ചെന്നൈ: ഓൺലൈൻ പരീക്ഷയെഴുതാതെ സംസ്ഥാനത്തെ ഒരു വിദ്യാർത്ഥിക്കും സ്ഥാനക്കയറ്റം നൽകില്ലെന്ന് തമിഴ്‌നാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷയുണ്ടാകില്ലെന്ന മുൻ നിലപാട് തിരുത്തിയാണ് സക്കാർ ഇക്കാര്യം അറിയിച്ചത്.

മുൻപരീക്ഷകളിൽ തോറ്റ കോളേജ് വിദ്യാർത്ഥികളെ പരീക്ഷയില്ലാതെ ജയിപ്പിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി ഏപ്രിൽ ഏഴിന് കേസ് പരിഗണിച്ചപ്പോൾ വ്യക്തമാക്കിയിരുന്നു. അടിസ്ഥാനവിവരം പോലുമില്ലാതെ വിദ്യാർത്ഥികൾക്ക് സ്ഥാനം കയറ്റം നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി കൂട്ടിച്ചേർത്തു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അവസാന സെമസ്റ്റർ ഒഴികെയുള്ള കോളേജ് പരീക്ഷകൾ റദ്ദാക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചത്. ഇതിനെതിരേ അണ്ണാ സർവകലാശാല മുൻ വൈസ് ചാൻസലർ ഇ. ബാലഗുരുസ്വാമിയും അഭിഭാഷകനായ രാംകുമാർ ആദിത്യനുമാണ് ഹൈക്കോടതിയെ സമീപിച്ചത്. പരീക്ഷ റദ്ദാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ ഓൺലൈൻ പരീക്ഷ നടത്താമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.

യുജിസി മാനദണ്ഡങ്ങൾ അനുസരിക്കാനും, പരീക്ഷയെഴുതാനുള്ള മറ്റ് കൂട്ടികൾ ഓൺലൈൻ പരീക്ഷ നിർബന്ധമായും എഴുതണമെന്നും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എട്ടാഴ്ചയ്ക്കുള്ളിൽ ഓൺലൈൻ പരീക്ഷ പൂർത്തിയാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.