കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിയതിനെതിരെ സ്ഥാനാർത്ഥികൾ സമർപ്പിച്ച ഹർജി തള്ളണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയാൽ കോടതിക്ക് ഇടപെടാനാകില്ല. ഇക്കാര്യത്തിൽ സുപ്രീംകോടതി തീർപ്പുകൽപ്പിച്ചതാണെന്നും വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കമ്മീഷൻ കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറഞ്ഞു.

വരണാധികാരി യാന്ത്രികമായി പ്രവർത്തിക്കുന്നുവെന്നും തീരുമാനം വിവേചനപരമെന്നും ഹർജിക്കാർ ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ രണ്ടുമണ്ഡലങ്ങളിൽ സാങ്കേതിക പിഴവ് പരിഹരിക്കുന്നതിന് വരണാധികാരികൾ സമയം അനുവദിച്ചിരുന്നു. ഇതുചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരുടെ വാദം.

പിറവത്തും മലപ്പുറത്തെ ഒരു മണ്ഡലത്തിലുമാണ് ഇപ്രകാരം സമയം അനുവദിച്ചത്. പിറവത്തെ വരണാധികാരി ഇക്കാര്യത്തിൽ സമയം അനുവദിച്ചുകൊണ്ട് ഇറക്കിയ നടപടിക്രമത്തിന്റെ പകർപ്പും ഹർജിക്കാർ കോടതിയിൽ ഹാജരാക്കി.

സാങ്കേതിക പിഴവുകൾ മാത്രമാണ് ഉണ്ടായിരുന്നത്. നാമനിർദേശ പത്രികയിൽ യാതൊരു തരത്തിലുമുള്ള പിഴവ് ഉണ്ടായിരുന്നില്ല. ചിഹ്നം അനുവദിക്കുന്ന ഘട്ടത്തിലാണ് സംസ്ഥാന അധ്യക്ഷന്റെ ഒപ്പ് അടങ്ങിയ ഫോമിന് പ്രസക്തിയുള്ളത്. അത് നാമനിർദേശ പത്രികയുടെ ഭാഗമല്ല. അതുകൊണ്ടുതന്നെ വരണാധികാരിയുടെ പ്രവർത്തനം പ്രഥമദൃഷ്ട്യാ തന്നെ തെറ്റാണ്.

തിരഞ്ഞെടുപ്പ് ഹർജിയിലേക്ക് പോകാതെ തന്നെ ഹൈക്കോടതി ഇടപെട്ട് സ്ഥാനാർത്ഥികൾക്ക് മത്സരിക്കാനുള്ള അവസരം അനുവദിക്കണമെന്നാണ് സ്ഥാനാർത്ഥികൾ കോടതിയിൽ ആവശ്യപ്പെട്ടത്. ഭരണഘടനാപരമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തിന്മേലുള്ള ലംഘനമായി വരണാധികാരിയുടെ നടപടി മാറുന്നു എന്ന നിലപാടാണ് ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകർ സ്വീകരിച്ചത്.

എന്നാൽ സുപ്രീംകോടതിയുടെ മുൻ ഉത്തരവ് പ്രകാരം വരണാധികാരിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പിഴവുകൾ ഉൾപ്പടെ ചോദ്യം ചെയ്യേണ്ടത് തിരഞ്ഞെടുപ്പ് ഹർജിയിലൂടെയാണ്. തിരഞ്ഞെടുപ്പ് ഹർജിയിലൂടെ നടപടികൾ ചോദ്യം ചെയ്യണമെങ്കിൽ തിരഞ്ഞെടുപ്പ് പൂർത്തീകരിച്ച് ഫലപ്രഖ്യാപനം വന്ന ശേഷം മാത്രമേ അത് സാധ്യമാകൂ. തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ വരണാധികാരിയുടെ തീരുമാനം അന്തിമമാണ്. അതിൽ കോടതിക്ക് ഇടപെട്ട് നിർദ്ദേശം നൽകാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ ബോധിപ്പിക്കുകയായിരുന്നു.