കൊച്ചി: കോടതി ശാസനകൾ സർക്കാരിന് കൊണ്ടു. ഹൈക്കോടതിയിൽ നിന്നുള്ള നിരന്തര വിമർശനങ്ങൾക്ക് ഫലമുണ്ടാകുന്നു. നോക്കുകൂലി ശിക്ഷാർഹമാക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി, 1978 ലെ കേരള ചുമട്ടുതൊഴിലാളി നിയമം സർക്കാർ ഭേദഗതി ചെയ്യുന്നു. ലേബർ സെക്രട്ടറി, ലേബർ കമ്മിഷണർ എന്നിവരെ ഇതിനായി ചുമതലപ്പെടുത്തി. നോക്കുകൂലി വാങ്ങുന്നതു തെറ്റാണെന്നു തൊഴിലാളി സംഘടനകൾ ആവർത്തിക്കുന്നുണ്ടെങ്കിലും, ഇതു തങ്ങളുടെ അവകാശമാണെന്നു ധരിച്ചവരാണ് ഏറെയും. കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയിൽ ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചത് അവസാനത്തെ സംഭവം. ഇതെല്ലാം കണക്കിലെടുത്താണ് നീക്കം.

78ൽ നിയമം ഉണ്ടാക്കുമ്പോൾ നോക്കുകൂലി വിവാദം ഉണ്ടായിരുന്നില്ല. അന്ന് ടിപ്പറുകൾ ഇല്ല. ക്രെയിൻ ഉൾപ്പെടെയുള്ള പല യന്ത്രങ്ങളും ഇല്ല. കയറ്റിറക്കിന് ഇതെല്ലാം എത്തിയതോടെയാണ് നോക്കു കൂലിയിൽ വിവാദവും തുടങ്ങിയത്. നോക്കുകൂലി ആവശ്യപ്പെട്ടതിന്റെ ഭാഗമായുള്ള കൈയേറ്റമോ ഭീഷണിയോ, അധിക്ഷേപമോ ഉൾപ്പെടുത്തി ക്രമിനൽ കേസെടുക്കാനേ ഇപ്പോൾ പൊലീസിനു കഴിയൂ. ഇത്തരം കേസുകൾ കോടതിയിൽ എത്തുമ്പോൾ തൊഴിലാളിയുടെ റജിസ്‌ട്രേഷൻ റദ്ദാക്കാൻ പറയാനേ കോടതിക്കും കഴിയൂ. നോക്കുകൂലി വാങ്ങുന്നവർക്കു ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം കയറ്റിറക്കുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കൂടുതൽ വ്യക്തതയും വരുത്താനാണ് ഇനി നിയമ ഭേദഗതി.

നോക്കുകൂലി 2018ൽ സംസ്ഥാനത്തു നിരോധിച്ചെങ്കിലും ഇതു തടയുന്നതിനു നിയമത്തിൽ വ്യവസ്ഥയില്ലെന്നത് വലിയ പോരായ്മയായിരുന്നു. ഈ സാഹചര്യത്തിലാണു കാലഹരണപ്പെട്ട വ്യവസ്ഥകൾ നീക്കാനും പുതിയവ ഉൾപ്പെടുത്താനും തീരുമാനം. നിയമം വരും മുൻപുതന്നെ, നോക്കുകൂലി തടയാൻ സർക്കാർ ആപ് പുറത്തിറക്കും. നോക്കുകൂലി തർക്കം ഉണ്ടായാൽ ആപ്പിലൂടെ പരാതിപ്പെടാം. അപ്പോൾത്തന്നെ ലേബർ ഓഫിസർ ഇടപെട്ടു പരിഹാരമുണ്ടാക്കും. യുഡിഎഫ് സർക്കാരിന്റെ കാലത്തു തയാറാക്കിയ വർക്കല കഹാർ കമ്മിറ്റി റിപ്പോർട്ടും നിയമ പരിഷ്‌കരണത്തിൽ പരിശോധിക്കും.

1978ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാനത്തു കയറ്റിറക്കു ജോലികൾ ക്രമീകരിച്ചിരിക്കുന്നത്. 82ൽ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് നിലവിൽ വന്നു. ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന തൊഴിലാളികളാണു കയറ്റിറക്കു തൊഴിലാളികൾ. ക്ഷേമ ബോർഡിനു കീഴിൽ വരാത്തവരും കയറ്റിറക്കു ജോലികൾ ചെയ്യുന്നുണ്ട്. പരാതികൾക്കിടയാക്കിയ പല സംഭവങ്ങളും ഈ വിഭാഗത്തിൽപ്പെടുന്നവരിൽ നിന്നാണ്. ഇതെല്ലാം കണക്കിലെടുത്താകും നിയമ ഭേദഗതി.

തെക്കുംകര മലാക്കയിൽ വീടുപണിക്കു ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ നോക്കുകൂലി കുറഞ്ഞതിനെച്ചൊല്ലിയുള്ള തർക്കത്തിൽ ഗൃഹനാഥന്റെ കൈ തല്ലി ഒടിച്ച സംഭവത്തിൽ സിഐടിയു തൊഴിലാളികളായ 8 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൃഹനാഥൻ കദളിക്കാട്ടിൽ പ്രകാശന്റെ (53) കൈ തല്ലിയൊടിക്കുകയും ഭാര്യയെയും ബന്ധുവിനെയും ലോറി ഡ്രൈവറെയും തൊഴിലാളിയെയും ആക്രമിക്കുകയും ചെയ്‌തെന്നാണു കേസ്. മലാക്ക യൂണിയനിലെ ജയകുമാർ, ജോർജ്, തമ്പി, വിഷ്ണു, രാജേഷ്, രാജീവൻ, സുകുമാരൻ, രാധാകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്.

തങ്ങളെ ആക്രമിച്ച സംഘത്തിൽ 11 സിഐടിയു തൊഴിലാളികൾ ഉണ്ടായിരുന്നുവെന്ന് പ്രകാശനും മറ്റും മൊഴി നൽകിയിരുന്നു. 10 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും 8 പേരുടെ അറസ്റ്റാണു വൈകിട്ടോടെ രേഖപ്പെടുത്തിയത്. ചുമട്ടു തൊഴിലാളികളുടെ പരാതിയിൽ പ്രകാശൻ ഉൾപ്പെടെ 7 പേരെ പ്രതിചേർത്ത് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രകാശനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഭാര്യ പ്രസീത (44), ഭാര്യാസഹോദരൻ പ്രശാന്ത് (42), തൊഴിലാളി ജോജു (41) എന്നിവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പ്രകാശന്റെ വീട്ടിൽ ഇറക്കാനായി കൊണ്ടുവന്ന ഗ്രാനൈറ്റ് തർക്കത്തെ തുടർന്ന് ഇറക്കാനായിരുന്നില്ല. ഇതു മാടക്കത്തറയിലെ മറ്റൊരു വീട്ടിൽ ഇറക്കാനുള്ള ലോഡിനൊപ്പം അവിടെ ഇറക്കിയാണു ലോറി മടങ്ങിയത്.

തൊഴിൽ നിയമങ്ങളുടെ ലംഘനമാണു മലാക്കയിൽ നടന്നതെന്ന് തൊഴിൽ വകുപ്പിന്റെ റിപ്പോർട്ട്. ഉടമ ആവശ്യപ്പെടാതെ നിർമ്മാണ സാമഗ്രികൾ ഇറക്കുന്നതിനോ കയറ്റുന്നതിനോ ചുമട്ടു തൊഴിലാളികൾക്ക് അവകാശമില്ല. തൊഴിലാളികളുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായതായി അസിസ്റ്റന്റ് ലേബർ ഓഫിസർ വി.കെ. റഫീക്കാണ് റിപ്പോർട്ട് നൽകിയത്. പത്ര വാർത്തയെ തുടർന്നു ഡപ്യൂട്ടി ലേബർ കമ്മിഷണർ റിപ്പോർട്ട് തേടുകയായിരുന്നു.