ഭുവനേശ്വർ: ഒഡീഷയിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. ലോക് സേവ ഭവനിൽ നടന്ന ചടങ്ങിൽ ബി.ജെ.ഡി എംഎ‍ൽഎമാരായ ജഗനാഥ് സരക്കാര, നിരജ്ഞൻ പൂജാരി, ആർ.പി സ്വയ്ൻ എന്നിവരുൾപ്പെടെ 21 എംഎ‍ൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ ഗവർണർ ഗണേശിലാൽ സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞ ചെയ്തവരിൽ 13പേർക്ക് കാബിനറ്റ് പദവിയും എട്ട് പേർക്ക് സ്വതന്ത്ര ചുമതലയും നൽകി. പുതിയ മന്ത്രിസഭയിൽ മൂന്നുപേർ സ്ത്രീകളാണ്.

നവീൻ പട്‌നായകിന്റെ നേതൃത്വത്തിലുള്ള ബി.ജെ.ഡി സർക്കാറിലെ 20 മന്ത്രിമാരും മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി രാജിവെച്ചതിനു പിന്നാലെയാണ് പുതിയ മന്ത്രിസഭ അധികാരത്തിലേറിയത്. ഒഡീഷയുടെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് എല്ലാ മന്ത്രിമാരോടും രാജിവെക്കാൻ ആവശ്യപ്പെടുന്നത്.

2024ലെ നിയമസഭാ, പാർലമെന്റ് തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് യുവാക്കൾക്കും മുതിർന്ന നേതാക്കൾക്കും മുൻഗണന നൽകി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.