കൊട്ടിയം: കോവിഡ് കാലത്തും ഒരു ജീവൻ രക്ഷിക്കാൻ പരിശ്രമിച്ച നഴ്‌സുമാരെ അഭിനന്ദിച്ചു സോഷ്യൽ മീഡിയ. ഒരാൾ കൺമുന്നിൽ കുഴഞ്ഞ് വീണപ്പോൾ കോവിഡ് ജാഗ്രതയേക്കാൾ ജീവന്റെ വിലയെ കുറിച്ച് ചിന്തിച്ചാണ് നഴ്‌സുമാർ സഹായിക്കാൻ എത്തിയത്. കാട്ടിയം ഹോളി ക്രോസ് ആശുപത്രിയിലെ കാർഡിയാക് ഐസിയു വിഭാഗത്തിലെ നഴ്സ് തങ്കശ്ശേരി സ്വദേശിനി മേരി താലിയയും നെഫ്രോ വിഭാഗത്തിലെ നഴ്സ് ഇരവിപുരം സ്വദേശിനി അനു റെനോൾഡും ആണ് ബസിൽ കുഴഞ്ഞുവീണ തിരുവനന്തപപുരം സ്വദേശിയായ തോമസിന്റെ ജീവൻ രക്ഷിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ് കൊട്ടിയം തങ്കശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ആതിര എന്ന ബസിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പഴയാറ്റിൻകുഴിയിൽ എത്തിയപ്പോഴാണ് യാത്രക്കാരനായ തോമസ് ബസിൽ കുഴഞ്ഞ് വീണത്. ഉടൻ തന്നെ താലിയയും അനുവും ചേർന്ന് അദ്ദേഹത്തിനു പ്രാഥമിക ശുശ്രൂഷയായ സിപിആർ നൽകി.

ബസ് ജീവനക്കാർ അതേ ബസിൽ തോമസിനെയും കൊണ്ടു ജില്ലാ ആശുപത്രിയിലേക്കു പാഞ്ഞു. ഹൃദയമിടിപ്പു സാവധാനമാകുമ്പോഴെല്ലാം നഴ്സുമാർ സിപിആർ നൽകുന്നതു തുടർന്നു. ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകിയതോടെ അദ്ദേഹം കണ്ണുകൾ തുറന്നു. പിന്നീടു വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.