കോട്ടയം: ഗെയിൽ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ പേരിൽ വലിയ തോതിൽ വികസന രാഷ്ട്രീയം കളിക്കുകയാണ് പിണറായി സർക്കാർ. അതേസമയം ഒരുകാലത്ത് പദ്ധതിയെ എതിർത്തവർ തന്നെയാണ് ഇപ്പോൾ പദ്ധതിയുടെ അട്ടിപേറാവകാശം പേറാൻ രംഗത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തിലെ ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തുവന്നു.

ഗെയിൽ ഗെയിൽ ഗോ എവേ എന്നു പറഞ്ഞ് വൻപ്രക്ഷോഭം സംഘടിപ്പിച്ച സിപിഎം. ഭൂമിക്കടിയിലെ ബോംബ് എന്നായിരുന്നു പദ്ധതിയെ വിശേഷിപ്പിച്ചിരുന്നതെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. അഞ്ചുവർഷമാണ് സിപിഎം എതിർപ്പുമൂലം നഷ്ടപ്പെട്ടതെന്നും ഉമ്മൻ ചാണ്ടി ആരോപിക്കുന്നു.

ഉമ്മൻ ചാണ്ടിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കഴിഞ്ഞ ദിവസം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഗെയിൽ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിനു ഇടതുസർക്കാർ കേരളത്തോട് മാപ്പുപറയണം. ഗെയിൽ ഗെയിൽ ഗോ എവേ എന്നു പറഞ്ഞാണ് സിപിഎം അന്നു വൻ പ്രക്ഷോഭം സംഘടിപ്പിച്ചത്. ഭൂമിക്കടിയിലെ ബോംബ് എന്നായിരുന്നു പ്രചാരണം.

2009ൽ അനുവദിച്ച പദ്ധതിക്ക് ജീവൻ വച്ചത് 2011ലെ യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. പദ്ധതിയുടെ ഒന്നാം ഘട്ടമായ കൊച്ചി-അമ്പലമുഗൾ 2013ൽ പൂർത്തിയാക്കി. ഫാക്ട്, ബിപിസിഎൽ, പ്രത്യേക സാമ്പത്തിക മേഖല എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് വ്യാവസായികാവശ്യത്തിനുള്ള വാതകം നല്കി.

2015ൽ കൊച്ചിയിൽ ഗാർഹിക ഉപയോഗത്തിനുള്ള പാചക വിതരണം ആരംഭിച്ചു. രണ്ടാംഘട്ടമായ കൊച്ചി- കൂറ്റനാട് ഭാഗത്ത് പൈപ്പ് ഇടുന്നതിന് തദ്ദേശവാസികളിൽ നിന്ന് അനുമതി നേടി മുന്നോട്ടുപോയപ്പോഴാണ് പദ്ധതിക്കെതിരേ സിപിഎം തിരിഞ്ഞത്. അഞ്ചു വർഷമാണ് ഇങ്ങനെ നഷ്ടപ്പെടുത്തിയത്.