ഭുവനേശ്വർ: ഒഡീഷയിൽ നവംബർ 10 മുതൽ 30 വരെ പടക്ക വിൽപനയ്ക്കും ഉപയോഗത്തിനും നിരോധനം. കോവിഡ് പശ്ചാത്തലത്തിൽ വായൂമലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നിരോധനം. ​​ദീപാവലിക്കാലത്ത് പടക്കം പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും സർക്കാർ പുതിയ തീരുമാനത്തിലൂടെ ലക്ഷ്യം വെക്കുന്നു.

പടക്കം പൊട്ടിക്കുമ്പോൾ നൈട്രസ് ഓക്‌സൈഡ്, സൾഫർ ഡയോക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് പോലുള്ള ഹാനീകരമായ കെമിക്കലുകൾ പുറന്തള്ളപ്പെടും. ഇത് കോവിഡ് രോഗികളുടെയും വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരുടെയും ആരോഗ്യത്തിന് ദോഷം ചെയ്യും. അതുകൊണ്ടുതന്നെ നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനും പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ദീപാവലി മൺവിളക്കുകളും തിരിയും തെളിച്ച് ആഘോഷിക്കണമെന്ന് ഒഡീഷ സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു.