ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എം.കെ. നേതൃത്വവുമായി ചർച്ച നടത്തുന്നതിന് കേരള മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി ചെന്നൈയിലെത്തി. ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി വ്യാഴാഴ്ച രാവിലെ ചർച്ച നടത്തുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

ഇന്ന് വൈകീട്ട് ഉമ്മൻ ചാണ്ടി ചെന്നൈയിൽ തമിഴ്‌നാട് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 41 സീറ്റിലാണ് മത്സരിച്ചത്. എന്നാൽ ഇത്തവണ 20-നും 25-നുമിടയിലുള്ള സീറ്റുകളായിരിക്കും കോൺഗ്രസിന് നൽകുക എന്നാണ് ഡി.എം.കെ. നേതൃത്വം സൂചിപ്പിക്കുന്നത്.

നാളത്തെ ചർച്ചയിൽ എ.ഐ.സി.സി. പ്രതിനിധികളായി ദിനേശ് ഗുണ്ടുറാവുവും രൺദീപ് സിങ് സുർജേവാലയും പങ്കെടുക്കും. പോണ്ടിച്ചേരിയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ചുമതലയും ഉമ്മൻ ചാണ്ടിക്കാണ്.