക്കിയയുടെ ആൻഡ്രോയിഡ് ഫോൺ 6 കമ്പനി പുറത്തിറക്കിയിരുന്നു. മികച്ച പ്രതികരണമാണ് ഫോണിന് വിപണിയിൽ നിന്ന് ലഭിക്കുന്നത്. ഫോണിന്റെ ബുക്കിങ് ഇപ്പോൾ തന്നെ 2,50,000 കടന്നു കഴിഞ്ഞു.