ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡണ്ട് ബാരക്ക് ഒബാമയുടെ അറുപതാം പിറന്നാൾ ആഘോഷങ്ങൾ മൂന്നാം ദിവസത്തേക്കും കടന്നു. മാർത്താസ് വൈൻയാർഡിലെ ഒരു സമുദ്രതീര റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചുകൊണ്ടാണ് ജന്മദിനാഘോഷങ്ങളുടെ മൂന്നാം ദിവസം ആരംഭിച്ചത്. വൈകിയ നേരത്ത് പ്രാതലും ഉച്ചഭക്ഷണവും ചേർത്ത് ബ്രഞ്ച് കഴിച്ചാണ് ഒബാമയുടെ ഞായറാഴ്‌ച്ച ആരംഭിച്ചത്. നീല നൻ ഷർട്ടു ധരിച്ച് സൺഗ്ലാസ്സ് ധരിച്ചെത്തിയ ഒബാമ തന്റെ അതിഥികൾക്കൊപ്പം പ്രത്യേകമൊരുക്കിയ വേദിയിലായിരുന്നു ഭക്ഷണം കഴിച്ചത്.

ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച 60 വയസ്സു തികഞ്ഞ ഒബാമ, വെള്ളിയാഴ്‌ച്ച അതിഥികൾക്കായി ഒരു പ്രാദേശിക റെസ്റ്റോറന്റിൽമദ്യ സത്ക്കാരം ഒരുക്കിയിരുന്നു. പിന്നീട് ശനിയാഴ്‌ച്ച തന്റെ 12 മില്ല്യൺ വിലയുള്ള ബംഗ്ലാവിൽ വലിയൊരു വിരുന്നും സംഘടിപ്പിച്ചിരുന്നു. ശനിയാഴ്‌ച്ച രാത്രിയിൽ വീട്ടിൽ നടന്ന ആഘോഷങ്ങളിൽ ഒബാമ നൃത്തച്ചുവടുകൾ വയ്ക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഗായകനും ഗാന രചയിതാവുമായ എറിഖ ബാഡുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

തന്റെ ബാൻഡ് അംഗങ്ങളുമായി ഗാനമാലപിച്ചിരുന്ന ബാൻഡു തന്നെയായിരുന്നു ഒബാമയെ നൃത്തവേദിയിലെക്ക് ക്ഷണിച്ചു വരുത്തിയത്. ഇന്ത്യയിൽ നിന്നെത്തിയ ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം കനക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾ റദ്ദു ചെയ്തു എന്ന് ഒബാമ പറഞ്ഞിരിന്നെങ്കിലും ഈ വീഡിയോയിൽ നൃത്തവേദിക്ക് മുന്നിൽ വൻ ആൾക്കൂട്ടത്തെ തന്നെ കാണാൻ കഴിയും. 300 നും 400 നും ഇടയിൽ ആളുകൾ ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നതായാണ് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ പറയുന്നത്.

ഒബാമയുടെ വസതിയിൽ ഒരുക്കിയ ഒരു താത്ക്കാലിക പന്തലിലായിരുന്നു ആഘോഷങ്ങൾ നടന്നത്. സൂര്യാസ്തമനത്തോടെ ആരംഭിച്ച പരിപാടികൾ അർദ്ധരാത്രി കഴിഞ്ഞും നീണ്ടുനിന്നു. രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ആഘോഷമായി പാർട്ടി നടത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി റിപ്പബ്ലിക്കൻ പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. അവർ പറയുന്ന കാര്യങ്ങളിൽ അവർക്ക് തന്നെ വിശ്വാസമില്ല എന്നും, പറയുന്നതല്ല പ്രവർത്തിക്കുന്നതെന്നുമാണ് റിപ്പബ്ലിക്കൻ നേതാവ് റിയാൻ ജെയിംസ് പ്രതികരിച്ചത്.

പല വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തിരുന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്. രന്റു ഘട്ടമായാണ് പാർട്ടിയിൽ പങ്കെടുക്കുവാനുള്ള അതിഥികളെ തീരുമാനിച്ചത്. ആദ്യം തയ്യാറാക്കിയ ലിസ്റ്റിൽ ഉണ്ടായിരുന്നവർക്കെല്ലാം ക്ഷണക്കത്ത് അയച്ചെങ്കിലും, രണ്ടാമത് സൂക്ഷ പരിശോധന നടത്തി ക്ഷണം സ്ഥിരീകരിച്ചവർക്ക് മാത്രമായിരുന്നു വേദിയിലേക്ക് പ്രവേശനം അനുവദിക്കപ്പെട്ടിരുന്നത്. ഇത്തരത്തിൽ ആദ്യം ക്ഷണം ലഭിച്ച രണ്ടുപേർ തന്റെ കാറിൽ എത്തിയെങ്കിലും, അവരുടെ ക്ഷണം സൂക്ഷ്മ പരിശോധനയിൽ സ്ഥിരീകരിക്കപ്പെടാതിരുന്നത് കാരണം അവർക്ക് തിരിച്ചുപോലേണ്ടി വന്നതായി ഒരു ഊബർ ഡ്രൈവർ പറഞ്ഞു.