കണ്ണൂർ: കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത പരിഹരിക്കാനും വീട് നിർമ്മാണം പൂർത്തീകരിക്കാനും ഇസ്രയേലിലേക്ക് പോയ യുവാവിന്റെ ദാരുണാന്ത്യം നാടിനെ ദുഃഖത്തിലാഴ്‌ത്തി. അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും അടങ്ങിയ കുടുംബത്തിന് അത്താണിയാകാനായിരുന്നു ആലക്കോട്-വെള്ളാട് സ്വദേശി നിവിൽ (27) ഇസ്രയേലിലേക്ക് ജോലി തേടി പോയത്.

നാട്ടിൽ ജെ.സി.ബി. ഓപ്പറേറ്ററായി ജോലി ചെയ്തു വരവേ ഇസ്രയേലിലെ ഹൈഫയിൽ ഹോം നഴ്സായി പോയതായിരുന്നു നിവിൽ. ഒരു വർഷത്തോളമായി അവിടെ ജോലി ചെയ്യുന്നു. യാത്ര ചെലവിനത്തിനുള്ള കടം വീട്ടി വീട് നിർമ്മാണം പൂർത്തീകരിക്കാനുള്ള സ്വപ്നവുമായിട്ടായിരുന്നു നിവിൽ കഴിഞ്ഞത്. അതിനിടെയാണ് പുതുവർഷാഘോഷം കടന്നു വന്നത്. ആഘോഷത്തിന്റെ ഭാഗമായി ഇസ്രയേലിലെ 'ബാർബിറ്റോ' എന്ന പ്രത്യേക ഭക്ഷണം ഉണ്ടാക്കാൻ കൂടുകാരുമൊത്ത് തീരുമാനിക്കുകയായിരുന്നു.

ബാർബിറ്റോ കഴിച്ച് കിടന്നുറങ്ങാൻ നേരം കൊടും തണുപ്പിനെ മാറ്റാൻ താമസിക്കുന്ന മുറിയിൽ കനൽ കൊണ്ടു വന്നിട്ടു. മുറിയുടെ വാതിൽ അടച്ചതിനാൽ കനലും തണുപ്പും ചേർന്ന വിഷവാതകം ശ്വസിച്ചാണ് കൂട്ടുകാരനായ സാഗറും നിവിലും അവശ നിലയിലായെന്നാണ് വിവരം. ഉച്ച വരെ ഇരുവരേയും കാണാത്തതിനെ തുടർന്ന് മുറിയുടെ ഉടമയായ പാലാ സ്വദേശിയായ ജിമ്മി ഇവരെ അന്വേഷിച്ചെത്തിയപ്പോഴാണ് അവശ നിലയിൽ കഴിയുന്നത് കണ്ടത്. ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും നിവിൽ മരണമടയുകയായിരുന്നു. കോലഞ്ചേരി സ്വദേശിയായ സാഗർ ഇപ്പോഴും അബോധാവസ്ഥയിലാണെന്നാണ് വിവരം. ഇസ്രയേൽ പൊലീസ് അന്വേഷണം അന്തിമഘട്ടതിലാണ്. മരണത്തിന് പിന്നിൽ ദുരൂഹതയില്ലെന്നാണ് അറിയുന്നത്.

ഇസ്രയേൽ പൊലീസിന്റെ നടപടികൾ ഇന്നത്തോടെ കഴിയുമെന്നാണ് സൂചന. മുറിയുടെ ഉടമ ജിമ്മിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ നിവിലിന് ജോലിയില്ലെന്നും വിസ കാലാവധിയിൽ മറ്റൊരു ജോലി ശരിയാക്കാനുള്ള ശ്രമത്തിലാണെന്നുമാണ് അറിയുന്നത്. കർഷകനായ കാരാൻ കുന്നേൽ തങ്കച്ചന്റേയും സൂസമ്മയുടേയും മകനാണ് മരിച്ച നിവിൽ. പൊലീസ് നടപടികൾ ഇന്ന് പൂർത്തിയായാൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. വിനിൽ, നീതു എന്നിവരാണ് മരിച്ച നിവിലിന്റെ സഹോദരങ്ങൾ.