പത്തനംതിട്ട: മൃഗീയ ഭൂരിപക്ഷത്തോടെ എൽഡിഎഫ് പിടിച്ചെടുത്ത ജില്ലാ പഞ്ചായത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഓമല്ലൂർ ശങ്കരൻ പ്രസിഡന്റാകും. മത്സര രംഗത്തുണ്ടായിരുന്ന രണ്ടു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളിൽ ഏനാത്ത് ഡിവിഷനിൽ മത്സരിച്ച പിബി ഹർഷകുമാർ നിസാര വോട്ടുകൾക്ക് തോറ്റത് ഓമല്ലൂർ ശങ്കരന് ബമ്പറായി. ഹർഷ കുമാർ ജയിച്ചിരുന്നുവെങ്കിൽ പ്രസിഡന്റാകാൻ വേണ്ടിയുള്ള തർക്കം പാർട്ടിയിൽ ഉടലെടുക്കുമായിരുന്നു. എന്തായാലും ഹർഷന്റെ തോൽവി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

2005 ലാണ് ഇതിന് മുൻപ് എൽഡിഎഫ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചത്. അപ്പിനഴികത്ത് ശാന്തകുമാരിയായിരുന്നു അന്ന് പ്രസിഡന്റ്. ആകെയുള്ള 16 ഡിവിഷനുകളിൽ പന്ത്രണ്ടും നേടി തിളക്കമാർന്ന വിജയമാണ് എൽഡിഎഫ് കൈവരിച്ചിരിക്കുന്നത്. മത്സര രംഗത്തുണ്ടായിരുന്ന സിപിഎമ്മിന്റെ രണ്ടു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളിൽ ഏനാത്ത് പി.ബി. ഹർഷകുമാർ പരാജയപ്പെട്ടതിനെ തുടർന്ന് ഇലന്തൂർ ഡിവിഷനിൽ നിന്ന് വിജയിച്ച അഡ്വ. ഓമല്ലൂർ ശങ്കരൻ പ്രസിഡന്റാകുമെന്ന് ഉറപ്പായി. യുഡിഎഫിന്റെ കോട്ടകൾ ഇടിച്ചു നിരത്തിയാണ് എൽഡിഎഫ് മുന്നേറ്റം. പുളക്കീഴ്, മലയാലപ്പുഴ, അങ്ങാടി കോഴഞ്ചേരി, കോയിപ്രം തുടങ്ങിയ യുഡിഎഫ് ശക്തികേന്ദ്രങ്ങൾ എൽഡിഎഫ് കൊടുങ്കാറ്റിൽ ഉലഞ്ഞു. ഗ്ലാമറിന്റെ പിന്തുണയിൽ ജയിക്കാമെന്ന് കരുതിയ മല്ലപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി വിബിത ബാബു 1477 വോട്ടിന് എൽഡിഎഫിലെ സികെ ലതാ കുമാരിക്ക് മുന്നിൽ അടിയറവ് പറഞ്ഞു.

ആദ്യന്തം ഉദ്വേഗം നിറഞ്ഞതായിരുന്നു ഏനാത്ത് ഡിവിഷനിലെ വോട്ടെണ്ണൽ. ആദ്യം എൽഡിഎഫും പിന്നീട് യുഡിഎഫും വിജയിച്ചെന്ന് അറിയിപ്പ് വന്ന ഇവിടെ റീകൗണ്ടിങിൽ യുഡിഎഫിലെ സി. കൃഷ്ണകുമാർ 33 വോട്ടിന് വിജയിച്ചു. കോഴഞ്ചേരി ഡിവിഷൻ ജനതാദൾ തിരിച്ചു പിടിച്ചപ്പോൾ കുളനടയിൽ ആർ. അജയകുമാർ ഒരിടവേളയ്ക്ക് ശേഷം രണ്ടാം തവണയും വിജയിച്ചു. ഡിവിഷൻ എൽഡിഎഫ് പിടിച്ചെടുത്തു. കോന്നിയും പ്രമാടവും പിടിച്ചെടുക്കാൻ വേണ്ടി എൽഡിഎഫ് നടത്തിയ ശ്രമം വിജയിച്ചില്ല. കോൺഗ്രസിൽ നിന്ന് അടർത്തിയെടുത്ത് മത്സരിപ്പിച്ച കോന്നിയൂർ പികെ കോന്നിയിലും രാജേഷ് ആക്ലേത്ത് പ്രമാടത്തും തോറ്റു. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ റോബിൻ പീറ്റർ പ്രമാടത്ത് വിജയിച്ചു.

കേരളാ കോൺഗ്രസ്(എം) വന്നതിന്റെ പ്രയോജനം എൽഡിഎഫിന് കിട്ടിയത് അവർ രണ്ടുഡിവിഷനിൽ വിജയിച്ചതിലൂടെയാണ്. പുളിക്കീഴും അങ്ങാടിയും ഇടതുപക്ഷം പിടിച്ചെടുത്തതും അങ്ങനെയാണ്. അങ്ങാടിയിൽ കോൺഗ്രസ് വിമതൻ 2400 വോട്ട് പിടിച്ചതും എൽഡിഎഫ് വിജയത്തിൽ നിർണായകമായി. ഇലന്തൂർ, മലയാലപ്പുഴ ഡിവിഷനുകളിലെ പരാജയം യുഡിഎഫിന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. എൻഡിഎ രണ്ടു സീറ്റുകളിലാണ് വിജയ പ്രതീക്ഷ പുലർത്തിയിരുന്നത്.

ബിജെപി ജില്ലാ പ്രസിഡന്റ് മത്സരിച്ച കുളനടയും മുൻ ബ്ലോക്ക് പഞ്ചായത്തംഗം അജയകുമാർ വല്യൂഴത്തിൽ മത്സരിച്ച കോയിപ്രവും. ഇരുവരും മൂന്നാം സ്ഥാനത്തേക്ക് പോയി. ഏറെ നാളിന് ശേഷം മത്സരിച്ച രണ്ടു സീറ്റിലും സിപിഐ വിജയിച്ചു. ആനിക്കാട് രാജി പി രാജപ്പനും പള്ളിക്കലിൽ ശ്രീനാദേവി കുഞ്ഞമ്മയുമാണ് വിജയിച്ചത്.

1995 ഒക്ടോബറിലാണ് ജില്ലാ പഞ്ചായത്ത് രൂപംകൊണ്ടത്. ആദ്യ പ്രസിഡന്റ് യുഡിഎഫിലെ മേരിതോമസ് മാടോലിലായിരുന്നു. പിന്നീട് ഇങ്ങോട്ട് 2005 ൽ ഒഴികെ മറ്റ് എല്ലാ തവണയും യുഡിഎഫിനായിരുന്നു ഭരണം. 2005 ൽ മാത്രമാണ് എൽഡി.എഫിന് ഭരണം കിട്ടിയത്.