വൈക്കം: ഉമ്മൻ ചാണ്ടിയെന്ന പോരാളിക്കുമുന്നിൽ പ്രായവും ദൂരവും തടസ്സമായില്ല. മുന്നിൽനിന്ന് അദ്ദേഹം നയിച്ചപ്പോൾ ഒപ്പംനടക്കാൻ ആയിരങ്ങളിറങ്ങി. എന്നും അണികൾ ആവേശമായ നേതാവിന് സന്തോഷത്തിന് ഇതിൽ കൂടുതൽ എന്തുവേണം? അണികൾക്കൊപ്പം ആവേശഭരിതനായി തന്നെ ഉമ്മൻ ചാണ്ടി നടന്നുനീങ്ങി.

79-ാം വയസ്സിന്റെ അവശതകളൊന്നും അണികളുടെ ആവേശത്തിൽ അദ്ദേഹത്തിൽ കണ്ടില്ല. മൂന്നുകിലോമീറ്റർ പദയാത്ര നയിച്ച് അണികളെ ആവേശത്തിലാഴ്‌ത്തി ഉമ്മൻ ചാണ്ടി. ഒപ്പം നടന്നവരെ പ്രോത്സാഹിപ്പിച്ചും റോഡിന്റെ ഇരുവശങ്ങളിൽ ജാഥയെ വരവേൽക്കാൻ കാത്തുനിന്നവരെ കൈവീശിക്കാണിച്ചുമായിരുന്നു യാത്ര.

എ.ഐ.സി.സി.യുടെ നിർദേശപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈക്കത്താണ് ജനജാഗരൺ അഭിയാൻ പദയാത്ര നടത്താൻ നിശ്ചയിച്ചത്. ഇന്ധന പാചകവാതക, നിത്യോപയോഗസാധന വിലവർധനയ്‌ക്കെതിരേയായിരുന്നു പദയാത്ര. യാത്ര നയിക്കാൻ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായ ഉമ്മൻ ചാണ്ടിയെ നിശ്ചയിച്ചു. ഈ പ്രായത്തിൽ ഇത്ര ദൂരം നടക്കാൻ കഴിയുമോയെന്ന ആശങ്ക ഉയർന്നിരുന്നു. അതിനൊന്നും പ്രസക്തിയില്ലെന്ന് തെളിഞ്ഞത് പദയാത്ര വൈക്കം ബോട്ടുജെട്ടിയിൽ സമാപിച്ചപ്പോഴാണ്.

ഉദയനാപുരം ക്ഷേത്രത്തിനുസമീപത്തുനിന്ന് വൈകീട്ട് നാലരയോടെ തുടങ്ങിയ പദയാത്ര 6.40-ന് വൈക്കം ബോട്ടുജെട്ടിയിലെ സമാപനവേദിയിലെത്തി. ജാഥനയിക്കാൻ ഉമ്മൻ ചാണ്ടിക്ക് പതാക കൈമാറിയ കെ.മുരളീധരൻ എംപി. സമാപന സമ്മേളനവും ഉദ്ഘാടനംചെയ്തു. ഒപ്പംനടക്കാൻ മുന്മന്ത്രിമാരായ കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എംപി.മാരായ കെ.മുരളീധരൻ, ആന്റോ ആൻണി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ, ഡി.സി.സി.പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയ ഒട്ടേറെ നേതാക്കളുമുണ്ടായിരുന്നു.