കൊൽക്കത്ത: രാജ്യത്ത് രണ്ടംഗ സിൻഡിക്കേറ്റാണ്​​ പ്രവർത്തിക്കുന്നതെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി​ മമത ബാനർജി​. അതിലൊരാൾ കലാപകാരിയും മറ്റൊരാൾ രാജ്യത്തിന്റെ വ്യവസായ വളർച്ച മുരടിപ്പിച്ച വ്യക്​തിയാണെന്നും മോദിയുടെയും അമിത് ഷായുടെയും പേര് പരാമർശിക്കാതെ മമത പറഞ്ഞു. പശ്​ചിമബംഗാളിൽ മമത ബാനർജിക്കെതിരെ നരേന്ദ്ര മോദിയും അമിത്​ ഷായും രൂക്ഷവിമർശനങ്ങളുമായി രംഗത്തെത്തുന്നതിനിടെയാണ്​ ദീദിയുടെ തിരിച്ചടി.

ഒരാൾ കലാപകാരിയാണ്​. ഡൽഹി, ഗുജറാത്ത്​, യു.പി കലാപങ്ങളുടെ സ്​പോൺസറാണ്​ അയാൾ. രണ്ടാമത്തെയാൾ​ ഇന്ത്യയുടെ വ്യവസായ വളർച്ച മുരടിപ്പിച്ച വ്യക്​തിയാണ്​. പക്ഷേ അയാളുടെ താടി നന്നായി വളർന്നുവെന്ന്​ മമത പറഞ്ഞു.അയാൾ ചിലപ്പോൾ ഗാന്ധിജിയേക്കാളും രവീന്ദ്രനാഥ ടാഗോറിനും മുകളിൽ തന്നെ പ്രതിഷ്​ഠിക്കും. ചിലപ്പോൾ സ്വാമി വിവേകാനന്ദനാണെന്ന്​ സ്വയം വിളിക്കും. സ്​റ്റേഡിയങ്ങൾക്ക്​ സ്വന്തം പേരിടും. അദ്ദേഹത്തിന്റെ തലക്ക്​ എന്തോ പ്രശ്​നമുണ്ടെന്ന്​ മമത ബാനർജി പരിഹസിച്ചു.

മോദി സ്​റ്റേഡിയത്തിന്​ തന്റെ പേര്​ നൽകുന്നു. കോവിഡ്​ വാക്​സിൻ സർട്ടിഫിക്കറ്റിൽ തന്റെ ചിത്രം ചേർക്കുന്നു. ഐ.എസ്​.ആർ.ഒയുടെ ​ സ്വന്തം ചിത്രങ്ങൾ ബഹിരാകാശത്തേക്ക്​ അയക്കുകയാണെന്നും മമത ബാനർജി പറഞ്ഞു.