കൊച്ചി: മുൻ മിസ് കേരളയും റണ്ണറപ്പും സുഹൃത്തും വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയി ജോസഫ് വയലാട്ട് ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകും. ഇന്നലെ വൈകിട്ട് എസിപി ഓഫിസിലെത്തിയ റോയി ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടിസ് കൈപ്പറ്റി. ഇന്നു രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനാണു നിർദ്ദേശം. മറുനാടൻ റോയിയെ കുറിച്ച് വിശദ വാർത്ത നൽകിയിരുന്നു. റോയിയുടെ ബന്ധുബലവും വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് പൊലീസിന് മുമ്പിൽ റോയി എത്തുന്നത്.

മദ്യരാജാവായ സിസി വിൽഫ്രണ്ടിന്റെ മരുമകനാണ് റോയി. ഫോർട്ട് കൊച്ചി പൊലീസ് സ്‌റ്റേഷന് തൊട്ടടുത്തായിരുന്നു റോയിയുടെ ഹോട്ടൽ. ഉന്ന പൊലീസുകാരെല്ലാം ഇവിടെ അതിഥികളായി എത്തുമായിരുന്നു. ഐഎഎസ് ഐപിഎസ് ബന്ധുബലവും ഉണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് റോയിയെ ചോദ്യം ചെയ്യാൻ വൈകി. ഏറെ ദുരൂഹമായ അപകടത്തിൽ ഇപ്പോഴും കൊലപാതക സാധ്യതകൾ ഉണ്ട്. എന്നാൽ ഇതൊന്നും അന്വേഷിക്കാൻ പൊലീസ് ഇപ്പോഴും താൽപ്പര്യം കാട്ടുന്നില്ല. സാധാരണ അപകടമാക്കാനാണ് നീക്കം.

ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ ഉടമ നിർദ്ദേശം നൽകിയെന്നു ജീവനക്കാർ മൊഴി നൽകിയതിനെ തുടർന്നാണു ചോദ്യം ചെയ്യലിനു ഹാജരാകാൻ റോയിക്ക് നോട്ടിസ് നൽകിയത്. ഡിജെ പാർട്ടി നടന്ന ഹാളിലെയും പാർക്കിങ് ഏരിയയിലെയും സിസിടിവി ദൃശ്യങ്ങളടങ്ങിയ റെക്കോർഡർ ഇന്നു കൈമാറാനും പൊലീസ് നിർദ്ദേശം നൽകി. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഡ്രൈവർ, തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. താൻ ഓടിച്ച വാഹനത്തെ ഒരു ഔഡി കാർ പിന്തുടർന്നു എന്ന മൊഴി ഇയാൾ ആവർത്തിച്ചു. ഇടപ്പള്ളി സ്വദേശിയുടേതാണ് ഈ കാർ എന്നു പൊലീസ് കണ്ടെത്തി.

കേസിൽ പൊലീസ് ഒത്തുകളിക്കുകയാണ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഫോർട്ട് കൊച്ചി സ്റ്റേഷനിൽ നിന്നു 50 മീറ്റർ മാത്രമാണു നമ്പർ 18 ഹോട്ടലിലേക്കുള്ള ദൂരം. സംഭവം നടന്ന് 9 ദിവസത്തിനു ശേഷം മാത്രം റെയ്ഡിന് എത്തിയതും ആക്ഷേപകാരണമായി. മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും അപകടത്തിൽ മരിച്ച രാത്രിയിൽ ഇവർ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലിലുണ്ടായിരുന്ന 'വിഐപി'യെ കുറിച്ചു ലഭിച്ച രഹസ്യ വിവരം സ്ഥിരീകരിക്കാൻ കഴിയാതെ പൊലീസ് ആശയക്കുഴപ്പത്തിലാണ്.

അപകടം നടന്ന നവംബർ ഒന്നിനു രാത്രി അൻസി, അഞ്ജന, സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവർ സഞ്ചരിച്ചിരുന്ന കാർ അമിത വേഗത്തിൽ ഓടിച്ച ഡ്രൈവർ അബ്ദുൽ റഹ്മാന്റെ നാട്ടുകാരനാണ് 'വിഐപി'. ഇയാൾ നമ്പർ 18 ഹോട്ടലിലുണ്ടായിരുന്നതെന്ന രഹസ്യവിവരമാണു പൊലീസിനു ലഭിച്ചത്. ഇക്കാര്യത്തിലും റോയിയിൽ നിന്നും മൊഴി എടുക്കും. ഇദ്ദേഹം ഒരു രാഷ്ട്രീയ നേതാവാണെന്നും അല്ല സിനിമാനടനാണെന്നുമുള്ള അഭ്യൂഹം ശക്തമാവുന്നതിനിടയിലാണു ഹോട്ടലിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ അപ്രത്യക്ഷമായത്. സംഭവദിവസം രാത്രി ഹോട്ടലിൽനിന്നു കാറിൽ അമിതവേഗത്തിൽ പാഞ്ഞുപോകാനിടയാക്കിയ സംഭവത്തെ കുറിച്ചു ഹോട്ടൽ ഉടമയ്ക്കു വ്യക്തമായ അറിവുണ്ടെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം.

ബിസിനസ് കാര്യങ്ങളിൽ ഹോട്ടലുടമയ്ക്കു വലിയ സഹായങ്ങൾ ചെയ്തിരുന്ന 'വിഐപിക്കു' വേണ്ടി സ്ഥിരമായി ഒഴിച്ചിട്ടിരുന്ന ഒരു മുറിയും നമ്പർ 18 ഹോട്ടലിലുണ്ട്. ഈ മുറിയുടെ വാതിൽ, പാർക്കിങ് ഏരിയ, ഡിജെ പാർട്ടി ഹാൾ എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾതന്നെ അപ്രത്യക്ഷമായതോടെയാണു അന്നവിടെയുണ്ടായിരുന്നവരെ കുറിച്ചുള്ള സംശയം ബലപ്പെട്ടത്. കൊല്ലപ്പെട്ട യുവതികളെ സംഭവ ദിവസം രാത്രി ഹോട്ടലുടമ വിഐപിക്കു പരിചയപ്പെടുത്തിയതായുള്ള സാക്ഷിമൊഴിക്ക് ഈ കേസിൽ ഏറെ പ്രാധാന്യമുണ്ട്.