കോഴിക്കോട്: പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നാണെല്ലോ ചൊല്ല്. മാധ്യമം ദിനപ്പത്രം പൂട്ടിക്കാനായി മുൻ മന്ത്രി കെ ടി ജലീൽ കത്തെഴുതി എന്ന വിവാദം തുടരുന്നതിനിടെയുണ്ടായ വെളിപ്പെടുത്തലുകൾ ഈ പഴമൊഴിയാണ് ഓർമ്മ വരുന്നത്. കാന്തപുരം എ പി വിഭാഗത്തിന്റെ പത്രമായ സിറാജിന്റെ ഖത്തർ എഡിഷൻ പൂട്ടിച്ചതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ ആയിരുന്നെന്നും, താൻ മാധ്യമത്തിൽ ഉണ്ടായിരുന്ന സമയത്ത്, മറ്റൊരു ഒരു പത്രത്തിന്റെ ഖത്തറിലെ വിതരണം, അത് മാധ്യമത്തിന്റെ പ്രവർത്തനങ്ങൾക്ക് വിഘാതമാവുമെന്ന് കണ്ട് തടസ്സപ്പെടുത്താൻ സഹകരിച്ചിട്ടുണ്ടെന്നുമുള്ള, മാധ്യമത്തിന്റെ മൂൻ അസോസിയേറ്റ് എഡിറ്ററും എഴുത്തുകാരനുമായ ഒ അബ്ദുള്ളയുടെ വാക്കുകളാണ് വൻ വിവാദം ആയത്.

മാധ്യമം പൂട്ടിക്കണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും, പക്ഷേ ഇങ്ങനെയൊക്കെ ചെയ്ത മാധ്യമം ജലീലിനെതിരെ ഉറഞ്ഞ് തുള്ളുന്നത് എന്തിനാണെന്നും, ഒ അബ്ദുല്ല ചോദിക്കുന്നു. മാധ്യമം ദിനപ്പത്രത്തെ ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീൽ യുഎഇ ഭരണകൂടത്തിന് കത്തയച്ചുവെന്ന് വെളിപ്പെടുത്തിയത് സ്വപ്ന സുരേഷ് ആണ്. കോവിഡ് കാലത്ത് ഗൾഫിൽ മരിച്ച പ്രവാസികളുടെ പടം മൊത്തം ഒന്നാം പേജിൽവെച്ച് മാധ്യമം ഒരു വാർത്ത ചെയ്തിരുന്നു. ഇത് യുഎഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു കത്തിലെ ജലീലിന്റെ ആക്ഷേപം. എന്നാൽ ഇതേപരിപാടി മറ്റ് പത്രങ്ങൾക്കെതിരെ മാധ്യമവും ചെയ്തിട്ടുണ്ടെന്നാണ് ഒ അബ്ുദുല്ല പറയുന്നത്. 14 വർഷം മാധ്യമത്തിൽ അസോസിയേറ്റ് എഡിറ്റർ ആയിരുന്ന തന്നെ മാധ്യമം അകാരണമായി പുറത്താക്കുകയായിരുന്നെന്നാണ് ഒ അബ്ദുല്ല പറയുന്നത്.

'മാധ്യമം മറ്റുപത്രങ്ങൾക്ക് പാര '

തന്റെ യൂട്യുബ് ചാനലിൽ നടത്തുന്ന പ്രതികരണത്തിലൂടെയാണ് ഒ അബ്ദുല്ല, മാധ്യമം പത്രം ഗൾഫിലെ എതിരാളികൾക്കെതിരെ നടത്തിയ കുതന്ത്രങ്ങൾക്കെതിരെ തുറന്നടിക്കുന്നത്.

അബ്ദുല്ലയുടെ വാക്കുകളുടെ പ്രസ്‌കത ഭാഗങ്ങൾ ഇങ്ങനെയാണ്.- ''കെ ടി ജലീൽ എന്റെ ശിഷ്യൻ ആയിരുന്നുവെന്നും, ചെറുപ്പത്തിൽ അദ്ദേഹത്തെ പഠിപ്പിച്ചിരുന്നു വെന്ന് പറയുന്നതിലും എനിക്ക് അഭിമാനമുണ്ട്. സ്വപ്നയെകുറിച്ച് വെളിപ്പെടുത്തലുകൾ ഉണ്ടായതിനുശേഷവും അദ്ദേഹത്തോടുള്ള സ്നേഹത്തിന് മാറ്റം വന്നിട്ടില്ല. കാരണം, ഇഡി അടക്കമുള്ളവർ അരിച്ചുപെറുക്കിയിട്ടും ഒരു തരി പൊന്ന് ആ മനുഷ്യന്റെ വീട്ടിൽ നിന്നോ, പരിസരത്തുനിന്നോ കിട്ടിയില്ല. ജലീൽ സ്വർണ്ണക്കടത്ത് വീരനാണെന്നും, ഖുആർ മറയാക്കി സ്വർണം കടത്തിയൊന്നൊക്കെ ആരോപണം വന്നിരുന്നു. പക്ഷേ അന്വേഷണത്തിൽ ഒന്നും കിട്ടിയിട്ടില്ല. രണ്ടുപെൺകുട്ടിയുടെ പിതാവായി അദ്ദേഹം മഹറായി കൊടുത്തത് പോലും ഖുർആന്റെ കോപ്പികളാണ്. അവിഹിതമായ ഒരു ഉറുപ്പിക പോലും അദ്ദേഹം സമ്പാദിച്ചിട്ടില്ല. ഇക്കാലത്ത് എംഎൽഎആയും മന്ത്രിയായും പ്രവർത്തിച്ച ആർക്കാണ് ഇങ്ങനെ ജീവിക്കാൻ കഴിയുക. സ്വപ്ന സുരേഷിന് ഒരു പുതിയ ആരോപണവും ഉന്നയിക്കാൻ കഴിഞ്ഞിട്ടില്ല.

പക്ഷേ കെ ടി ജലീൽ മാധ്യമം നിരോധിക്കാൻ അദ്ദേഹം പറയുന്നത് നിയന്ത്രിക്കാനാണ്, കത്തെഴുതി എന്നതിനോട് എനിക്ക് യോജിപ്പില്ല. 14 വർഷക്കാലം മാധ്യമത്തിനുവേണ്ടി ആഹോരാത്രം പണിയെടുത്തവനാണ് ഞാൻ. മാധ്യമത്തിനുവേണ്ടി രാത്രിയുടെ അന്ത്യയാമങ്ങളിലും പ്രവർത്തിച്ചു. വെറും ഒരു എഡിറ്റർ മാത്രമായിരുന്നില്ല ഞാൻ. ഓരോ നിലക്കും ഇതിനെ എങ്ങനെ ലാഭമാക്കാം എന്നതായിരുന്നു ചിന്ത. എന്നിട്ടും അവർ എന്നെ അകാരണമായി പുറത്താക്കി. മാധ്യമവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും എന്നെ പങ്കെടുപ്പിക്കാറില്ല. കഴിഞ്ഞ കുറേക്കാലമായി ഒരുതരം ഊരുവിലക്കാണ് എനിക്കുനേരെ ഉണ്ടായിട്ടുള്ളത്. ജലീലിന് പത്രത്തോട് അമർഷം തോന്നുന്നതിന്് ആയിരം ഇരട്ടി ദേഷ്യം എനിക്ക് മാധ്യമത്തോടുള്ളത്. പക്ഷേ എനിക്ക് അത് അടച്ചുപൂട്ടണം എന്ന് എനിക്ക് തോനുന്നില്ല. അത് ഒരുപാടുപേരുടെ കണ്ണീരും വിയർപ്പും കൊണ്ട് കെട്ടിപ്പെടുത്തതാണ്.

മാധ്യമം പത്രം ജലീലിനെ വല്ലാതെ വേട്ടയാടി. വേട്ടയാടിയതിന്റെ നിരവധി ഉദാഹരങ്ങൾ അദ്ദേഹം പറയുന്നുണ്ട്. അപ്പോൾ എന്റെ മാതിരി പറഞ്ഞ് തീർക്കുന്നതിന് പകരം അതിന് ഒരു പണികൊടുക്കണം എന്ന് ഒരു കലിപ്പ് തോന്നി. അദ്ദേഹം ബന്ധപ്പെട്ടവർക്ക് കത്തയച്ചു. രാഷ്ട്രീയമായ ഒരു പ്ലാറ്റ്ഫോമിൽനിന്ന് നോക്കുമ്പോൾ അത്തരം നടപടികൾ സർവസാധാരണമാണ്. പത്രങ്ങൾപോലും അങ്ങനെ പല പണിയും ചെയ്യുന്നുണ്ട്.

സിറാജ് പത്രം, അത് ഖത്തറിൽ നിരോധിക്കപ്പെട്ടു. എന്താണ് സിറാജ് പത്രം ചെയ്ത തെറ്റ്. സിറാജ് പത്രം ഖത്തർ ഗവൺമെന്റിനോ അതിന്റെ പരിസരത്തുള്ള ഭരണകൂടങ്ങൾക്കോ എതിരെ വല്ലതും ചെയ്തിട്ടാണോ. അത് തങ്ങളുടെ താൽപ്പര്യത്തിന് എതിരാണ് എന്ന് കണ്ടതുകൊണ്ട് ഖത്തറിൽ ജമാഅത്തുകാർ, അവർക്കുള്ള സ്വാധീനം ഉപയോഗിച്ച് സിറാജ് പത്രം മുടക്കുകയാണ് ചെയ്തത്. ഞാൻ മാധ്യമത്തിൽ ഉണ്ടായിരുന്ന സമയത്ത്, കേരളത്തിലെ ഏറ്റവു ഉത്തരവാദിത്തപ്പെട്ട ഒരു പത്രത്തിന്റെ ഗൾഫിലെ വിതരണവും, ഖത്തറിൽ നടക്കാൻ പാടില്ല എന്നും, അത് മാധ്യമത്തിന്റെ താൽപ്പര്യത്തിന്, തടസ്സമാണ് എന്ന് കരുതി അത് നിരോധിക്കാൻ ഞാൻ സഹകരിച്ചിട്ടുണ്ട്. എനിക്ക് തുറന്നുപറയാൻ ഒരു മടിയുമില്ല. അപ്പോൾ ഇതൊക്കെ ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ, മറ്റുപത്രങ്ങളെ തടസ്സപ്പെടുത്തുകയും, ആ സ്പേസ് സ്വന്തം കുത്തകയാക്കി നിർത്തുകയൊക്കെ ചെയ്യാൻ പാടുള്ളതാണെങ്കിൽ, ഇത്തരത്തിലുള്ള ഒരു നടപടി ജലീലിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഇത്ര വലിയ എന്തോ ഒന്നാണ് എന്ന രീതിയിൽ, ബന്ധപ്പെട്ടവർ കാണരുത്. നമ്മുടെ ഇടയിലെ ഒരു പയ്യനെ എങ്ങനെ സമുദായത്തിന് ഉപകാരപ്രദമായ രീതിയിൽ, ഉപയോഗിക്കാൻ കഴിയും എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. ''- ഒ അബ്ദുല്ല ചൂണ്ടിക്കാട്ടുന്നു.