തിരുവനന്തപുരം: പ്രണയം നടിച്ച് നിർബന്ധിത മത പരിവർത്തനം നടക്കുന്നനത് ആശങ്ക ജനകമെന്ന് എൻഎസ്എസ്. ഇത്തരം പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നൽകുന്നത് ശരിയല്ല. രാജ്യദ്രോഹപരമായ നടപടി സ്വീകരിക്കുന്നവരെ കണ്ടെത്തി അമർച്ച ചെയ്യേണ്ട ബാധ്യത കേന്ദ്ര -സംസ്ഥാന സർക്കാറുകൾക്കുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ വ്യക്തമാക്കി.

പ്രണയം നടിച്ചുള്ള നിർബന്ധിത മതപരിവർത്തനത്തിൽ വശംവദരാകാതിരിക്കാൻ സമുദായസംഘടനകൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. മതവിദ്വേഷത്തിനെതിരെ ജാതിമതഭേദമന്യെ എല്ലാവരും ഒന്നിക്കണമെന്നും എൻഎസ്എസ് പ്രസ്താവനയിലാവശ്യപ്പെട്ടു. മതവിദ്വേഷവും വിഭാഗീയതയും വളർത്തി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന ഇത്തരം പ്രവണതകളെ തൂത്തെറിയാൻ ജാതിമതഭേദമെന്വെ കൂട്ടായി പരിശ്രമിക്കമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു.

'സ്നേഹമെന്ന വജ്രായുധമുപയോഗിച്ചും മറ്റു പ്രലോഭനങ്ങൾ ഉപയോഗിച്ചും പെൺകുട്ടികളെ വലയിൽ വീഴ്‌ത്തി നിർബന്ധിത മതപരിവർത്തനം ചെയ്യുന്ന ഭീകരവാദപ്രവർത്തനം നാട്ടിൽ പലയിടത്തും നടന്നുവരുന്നു എന്നത് ഏറെ ആശങ്കാജനകമാണ്. മനുഷ്യരാശിക്കുതന്നെ സഹിക്കാനും പൊറുക്കാനും വയ്യാത്ത, രാജ്യദ്രോഹപരമായ ഇത്തരം പ്രവർത്തനം നടത്തുന്നവരെ കണ്ടുപിടിച്ച് അവരെ അമർച്ച ചെയ്യേണ്ട ബാധ്യതയും കടമയും കേന്ദ്ര സംസ്ഥാനസർക്കാരുകൾക്കുണ്ട്.' എൻഎസ്എസ് വ്യക്തമാക്കി.

നേരത്തെ നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം രംഗത്തുവന്നിരുന്നു. വ്യാജ ഐഡിയുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലുടെ വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യത്തിലും സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. വിരോധവും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങളെ ചെറുക്കണം. ഇതിനായി സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണം. രണ്ട് വിഭാഗങ്ങളെയും തമ്മിലടിപ്പാക്കാനുള്ള ശ്രമം തടയണം. അതിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും വിഡി സതീശൻ വ്യക്തമാക്കി.

ഒരു വിഭാഗത്തിന് പരാതി ഉണ്ടെങ്കിൽ സർക്കാർ അന്വേഷിക്കണം. രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമത്തിന് പിന്നിൽ സംഘ പരിവാർ അജണ്ടയെന്ന് സംശയിക്കുന്നുവെന്നും സതീശൻ ആവർത്തിച്ചു. മനപ്പൂർവം വിദ്വേഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷമായി മാറ്റി, കേരളത്തിൽ അത് വളർത്താനിടയാക്കരുതെന്നും സതീശൻ ആവർത്തിച്ചു. സിപിഎമ്മിന് ഈ വിഷയത്തിൽ നിഗൂഡ ലക്ഷ്യമുണ്ടോയെന്ന് സംശയിക്കുന്നു. ആ രീതിയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണങ്ങളെന്ന് കുറ്റപ്പെടുത്തിയ സതീശൻ, വിഷയത്തിൽ കോൺഗ്രസ് കക്ഷി ചേരുന്നില്ലെന്നും ഇരുകൂട്ടരോടും സംയമനം പാലിക്കാനാണ് ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കി.