മുംബൈ: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില അഞ്ചുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ബാരലിന് 50.5 ഡോറളാണ് നിലവിലെ വില. എണ്ണവിലയിലുണ്ടായ കുറവ് ആഗോള സാമ്പത്തിക രംഗത്തെ ബാധിച്ചേക്കുമെന്ന ആശങ്ക ഓഹരി വിപണിയെ കുത്തനെ ഇടിച്ചു താഴ്‌ത്തി. ഊർജ ഓഹരികൾക്കൊപ്പം മററ് ഓഹരികളും വിറ്റഴിക്കാനുള്ള തിടുക്കമാണ് ചൊവ്വാഴ്ച ഓഹരി വിപണിയിൽ ദൃശ്യമായത്.

2009നുശേഷം ആദ്യമായാണ് എണ്ണവില 50 ഡോളറിൽ താഴെയായി കുറയുന്നത്. 2009 ഏപ്രിലിലാണ് ഇതിന് മുമ്പ് എണ്ണവില ഈ നിലയിലെത്തിയത്. 2014ൽ ബാരലിന് 114 ഡോളറായിരുന്നു ശരാശരി വില. ഏഷ്യൻ മാർക്കറ്റുകളെല്ലാം ഇതിനകം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളും ചൈനയുമൊക്കെ എണ്ണ ഉപഭോഗത്തിൽ കുറവ് വരുത്തിയെങ്കിലും എണ്ണ ഉൽപാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങൾ തയ്യാറാകാത്തതാണ് വില ഇടിയാൻ കാരണം.

എണ്ണ ഉൽപാദക രാജ്യങ്ങാളായ ഗൾഫ് നാടുകളിൽ എണ്ണവിലകുറവ് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചാൽ അത് ഇന്ത്യയെയാകും കൂടുതലായി ബാധിക്കുക. ഇന്ത്യൻ തൊഴിലാളികൾ അധികമുള്ള ഗൾഫ് നാടുകളിൽ ഉണ്ടാകുന്ന സാമ്പത്തിക മാന്ദ്യത ഇന്ത്യയുടെ വിദേശ്യ നാണ്യ വരുമാനത്തിൽ ഇടിവ് വരുത്തും. വിദേശങ്ങളിലുള്ള തൊളിലാളികളുടെ തൊഴിൽനഷ്ടമടക്കമുള്ള പ്രതിസന്ധികളാണ് ഇന്ത്യയെ വരുംനാളുകളിൽ ബാധിക്കുകയെന്നും സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.

എണ്ണയുടെ ഉപഭോഗത്തിലുണ്ടാവുന്ന കുറവ് ഇനിയും വില ഇടിയാൻ ഇടയാക്കിയേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എണ്ണവിലയിലെ ഇടിവ് ഇന്ത്യൻ ഓഹരി വിപണിയിലും കാര്യമായി പ്രതിഫലിച്ചു.

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെൻസെക്‌സ് 454 പോയിന്റ് ഇടിഞ്ഞ് 26,388ലാണ് വ്യാപാരം തുടരുന്നത്. സെൻസെക്‌സ് ആദ്യഘട്ടത്തിൽ 500 പോയിന്റിലേറെ ഇടിഞ്ഞിരുന്നു. ദേശീയ സൂചികയായ നിഫ്റ്റി 134 പോയിന്റ് താഴ്ന്ന് 8246 ലാണ് വ്യാപാരം തുടരുന്നത്. ഒഎൻജിസിയുടേയും റിലയൻസിന്റെയും ഓഹരികൾ കുത്തനെ ഇടിഞ്ഞിട്ടുണ്ട്. റിലയൻസിന്റെ വ്യാപാരത്തിൽ 3.1 ശതമാനം ഇടിവാണ് ഉണ്ടായത്.

ഒഎൻജിസിക്ക് 2.20 ശതമാനം ഇടിവാണുണ്ടായത്. ഗെയിൽ, കാവിൻ ഇന്ത്യ, പെട്രോനെറ്റ് എൽഎൻജി എന്നിവയും നഷ്ടത്തിലാണ്. ടാറ്റ മോട്ടേഴ്‌സ്, സെസ സ്റ്റെലൈറ്റ്, ഒഎൻജിസി, ടാറ്റ പവർ , ഇൻഫോസിസ് എന്നിവ നഷ്ടത്തിലാണ്.