ആലപ്പുഴ: ഒന്നര വയസുകാരൻ ആറ്റിൽ വീണ് മരിച്ചു. മാന്നാർ കടപ്ര സൈക്കിൾ മുക്കിന് പടിഞ്ഞാറ് മണലേൽ പുത്തൻ പറമ്പിൽ മനോജിന്റെ മകൻ ഡാനിയാണ് മരിച്ചത്. വീടിന്റെ സമീപത്തുള്ള പമ്പയാറ്റിൽ വീണാണ് കുഞ്ഞ് മരിച്ചത്. പമ്പയാറിന്റെ തീരത്തുള്ള വീടിന്റെ മുറ്റത്ത് കളിച്ച് കൊണ്ട് നിന്ന കുട്ടിയെ കാണാതായതിനെ തുടർന്ന നടത്തിയ തിരച്ചിലിലാണ് ആറ്റിൽ നിന്ന് കുട്ടിയ കണ്ടെത്തിയത്.

കുട്ടിയെ കാണാതായപ്പോൾ കയ്യിൽ ഉണ്ടായിരുന്ന കളിപ്പാട്ടം കടവിന് സമീപം കണ്ടതിനെ തുടർന്നാണ് ആറ്റിൽ തിരച്ചിൽ നടത്തിയത്. ആറ്റിൽ മത്സ്യ ബന്ധനം നടത്തിക്കൊണ്ടിരുന്ന വള്ളത്തിലെ യുവാവ് വെള്ളത്തിൽ മുങ്ങി കുട്ടിയെ എടുത്തു. വിവരം അറിഞ്ഞെത്തിയ പുളിക്കീഴ് പൊലീസ് ജീപ്പിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.