തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ഉറപ്പുപറയുന്ന ഒരേയൊരു സീറ്റ് നേമമാണ്. ഇവിടെ ഇക്കുറി ശക്തരായ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫും എൽഡിഎഫും. അതുകൊണ്ട് തന്നെ സീറ്റ് നിലനിർത്താൻ ബിജെപിക്ക് സാധിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സിറ്റിങ് എംഎൽഎ ഒ രാജഗോപാലും ഇതേ അഭിപ്രായം ഉന്നയിക്കുന്നുണ്ട്. തനിക്ക് കിട്ടിയ വോട്ടുകൾ കുമ്മനത്തിന് കിട്ടിക്കൊള്ളണം എന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

മത്സരിക്കാൻ താനില്ലെന്ന് പറയുന്ന രാജഗോപാൽ പ്രായം ഒരു പ്രധാനപ്പെട്ട ഘടകമാണെന്നും ചൂണ്ടിക്കാട്ടുന്നു. എനിക്ക് 92 വയസായി. ഈ പ്രായത്തിൽ ഇറങ്ങി നടക്കാൻ കഴിയുന്നതിന് ഒരു പരിധിയുണ്ട്. അതുകൊണ്ട് മറ്റാരെയെങ്കിലും നോക്കുകയാണ് നല്ലതെന്ന് പാർട്ടിയോട് പറയുന്നുണ്ട്. തന്റെ ബുദ്ധിമുട്ട് പാർട്ടി മനസിലാക്കുമെന്നാണ് വിശ്വാസമെന്നും ഒ രാജഗോപാൽ പറഞ്ഞു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ കേന്ദ്രമന്ത്രിയുടെ പ്രതികരണം. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നേമത്ത് യോജിച്ച പിൻഗാമിയാണോ എന്ന ചോദ്യത്തിന് രാജഗോപാലിന്റെ മറുപടി ഇങ്ങനെ.

'കുമ്മനത്തിന്റെ കാര്യത്തിലാണ് പ്രതീക്ഷ പലർക്കുമുള്ളത്. അത് കണ്ടറിയണം. ഞങ്ങൾ രണ്ടുപേരും ഒരു പോലെ അല്ല. ഞാൻ എല്ലാവർക്കും സ്വീകാര്യനായ ഒരു സ്ഥാനാർത്ഥിയാണ് എന്നാണ് പൊതുവിൽ പറയുന്നത്. കുമ്മനം മികച്ച സാമൂഹിക പ്രവർത്തകനാണ്. ആധ്യാത്മിക, സാമൂഹിക രംഗങ്ങളിൽ കൂടുതൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നയാളാണ്. ആ മേഖലയിൽ അദ്ദേഹത്തിനുള്ള സ്വീകാര്യതയും വളരെ വലുതാണ്. പക്ഷെ, എല്ലാം കൂടി ചേരുമ്പോൾ എത്രത്തോളം മതിയാകും എന്നത് ഇനി അറിയാനുള്ളതാണ്.'

പൗരത്വബിൽ, കർഷക സമരം തുടങ്ങിയ വിഷയങ്ങളിൽ നിയമസഭയിൽ വെച്ച് സമവായത്തിനാണ് താൻ പ്രധാന്യം കൊടുത്തതെന്നും രാജഗോപാൽ പറഞ്ഞു. ഒരു സമവായം ഉണ്ടാകാൻ സാധ്യമാണെങ്കിൽ അതാണ് നല്ലത്. പക്ഷെ, അങ്ങനെ ഒരു സന്ധിയും പാടില്ലെന്ന് വിചാരിക്കുന്ന തീവ്ര നിലപാടുകാർ ഞങ്ങളുടെ കൂടെയുമുണ്ട്. എല്ലാ പാർട്ടിയിലും അത്തരക്കാരുണ്ടാകുമെന്നും രാജഗോപാല് കൂട്ടിച്ചേർത്തു.

ജനാധിപത്യം പരസ്പരം വിട്ടുവീഴ്ച ചെയ്യാനുള്ള വേദിയാണെന്നും അതുകൊണ്ടാണ് താൻ കേരളത്തിലെ യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും അകാരണമായി എതിർക്കാത്തതെന്നും കുമ്മനം പറഞ്ഞു. പാർട്ടിയെക്കുറിച്ച് മാത്രം ചിന്തിക്കുന്നവർക്ക് അത് ഉൾക്കൊള്ളാൻ പ്രയാസമാകുമെന്നും അത്തരക്കാർ അത് തന്നോട് പറയാറുണ്ട്. അത് മാനിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വളരുന്ന പാർട്ടി എന്ന പ്രതിച്ഛായയാണ് ബിജെപിക്കുള്ളത്. അതിനാൽ വാതിലുകൾ തുറന്നിടുകയാണ് വേണ്ടത്. അത് സഹപ്രവർത്തകരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.