മുംബൈ: സുരക്ഷാ നടപടികൾ പാലിക്കാതെ മുംബൈ വിമാനത്താവളത്തിൽ പ്രവേശിക്കാൻ ഒരുങ്ങിയ ബോളിവുഡ് നടൻ സൽമാൻ ഖാനെ തടഞ്ഞ് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ. സിഐഎസ്എഫ് എഎസ്െഎ സോംനാഥ് മൊഹന്തിയാണ് താരത്തെ തടഞ്ഞത്. താരത്തെ തടഞ്ഞതിന് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലും മുഖം നോക്കാതെ കൃത്യനിർവഹണം നടത്തിയതിന് എസ ഐക്ക് പാരതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് സിഐഎസ്എഫ്.

ടൈഗർ ത്രീ സിനിമയുടെ ചിത്രീകരണത്തിനായി റഷ്യയിൽ പോകാൻ മുംബൈ വിമാനത്താവളത്തിലെത്തിയതായിരുന്നു സൽമാൻ ഖാനും നടി കത്രീന കൈഫും. വിമാനത്താവളത്തിനകത്തേയ്ക്കു പ്രവേശിക്കുന്നതിനു മുൻപു തിരിച്ചറിയൽ രേഖകൾ പരിശോധിക്കാനും മറ്റു സുരക്ഷാ നടപടികൾക്കും സൽമാൻ വിധേയനായില്ല. ഫോട്ടോകൾക്ക് പോസ് ചെയ്യാൻ മാസ്‌ക് നീക്കുകയും ചെയ്തു. നേരെ അകത്തേയ്ക്ക് പ്രവേശിക്കാനൊരുങ്ങിയ താരത്തെ സെക്യൂരിറ്റി ചെക്ക് പോയിന്റിൽ സിഐഎസ്എഫ് എഎസ്െഎ സോംനാഥ് മൊഹന്തി തടഞ്ഞു. താരത്തോട് ക്ലിയറൻസ് എടുക്കാനും നിർദേശിച്ചു.

ഉദ്യോഗസ്ഥൻ വിട്ടുവീഴ്‌ച്ചയ്ക്കു തയാറാകാതിരുന്നതോടെ സൽമാൻ ഖാൻ വഴങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. എന്നാൽ ഉദ്യോഗസ്ഥനെതിരെ സിഐഎസ്എഫ് നടപടിയെടുത്തെന്നും മാധ്യമങ്ങളോട് സംസാരിക്കാതിരിക്കാൻ ഫോൺ പിടിച്ചുവച്ചെന്നുമുള്ള റിപ്പോർട്ടുകളാണ് ആദ്യം പുറത്ത് വന്നത്.

ഇതോടെയാണ് വിശദീകരണവുമായി സിഐഎസ്എഫ് രംഗത്തെത്തിയത്. നടപടിയെടുക്കുകയല്ല, മറിച്ച് മുഖം നോക്കാതെ കൃത്യനിർവഹണം നടത്തിയ ഉദ്യോഗസ്ഥന് അംഗീകാരം നൽകുകയാണ് ചെയ്തതെന്ന് അവർ വ്യക്തമാക്കി.