ന്യൂഡൽഹി: ഇന്ത്യയിൽ ഇതുവരെ കോവിഡ് ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, ഏതുനിമിഷവും അതുണ്ടാകാനുള്ള സാധ്യതയും വിരളമല്ല. അടുത്തിടെ,ദക്ഷിണാഫ്രിക്കയിൽ നിന്നും, കർണാടകത്തിലേക്ക് വന്ന രണ്ടുപേരിൽ ഒരാളുടെ സാമ്പിളാണ് ഇപ്പോൾ സംശയം ഉയർത്തുന്നത്. ഡെൽറ്റ വകഭേദത്തിൽ നിന്ന് വിഭിന്നമാണ് ഇയാളിൽ കണ്ടെത്തിയ വൈറസ് എന്നതാണ് ആശങ്കയ്ക്ക് വക നൽകുന്നത്.

ഒരു 63 കാരന്റെ സാമ്പിളാണ് സംശയത്തിന് ഇട നൽകിയത്. ഇദ്ദേഹത്തിന്റെ പരിശോധനാ റിപ്പോർട്ട് അല്പം വ്യത്യസ്തമാണ്. ഐസിഎംആറമായി കൂടിയാലോചിച്ച് വിവരം സ്ഥിരീകരിക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു.

നവംബർ ഒന്നു മുതൽ 26 വരെ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ 94 പേരെ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് രണ്ട് പേർ കോവിഡ് പോസിറ്റീവായത്. ഇതിൽ ഒരാളെ ബാധിച്ചിരിക്കുന്നത് ഡെൽറ്റ വകഭേദമാണെന്ന് കണ്ടത്തി. എന്നാൽ ഡെൽറ്റ വൈറസിൽ നിന്ന് വ്യത്യസ്തമായ വകഭേദമാണ് മറ്റേയാളെ ബാധിച്ചിരിക്കുന്നത്. 63 കാരനുമായി സമ്പർക്കത്തിൽ വന്ന മുഴുവൻ പേരെയും പരിശോധിക്കുമെന്നും നിരീക്ഷണത്തിലാക്കുമെന്നും സർക്കാർ അറിയിച്ചു.

അതിനിടെ മധ്യപ്രദേശിലെ ജബർപൂരിൽ ബോട്ട്‌സ്വാനയിൽ നിന്ന് എത്തിയ ഒരു വനിതയ്ക്കായി തിരച്ചിൽ തുടങ്ങി. നവംബർ 18 നാണ് ഖുമോ ഒറിമീത്ത് സെലിൻ എന്ന് പേരുള്ള യുവതി ജബൽപൂരിൽ എത്തിയത്. ഇവർ ഒരു സൈനിക സംഘടനയിൽ ക്വാറന്റീനിൽ കഴിയുകയാണെന്നും റിപ്പോർട്ടുണ്ട്.

ലോക രാജ്യങ്ങൾ വാക്‌സിൻ വികസിപ്പിച്ച വൈറസിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഒമിക്രോൺ. ആകെ 50 ജനിതകമാറ്റങ്ങൾ വൈറസിന് സംഭവിച്ചതിൽ 30ഉം സ്‌പൈക് പ്രോട്ടീനിലാണ് എന്നത് ആശങ്ക കൂട്ടുന്നുവെങ്കിലും, എത്രത്തോളം അപകടകാരി? അതാണ് എല്ലാവർക്കും അറിയേണ്ടത്.

ലോകാരോഗ്യ സംഘടന പറയുന്നത്

ഒമിക്രോൺ തീർച്ചയായും ആഗോള വ്യാപകമായി വളരെ വലിയ റിസ്‌ക് തന്നെ എന്നാണ് ലോകാരോഗ്യ സംഘടന തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ഈ വൈറസ് എത്രത്തോളം പകരും, എത്രത്തോളം അപകടകാരിയാണ് എന്നീ കാര്യങ്ങളാണ് അറിയാനിരിക്കുന്നത്. ഒമിക്രോൺ മൂലം വലിയൊരു വ്യാപനം ആഗോള തലത്തിൽ ഉണ്ടായാൽ, പ്രത്യാഘാതങ്ങൾ ഗുരുതരം ആയിരിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. എന്നാൽ, ഇതുവരെ ഈ കോവിഡ് വകഭേദവുമായി ബന്ധപ്പെട്ട ഒരു മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ബി.1.1.529 ദക്ഷിണാഫ്രിക്കയിലാണ് ആദ്യം കണ്ടുപിടിച്ചത്. പിന്നീട് ഇത് ഒമിക്രോൺ എന്ന് പേരുമാറ്റുകയായിരുന്നു. താരതമ്യേന ദുർബലരാണ് ആൽഫ, ബീറ്റ, ഗാമ വേർഷനുകൾ. എന്നാൽ, വിശ്വരൂപം കാട്ടിയത് ഡെൽറ്റ വകഭേദവും. ഒമിക്രോണിന്റെ സ്വഭാവമാണ് അറിയാനുള്ളത്.

ഡെൽറ്റയെ അപേക്ഷിച്ച് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വളരെ വേഗത്തിൽ ഒമിക്രോൺ പകരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ആർടിപിസിആർ ടെസ്റ്റ് വഴി ഒമിക്രോണിന്റെ സാന്നിധ്യം അറിയാൻ കഴിയും. ഡബ്ല്യുഎച്ച്ഒ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഈ വകഭേദത്തിന്റെ പ്രഹര ശേഷി പഠിച്ചുകൊണ്ടിരിക്കുകയാണ്. പഠനം നിരവധി ആഴ്ചകൾ എടുത്തേക്കും.

കൂടുതൽ ഗുരുരാവസ്ഥയിലേക്ക് നയിക്കുമോ ഒമിക്രോൺ എന്ന കാര്യത്തിലും വ്യക്തതയില്ല. മറ്റുവകഭേദങ്ങളുടെ ലക്ഷണങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഒമിക്രോണിന്റെ ലക്ഷണങ്ങൾ എന്നും പറയാറായിട്ടില്ല. ദക്ഷിണാഫ്രിക്കയിൽ കൂടുതൽ ആളുകൾ ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. ഇത് ഒമിക്രോൺ തന്നെയാവണമെന്നില്ല. മറ്റുവകഭേദങ്ങളും ആവാം. ആദ്യം റിപ്പോർട്ട ചെയ്ത് ഒമിക്രോൺ കേസുകൾ ചെറുപ്പക്കാരായ സർവകലാശാല വിദ്യാർത്ഥികളിലായിരുന്നു. അവർക്ക് കാര്യമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

ആശങ്കയായി ജനിതക മാറ്റങ്ങൾ

ആകെ 50 ഓ അതിലധികമോ ജനിതക മാറ്റങ്ങൾ ഒമിക്രോണിന് സംഭവിച്ചതായി അറിയാൻ കഴിഞ്ഞു. ഇത്രയധികം ജനിതക മാറ്റം വന്ന വൈറസ് എങ്ങനെ പെരുമാറും എന്ന കാര്യത്തിലാണ് ആശങ്ക എന്ന് ലോകാരോഗ്യസംഘടനയുടെ ടെക്‌നിക്കൽ ഹെഡ് മരിയ വാൻ കെർകോവെ കഴിഞ്ഞ ദിവസം പറഞ്ഞു.

ഈ വകഭേദം ലോകത്തിന്റെ മറ്റുപല ഭാഗത്തും മറഞ്ഞുകിടപ്പുണ്ടാകുമോ എന്ന സംശയവും ശാസ്ത്രജ്ഞർ ഉയർത്തുന്നു. നവംബർ 9 നാണ് ദക്ഷിണാഫ്രിക്കൻ ഗവേഷകർ ആദ്യ ഒമിക്രോൺ കേസ് കണ്ടുപിടിച്ചത്. പിന്നീട് ബുധനാഴ്ച ലോകാരോഗ്യ സംഘടനയ്ക്ക് വിവരം റിപ്പോർട്ട് ചെയ്തു. നേരത്തെ കണ്ടുപിടിക്കാൻ കഴിഞ്ഞത് പോസിറ്റീവായി കാണുന്നു ശാസ്ത്രലോകം.

ഡെൽറ്റയേക്കാൾ ആറുമടങ്ങ് പ്രഹര ശേഷിയോ?

ഒമിക്രോണിന്റെ പ്രഹര ശേഷിയെ കുറിച്ചുള്ള കഥകൾ നിറം പിടിപ്പിച്ചതാണ്. ശാസ്്ത്രത്തിന്റെ പിൻബലമില്ല. എന്നിരുന്നാലും ചില റിപ്പോർട്ടുകൾ പ്രകാരം ഡെൽറ്റയേക്കാൾ ഏകദേശം ആറുമടങ്ങ് പ്രഹര ശേഷി ഒമിക്രോണിന് ഉണ്ടാകാം. ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന് റിപ്പോർട്ട് പ്രകാരം ഒമിക്രോണിന് മോണോ ക്ലോണൽ ആന്റിബോഡി തെറാപ്പിയോ, കോക് ടെയിൽ ചികിത്സയോ ഫലപ്രദം ആകണമെന്നില്ല. പ്രതിരോധ ശേഷി മറികടക്കാനും, സമ്പൂർണ വാക്‌സിനേഷൻ സ്വീകരിച്ചവരിലും രോഗബാധ ഉണ്ടാക്കാനും കഴിഞ്ഞേക്കും.