കോഴിക്കോട്: കേരളത്തിൽ താമര വിരിയിച്ച നേതാവ്. നിയമസഭയിലെത്തിയ ആദ്യ ബിജെപിക്കാരൻ. പ്രായം 92 പിന്നിട്ടു. ഇനി ഒരുഅങ്കത്തിന് ബാല്യമില്ല എന്ന് സ്വയം വിലയിരുത്തി നേമത്ത് നിന്ന് പിന്മാറിയ രാഷ്ട്രീയക്കാരൻ. പ്രതിപക്ഷത്താണെങ്കിലും എന്തിനെയും കണ്ണടച്ച് വിമർശിക്കുക എന്നത് ശീലമില്ലാത്തയാൾ. തെറ്റ് ചെയ്യുന്നതിനെ ശക്തമായി വിമർശിക്കും. പിണറായി വിജയന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുമ്പോൾ നല്ലതും ചീത്തയുമുണ്ടാകും. നല്ലതിനെ അംഗീകരിക്കുന്നു. മോശമായതിനെ എതിർക്കുന്നു. ഇതല്ലേ ശാസ്ത്രീയ വീക്ഷണം എന്നു ചോദിക്കും ഒ.രാജഗോപാൽ. ബിജെപിയിലെ വ്യത്യസ്തനായ ഈ നേതാവ് ഏറ്റവുമൊടുവിൽ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ നാളായി കേൾക്കുന്ന ഒരു ആരോപണം ശരിവച്ചിരിക്കുകയാണ്. ഒരുപക്ഷേ ഇത് നേരേ ചൊവ്വേ തുറന്നുപറയുന്ന ആദ്യത്തെ നേതാവ്. കേരളത്തിൽ മുമ്പ് ബിജെപി വോട്ടുമറിച്ചിട്ടുണ്ടാകാമെന്നും ഇപ്പോൾ അങ്ങനെയില്ലെന്നും അദ്ദേഹം പറയുന്നു. ഏതായാലും ജയിക്കാൻ പോണില്ല. എന്നാ പിന്നെ എന്തിനാ വോട്ടുകളയണെ. കമ്യൂണിസ്റ്റുകാരെ തോൽപിക്കണം എന്ന് പറഞ്ഞു വോട്ടുചെയ്യുന്ന ഒരു കാലഘട്ടമുണ്ടായിരുന്നുവെന്നാണ് ഒ.രാജഗോപാൽ പറഞ്ഞത്. അതുപഴയ കാലം. ഇപ്പോൾ ബിജെപി വളർന്നുവെന്നും രാജഗോപാൽ പറയുന്നു. കോ-ലീ-ബി സഖ്യം ഉണ്ടായിട്ടുണ്ട് എന്നാണ് അദ്ദേഹം ഒരു ചാനൽ അഭിമുഖത്തിൽ തുറന്നടിച്ചത്.

നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു കോ-ലീ-ബി സഖ്യമെന്നും ഇത് ബിജെപിക്ക് നേട്ടമായെന്നും രാജഗോപാൽ പറഞ്ഞു. വടക്കൻ കേരളത്തിലായിരുന്നു സഖ്യം കൂടുതൽ. 'പ്രാദേശിക തലത്തിലായിരുന്നു ധാരണ. നേതൃത്വത്തിന്റെ അറിവോടെയാണ് ഈ ധാരണ ഉണ്ടായിരുന്നത്. ഈ സഖ്യം ബിജെപിക്ക് നേട്ടം ചെയ്തിട്ടുണ്ട്. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബിജെപിയുടെ വോട്ടുകൾ കൂടാൻ ഇത് കാരണമായി. പ്രായോഗിക രാഷ്ട്രീയത്തിൽ അഡ്ജസ്റ്റ്‌മെന്റ് വേണ്ടി വരും. അഡ്ജസ്റ്റ്‌മെന്റ് നേതൃതലത്തിൽ അറിഞ്ഞാൽ മതി. ജനങ്ങളോട് പറയേണ്ട കാര്യമില്ല', രാജഗോപാൽ പറയുന്നു.

ആർ.ബാലശങ്കറിന്റെ ആരോപണം അസംബന്ധം

എൽഡിഎഫുമായി വോട്ടുകച്ചവടം നടത്തിയെന്ന ബാലശങ്കറിന്റെ ആരോപണം തെറ്റെന്ന് രാജഗോപാൽ പറയുന്നു. സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ബാലശങ്കർ ആരോ പറയുന്നത് ഏറ്റുപറയുകയാണെന്നാണ് രാജഗോപാൽ പറയുന്നത്.. ജയിക്കാൻ വേണ്ടി മത്സരിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും രാജഗോപാൽ പറഞ്ഞു.

ബാലശങ്കറിനെ നേരത്തെ തന്നെ അറിയാം. വ്യക്തിപരമായി അടുത്ത ബന്ധമുള്ള ആളാണ്. ബിജെപിക്ക് ആരുമായും കൂട്ടുകെട്ടില്ല. ഒരു കാലഘട്ടത്തിൽ ഏതായാലും ജയിക്കാൻ പോകുന്നില്ല അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാരെ തോൽപ്പിക്കണം എന്ന് കരുതുകയും അതിനനുസരിച്ച് ചിലയിടങ്ങളിലെങ്കിലും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അതൊന്നും ഇപ്പോഴില്ല. ബിജെപി ജയിക്കാനാണ് മത്സരിക്കുന്നതെന്നും ഒ രാജഗോപാൽ ആവർത്തിച്ചു.

താൻ ജയിച്ച നേമം മണ്ഡലത്തിൽ കെ മുരളീധരൻ ശക്തനായ സ്ഥാനാർത്ഥി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കരുണാകരന്റെ പാരമ്പര്യമുള്ള മുരളീധരന് ജനങ്ങളുടെ അംഗീകാരമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപി പ്രവർത്തന ശൈലി മാറ്റണം

അധികാരത്തിലിരിക്കുന്ന പാർട്ടിയെന്ന നിലയിൽ ബിജെപിയുടെ പ്രവർത്തന ശൈല മാറ്റണമെന്ന് ഒ രാജഗോപാൽ പറഞ്ഞു. കേന്ദ്രത്തിൽ അധികാരത്തിലിക്കുന്ന പാർട്ടി എന്ന നിലയിൽ പ്രവർത്തന ശൈലിയിൽ മാറ്റം അനിവാര്യമാണ്. വെറുതെ കുറ്റം പറയുകയും ആരോപണങ്ങൾ ഉന്നയിക്കുകയും മാത്രം ചെയ്താൽ പോര. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനുള്ള ചുമതല കൂടി ബിജെപിക്കുണ്ട്. അതിന് അനുസരിച്ചുള്ള പ്രവർത്തനമാണ് ബിജെപി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നും ഒ രാജഗോപാൽ കോഴിക്കോട് പറഞ്ഞു.