കണ്ണൂർ: സമസ്ത കേന്ദ്ര വൈസ് പ്രസിഡന്റ് സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റുമായ പി.കെ.പി അബ്ദുസ്സലാം മുസ്ലിയാർ (85) അന്തരിച്ചു. നിലവിൽ സമസ്ത കണ്ണൂർ ജില്ലാ പ്രസിഡന്റാണ്. പ്രമുഖ പണ്ഡിതനും പ്രഗത്ഭ മുദരിസ്സുമായിരുന്ന ചെറുകുന്ന് തെക്കുമ്പാട് സി. കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെയും പാപ്പിനിശ്ശേരി പൂവ്വംകുളം നഫീസയുടെയും മകനായി 1935 ജൂലൈ ഒന്നിനായിരുന്നു ജനനം. ചെറുകുന്ന് തെക്കുമ്പാട് ഓത്തുപള്ളിയിൽ വച്ചാണ് പ്രാഥമിക മതപഠനവും സ്‌കൂൾ പഠനവും നേടിയത്. പിതാവിന്റെ നേതൃത്വത്തിൽ തെക്കുമ്പാട്ടെ ദർസ് പഠനത്തിനും ചേർന്നിരുന്നു.

മാടായി ബി.എം.എച്ച്.ഇ സ്‌കൂളിൽനിന്ന് എലിമെന്ററി പാസായ ശേഷം, ഇ.കെ. അബൂബക്കർ മുസ്‌ലിയാർ പ്രിൻസിപ്പലായിരിക്കെ 15ാം വയസ്സിൽ തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്‌ലാം അറബിക് കോളജിൽ ചേർന്നു. ഇവിടെനിന്ന് ഉറുദു ഭാഷയും സ്വായത്തമാക്കി. 1994 ജനുവരി എട്ടിന് സമസ്ത വിദ്യഭ്യാസ ബോർഡ് നിർവാഹക സമിതി അംഗമായ അബ്ദുസ്സലാം മുസ്‌ലിയാർ മെയ്‌ 18ന് സമസ്ത കേന്ദ്രമുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2009 മുതൽ 2013 വരെ വിദ്യാഭ്യാസ ബോർഡിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.

ഭാര്യമാർ: കുഞ്ഞാമിന (വട്ടപ്പൊയിൽ), പരേതയായ എ.കെ. നഫീസ. മക്കൾ: ഹന്നത്ത്, റഹ്മത്ത്, എ.കെ. അബ്ദുൽബാഖി (സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി, ജാമിഅ അസ്അദിയ്യ വർക്കിങ് സെക്രട്ടറി, പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്‌കൂൾ മാനേജർ), ജുവൈരിയ, ഖലീൽറഹ്മാൻ (ദുബൈ), പരേതനായ ഹബീബുല്ല.

മരുമക്കൾ: ഇ.ടി. അബ്ദുസ്സലാം (ദുബൈ), അബ്ദുസ്സലാം (കുവൈത്ത്), സനീന, പി.ടി.പി ഷഫീഖ്, ഫർഹാന (തളിപ്പറമ്പ്). സഹോദരങ്ങൾ: ശാഹുൽ ഹമീദ് ഹാജി, അബ്ദുല്ലക്കുഞ്ഞി.