തിരുവനന്തപുരം: ഓണക്കാലത്ത് കോവിഡ് പ്രതിരോധത്തിൽ പ്രത്യേക ജാ​ഗ്രത ആവശ്യമെന്ന് ആരോ​ഗ്യ വകുപ്പ്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തുന്നവർ വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നുവെന്നു തദ്ദേശസ്ഥാപനങ്ങളിലെ വാർഡ്തല ജാഗ്രതാ സമിതികൾ ഉറപ്പാക്കണമെന്നാണ് നിർദ്ദേശം. ഒണം പ്രമാണിച്ച് സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്നവരെ ബന്ധുവീടുകൾ സന്ദർശിക്കാൻ അനുവദിക്കരുതെന്നും മന്ത്രി കെ.കെ.ശൈലജ നിർദ്ദേശം നൽകി. തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.

പൊലീസിനെ നിയോഗിച്ചു കോവിഡ് നിയന്ത്രിക്കാനുള്ള നീക്കം ഫലം ചെയ്യാത്തതിനാലും ചുമതലകൾ വീണ്ടും ആരോഗ്യ വകുപ്പിനു നൽകിയ പശ്ചാത്തലത്തിലുമാണു വിഡിയോ യോഗം നടത്തിയത്. പുറത്തുനിന്ന് എത്തുന്നവർ കോവിഡ് പരിശോധന നടത്തുന്നുവെന്നും നിശ്ചിത സമയം കഴിഞ്ഞാൽ തിരിച്ചുപോകുന്നുവെന്നും ഉറപ്പാക്കണം. ബാങ്കുകളിലോ രേഖകളിൽ ഒപ്പിടാൻ ഏതെങ്കിലും ഓഫിസുകളിലോ പോകാൻ ഇവർക്കു തദ്ദേശസ്ഥാപന അധ്യക്ഷനും മെഡിക്കൽ ഓഫിസറും ചേർന്ന് അനുമതി നൽകാം.

കുട്ടികൾ, 60 വയസ്സ് കഴിഞ്ഞവർ, ഭിന്നശേഷിയുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവരുടെ റിവേഴ്സ് ക്വാറന്റൈൻ തുടരണം. ക്വാറന്റീനിൽ കഴിയുന്ന ജീവിതശൈലീരോഗമുള്ളവർക്ക് ആരോഗ്യ, കുടുംബശ്രീ പ്രവർത്തകർ മരുന്ന് എത്തിക്കണം. അവരുടെ വീട്ടുമുറ്റത്ത് എത്തുകയോ ഫോൺ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുകയോ വേണം. കോവിഡ് പേടിച്ച് ആരോഗ്യപ്രവർത്തകർ ക്വാറന്റീനിൽ കഴിയുന്നവരെ നോക്കാതിരിക്കാൻ പാടില്ല. വാർഡ്തല ജാഗ്രതാ സമിതികളുടെ പ്രവർത്തനം കുറഞ്ഞതായി മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ നല്ല ഭക്ഷണം ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ഓണക്കോടി വാങ്ങാൻ കുടുംബസമേതം പോകരുതെന്നും ഒരാൾ പോയാൽ മതിയെന്നും മന്ത്രി ശൈലജ. കോർപറേഷൻ മേഖലകളിൽ ഇക്കാര്യം ജനപ്രതിനിധികൾ ശ്രദ്ധിക്കണം. കടയിൽ കയറി വസ്ത്രം ധരിച്ചു പാകമാണോയെന്നു നോക്കരുത്. തദ്ദേശഭരണം, ആരോഗ്യം, പൊലീസ് വകുപ്പുകൾ ഒന്നിച്ചു വേണം പ്രവർത്തിക്കാനെന്നും മന്ത്രി പറഞ്ഞു.