ലണ്ടൻ: ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങിൽ രാജകുടുംബാംഗങ്ങൾ പങ്കെടുക്കുക സാധാരണ വസ്ത്രം ധരിച്ചായിരിക്കും. നേരത്തേ നിശ്ചയിച്ചതിൽ നിന്നും മലക്കം മറിഞ്ഞുള്ള ഈ അവസാന നിമിഷ തീരുമാനത്തിന് രാജ്ഞി അംഗീകാരം നൽകി. കുടുംബത്തിന്റെ ഐക്യവും ഒരുമയും പ്രദർശിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് സൈനിക യൂണിഫോമുകൾ ധരിക്കണ്ട എന്ന് തീരുമാനിച്ചത്. ചുമതലകളിൽ നിന്നൊഴിഞ്ഞുപോയ ഹാരിയിൽ നിന്നും സൈനിക പദവികൾ തിരിച്ചെടുത്തതോടെ ഹാരിക്ക് യൂണിഫോം ഉപയോഗിക്കാൻ കഴിയില്ല. ഇതാണ് അവസാന നിമിഷം ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുന്നതിന് കാരണമായതെന്നാണ് അനുമാനിക്കപ്പെടുന്നത്. ഇല്ലായിരുന്നെങ്കിൽ, സൈനിക യൂണിഫോമില്ലാതെ ചടങ്ങിൽ പങ്കെടുക്കുന്ന, രാജകുടുംബത്തിലെ ഒരേയൊരു മുതിർന്ന അംഗം ഹാരിയാകുമായിരുന്നു.

ഹാരി, തന്റെ വിവാഹദിനത്തിൽ ധരിച്ചിരുന്ന ബ്ലൂസ് ആൻഡ് റോയൽസ് യൂണിഫോം ധരിക്കണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. കുതിരസൈന്യത്തിന്റെ മുൻ ക്യാപ്റ്റൻ എന്ന നിലയിൽ പക്ഷെ ഹാരിക്ക് സ്യുട്ട് ധരിക്കാൻ മാത്രമാണ് അനുവാദമുള്ളത്. അതോടൊപ്പം, ജോലിയുടെ ഭാഗമായി ലഭിച്ച മെഡലുകൾ ഉണ്ടെങ്കീൽ അതും ധരിക്കാം. എന്നാൽ ചാൾസ് രാജകുമാരൻ, വില്യം രാജകുമാരൻ, ആന്നി രാജകുമാരി തുടങ്ങിയവർക്ക് പൂർണ്ണ സൈനിക യൂണിഫോം ധരിക്കാം.

നേവിയിൽ വൈസ് അഡ്‌മിറൽ എന്ന പദവിയുള്ള ആൻഡ്രൂ രാജകുമാരൻ തനിക്ക് അഡ്‌മിറലിന്റെ യൂണിഫോം ധരിക്കണമെന്ന ആവശ്യം ഉന്നയിച്ചതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി. ആൻഡ്രുവിന് അതിനുള്ള അനുമതി നിഷേധിക്കുകയാണെങ്കിൽ ആൻഡ്രുവും ഹാരിയും മാത്രമായിരിക്കും ചടങ്ങിൽ യൂണിഫോമില്ലാതെ പങ്കെടുക്കുക എന്നതുകൊട്ടാരവൃത്തങ്ങൾക്ക് ആശങ്കയുളവാക്കുന്ന കാര്യമായി. പ്രത്യേകിച്ച്, കുടുംബകലഹങ്ങൾ അങ്ങാടിപ്പാട്ടായ കാലത്ത് ഇത് കൂടുതൽ ഗോസിപ്പുകൾക്ക് ഇടയാക്കിയേക്കാം എന്നവർ സംശയിച്ചു.

ആത്യന്തികമായി കുടുംബത്തിന്റെ ഐക്യം കാംക്ഷിക്കുന്ന രാജ്ഞിയാണ് അവസാനം ആരും സൈനിക യൂണിഫോം ധരിക്കെണ്ടെന്ന തീരുമാനം എടുത്തത്. ഏതായാലും ഈ തീരുമാനം ഹാരിയെ ഒരു ഒറ്റപ്പെടലിൽ നിന്നും രക്ഷിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. ഹാരിയും സഹോദരൻ വില്യമുമായുള്ള തർക്കങ്ങൾ പറഞ്ഞു തീർക്കാനും കുടുംബാംഗങ്ങൾ ഒത്തൊരുമിച്ച് പരിശ്രമിക്കും എന്നാണ് അറിയാൻ കഴിയുന്നത്.

അതേസമയം 21 വർഷം നേവിയിൽ സേവനമനുഷ്ഠിച്ച ആൻഡ്രു രാജകുമാരൻ അദ്ദേഹത്തിന്റെ 50-മത് വയസ്സിൽ റിയർ അഡിമിറലും പിന്നീട് 55-മത് വയസ്സിൽ വൈസ് അഡ്‌മിറലുമായി. 60 വയസ്സു തികയുമ്പോൾ അഡ്‌മിറൽ ആകേണ്ട അദ്ദേഹത്തിന്റെ പ്രമോഷൻ സ്വന്തം ആവശ്യപ്രകാരം തന്നെ തടഞ്ഞുവച്ചിരിക്കുകയാണ്. ബാലപീഡനകേസിലെ പ്രതിയുമായുള്ള ബന്ധത്തിന്റെ പേരിൽ നിരവധി ആരോപണങ്ങൾക്ക് വിധേയനായ ആൻഡ്രൂ, താൻ കളങ്കിതനല്ലെന്ന് തെളിയിക്കപ്പെടുംവരെ സ്ഥാനക്കയറ്റം വേണ്ടെന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, പിതാവിന്റെ ശവസംസ്‌കാര ചടങ്ങിൽ അഡ്‌മിറലിന്റെ യൂണിഫോം ധരിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഇതായിരുന്നു സംസ്‌കാര ചടങ്ങിൽ കുടുംബാംഗങ്ങൾ ധരിക്കേണ്ട വസ്ത്രം ഒരു ചർച്ചാവിഷയമാകുവാൻ മറ്റൊരു കാരണം. ഏതായാലും ഉചിതമായ തീരുമാനമാണേ രാജ്ഞി എടുത്തതെന്നാണ് കൊട്ടാരം കുടുംബാംഗങ്ങളും അഭ്യൂദയകാംക്ഷികളും പറയുന്നത്.