തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുമ്പോൾ വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കാൻ വേണ്ടിയുള്ള നടപടി ക്രമങ്ങളുമായി ഗതാഗത വകുപ്പു മുന്നോട്ട്. ഇതിനായി മാർഗരേഖയും തയ്യാറാക്കി. ഡ്രൈവർമാരും ബസ് അറ്റൻഡർമാരും രണ്ട് ഡോസ് വാക്സിൻ എടുത്തവർ ആകണമെന്നാണ് ഗതാഗത വകുപ്പു നിർദേശിച്ച പ്രധാന കാര്യം. അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്. പനിയോ ചുമയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള വിദ്യാർത്ഥികൾക്ക് യാത്ര അനുവദിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.

സ്‌കൂൾ വാഹനങ്ങളിൽ തെർമൽ സ്‌കാനറും സാനിറ്റൈസറും ഉണ്ടാവണം. എല്ലാ വിദ്യാർത്ഥികളും ഹാൻഡ് സാനിറ്റൈസർ കരുതണമെന്നും ഒരു സീറ്റിൽ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയിൽ ക്രമീകരിക്കണമെന്നുമാണ് നിർദ്ദേശം. ഇരുന്നുള്ള യാത്രകൾ അല്ലാതെ നിന്നു കൊണ്ടുള്ള യാത്രകൾ ഒരു കരാണവശാലും അനുവദിക്കില്ല. എല്ലാ കുട്ടികളും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് പരസ്പരമുള്ള സ്പർശനം ഒഴിവാക്കണമെന്നും നിഷ്‌കർഷിക്കുന്നു.

വാഹനത്തിൽ എസിയും തുണി കൊണ്ടുള്ള സീറ്റ് കവറും കർട്ടനും പാടില്ല. ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുവാൻ സ്‌കൂൾ അധികൃതർ കുട്ടികളെ പ്രേരിപ്പിക്കണമെന്നും ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോൾ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങൾ കഴുകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂൾ ട്രിപ്പിനായി മറ്റ് കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത്തരം വാഹനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുന്നതായി ബന്ധപ്പെട്ട സ്‌കൂൾ അധികൃതർ ഉറപ്പുവരുത്തണമെന്നുമാണ് നിർദ്ദേശം.

ഒക്ടോബർ 20-ന് മുമ്പ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂർത്തിയാക്കും. ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി ട്രയൽ റണ്ണിനു ശേഷം മാത്രമേ വിദ്യാർത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും. സർട്ടിഫിക്കറ്റ് വാഹനത്തിൽ സൂക്ഷിക്കുകയും വേണം.

സർക്കാർ നിശ്ചയിച്ചിട്ടുള്ള കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ അനുസരിച്ച് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ 'സ്റ്റുഡന്റ്സ് ട്രാൻസ്പോർട്ടേഷൻ പ്രോട്ടോക്കോൾ' തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ലീന എം-ന് നൽകി പ്രകാശനം ചെയ്തു. എല്ലാ സ്‌കൂൾ അധികൃതരും ഇതിലെ നിർദേശങ്ങൾ അച്ചടിച്ച് രക്ഷകർത്താക്കൾക്കും ബന്ധപ്പെട്ട എല്ലാവർക്കും വിതരണം ചെയ്യേണ്ടതാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

അതേസമയം വിദ്യാലയങ്ങൾക്ക് സമീപമുള്ള അശാസ്ത്രീയമായ പാർക്കിങ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വിദ്യാലയങ്ങൾക്ക് മുന്നിൽ കൂട്ടംകൂടാൻ ആരെയും അനുവദിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്.

കുറേ നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന സ്‌കൂൾ വാഹനങ്ങളുടെ അറ്റകുറ്റപണികൾ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസ് സ്റ്റേഷൻ തലത്തിൽ സംവിധാനം ഒരുക്കും. സ്‌കൂളുകളുമായി ബന്ധപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഇക്കാര്യം ഉറപ്പ് വരുത്തും. സ്‌കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ, ആയമാർ എന്നിവർക്ക് സ്റ്റഷൻ ഹൗസ് ഓഫീസർമാർ പ്രത്യേക പരിശീലനം നൽകും. കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട കോവിഡ് സുരക്ഷാ നടപടികൾ സംബന്ധിച്ചായിരിക്കും പരിശീലനം നൽകുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.