മനാമ: ഓണം ആഘോഷിച്ച് ബഹ്‌റൈൻ രാജകുടുംബം. മനാമയിലെ കൊട്ടാരത്തിൽ ബഹ്‌റൈൻ ഭരണാധികാരിയുടെ മകനും റോയൽ ഗാർഡ് പ്രത്യേക സേനാ കമാൻഡറുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയാണ് ഓഫീസിലെ ജീവനക്കാർക്കൊപ്പം ഓണമാഘോഷിച്ചത്.

പൂക്കളത്തിന്റെ ദൃശ്യഭംഗിയും മലയാളത്തനിമയുള്ള കാഴ്ചകളും ആസ്വദിച്ച് കൊട്ടാരത്തിലെ ഓണാഘോഷത്തിന് ബഹ്‌റൈൻ രാജകുമാരൻ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ തിരിതെളിച്ചു. സ്റ്റാർവിഷൻ ഇവന്റ്സിന്റെ നേതൃത്വത്തിൽ തന്റെ ജീവനക്കാർ ഒരുക്കിയ ഓണാഘോഷത്തിലാണ് രാജകുമാരൻ മുഖ്യാതിഥിയായി എത്തിയത്.



നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ മാതൃകയും ചെണ്ടമേളവും മുത്തുക്കുടയുമൊരുക്കി രാജകീയമായാണ് അദ്ദേഹത്തെ വരവേറ്റത്. ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്സ് പ്രതിനിധിയും, റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമാണ് രാജകുമാരൻ.

നിലവിളക്ക് തെളിച്ചായിരുന്നു കൊട്ടാരത്തിലെ ഓണാഘോഷത്തിന്റെ തുടക്കം. തുടർന്ന് തിരുവാതിര,മോഹിനിയാട്ടം, മാർഗംകളി, ഒപ്പന തുടങ്ങിയ കലാപരിപാടികൾ.ഓഫീസിലെ ജീവനക്കാർക്കൊപ്പം ഓണസദ്യ കഴിച്ച ഷെയ്ഖ് നാസർ, ഓണത്തിന്റെ ഐതിഹ്യപ്പെരുമയും ദൃശ്യാവിഷ്‌കാരങ്ങളുടെ കഥകളുമൊക്കെ ചോദിച്ചറിഞ്ഞു. ഓണത്തിന്റെ ചരിത്രവും മലയാളികൾ ആഘോഷിക്കുന്ന രീതിയുമൊക്കെ ഓഫിസിലെ മലയാളി ജീവനക്കാർ ഷെയ്ഖ് നാസറിനോട് പങ്കുവച്ചു.



കേരളത്തിന്റെ തനിമയും ഓണത്തിന്റെ മാഹാത്മ്യവും വിളിച്ചോതുന്ന വിവിധതരം വേഷങ്ങൾ, മോഹിനിയാട്ടം, തിരുവാതിരക്കളി, ഒപ്പന, മാർഗംകളി എന്നീ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി.  വിഭവ സമൃദ്ധമായ ഓണസദ്യയും ഓണത്തിന്റെ ഐതിഹ്യത്തെകുറിച്ചുള്ള ദൃശ്യാവിഷ്‌കാരവും ആസ്വദിച്ച് ജീവനക്കാർക്കൊപ്പം ഫോട്ടോയും എടുത്തിനും ശേഷമാണ് അദ്ദേഹം മടങ്ങിയത്. വിവിധ മതക്കാരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളും അനുവദിക്കുന്നതിന് ബഹ്‌റൈൻ ഭരണാധികാരികൾ നൽകുന്ന സ്വാതന്ത്ര്യം മാതൃകാപരവും മഹത്തരവുമാണ്.