ജിദ്ദ: കൊറോണാ കാലത്തെ ഓണം ഒരു വിഷയം തന്നെയാണ്. ആമോദത്തോടൊപ്പം ആശ്ചര്യങ്ങളും കൂടി നിറഞ്ഞ ആഘോഷം. മുൻഗാമികളോ ഇന്നത്തെ തലമുറ നാളിതുവരെയോ അനുഭവിക്കാത്ത വിഷയം. ഒറ്റവാക്കിൽ ഈ വർഷത്തെ ഓണാഘോഷത്തെ 'കൊറോണം' എന്ന് നാമകരണം ചെയ്യാം.

'കൊറോണം' ഒരു വിഷയമാക്കി രംഗത്തു വരികയാണ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ. ഗൃഹാതുരത്വം പകർന്ന് തരുന്ന പലയിനം വിഭവങ്ങളോട് കൂടി സെപ്റ്റംബർ ഒന്നിന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 'ഓണം ഓൺലൈൻ സംഗമ' ത്തിന്റെ ഭാഗമായി സംഘടനയുടെ വനിതാ ഘടകം വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം നടത്തുന്നുണ്ട്. വിഷയം: 'കൊറോണം' - കൊറോണാ കാലത്തെ ഓണം.

പൊന്നാനി നഗരസഭ പരിധിയിലെ സ്വദേശത്തും വിദേശത്തുമുള്ള എട്ട് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകാരായ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മലയാളത്തിൽ ഇരുനൂറ് വാക്കിൽ കവിയാത്ത സൃഷ്ടികൾ താഴെ കൊടുത്ത വാട്‌സപ്പ് നമ്പറിൽ ടെക്സ്റ്റായോ, പി ഡി എഫ് ഫയലായോ ഓഗസ്റ്റ് 25 നകം ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്.

മത്സരാർത്ഥികൾ അവരുടെ പേര്, വാർഡ് നമ്പർ, വിലാസം, ക്ലാസ്, സ്‌കൂൾ എന്നീ വിവരങ്ങൾ ഉപന്യാസത്തൊടൊപ്പം മറ്റൊരു പേജിൽ ചേർത്ത് അയക്കണം..

മൂന്നംഗ ജൂറിയുടെ തീരുമാനം അനുസരിച്ചായിരിക്കും വിജയികളെ നിർണയിക്കുക. എല്ലാ മത്സരാർത്ഥികൾക്കും പ്രശസ്തിപത്രവും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ഉപഹാരങ്ങളും നൽകുന്നതാണ്. സെപ്റ്റംബർ ഒന്നിന് അരങ്ങേറുന്ന 'ഓണം ഓൺലൈൻ സംഗമം' പരിപാടിയിൽ വിജയികൾക്ക് അവരുടെ സൃഷ്ട്ടി അവതരിപ്പിക്കാനുള്ള അവസരവും നൽകുന്നതാണ്.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സഊദി അറേബ്യയിൽ താമസിക്കുന്ന പൊന്നാനിക്കാരായ വിദ്യാർത്ഥികൾ അവരുടെ ലേഖനങ്ങൾ താഴെ കാണുന്ന വാട്ട്‌സ് അപ്പ് നമ്പറിലോ ഇ മെയിൽ അഡ്രസ്സിലോ അയക്കണമെന്ന് സഊദി നാഷണൽ അഡ്‌ഹോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് ബിജു ദേവസ്സി ദമ്മാം അറിയിച്ചു.

മൊബൈൽ നമ്പർ: 00966592334678. ഇമെയിൽ വിലാസങ്ങൾ: pcwfsaudi@gmail.com; bijudevessi@gmail.com