പാലക്കാട്: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അട്ടപ്പാടി സന്ദർശനത്തിന് പിന്നാലെ സർക്കാരിനെ വിമർശിച്ച കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുൾ റഹ്മാന് പകരം ചുമതല നൽകി. ആരോഗ്യ മന്ത്രിക്കെതിരായ വിമർശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. അതേസമയം ഭരണ സൗകര്യാർത്ഥമാണ് നടപടിയെന്ന് ആരോഗ്യ സെക്രട്ടറി വിശദീകരിച്ചു.

ശിശുമരണങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അട്ടപ്പാടിയെ സർക്കാർ പരിഗണിക്കുന്നതെന്ന് പ്രഭുദാസ് ആരോപിച്ചിരുന്നു. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിലെ പല മെമ്പർമാരും ബില്ലുകൾ മാറാൻ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാൻ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണമെന്നും പ്രഭുദാസ് ആരോപിച്ചിരുന്നു. മന്ത്രി വീണാ ജോർജിന്റെ അട്ടപ്പാടി സന്ദർശനസമയത്ത് അട്ടപ്പാടി നോഡൽ ഓഫീസറായ തന്നെ ബോധപൂർവം മാറ്റിനിർത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇല്ലാത്ത മീറ്റിംഗിന്റെ പേരിൽ തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചെന്നും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും പ്രഭുദാസ് ആരോപിച്ചിരുന്നു. തനിക്ക് പറയാനുള്ളത് കേൾക്കാതെ അഴിമതിക്കാരാനാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാറ്റി നിർത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതിൽ സന്തോഷമേയുള്ളുവെന്നും പ്രഭുദാസ് വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ നേതാവിന് മുന്നെ എത്താനുള്ള തിടുക്കമാവാം ആരോഗ്യ മന്ത്രിക്ക്. ഇത്രയും കാലം അവഗണനയും മാറ്റിനിർത്തലും നേരിട്ടാണ് താൻ വന്നത്. കോട്ടത്തറയിൽ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ട്. അത് താൻ തന്നെ പറയേണ്ട കാര്യമാണ്. തന്റെ കയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും അതിനാൽ ഭയമില്ലെന്നും പ്രഭുദാസ് പറഞ്ഞിരുന്നു.

അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയതിന് പിന്നാലെയാണ് മന്ത്രി കോട്ടത്തറ ട്രൈബൽ ആശുപത്രി സന്ദർശിച്ചത്. അട്ടപ്പാടിയിലെ ആദിവാസി ഗർഭിണികളിൽ 191 പേർ ഹൈറിസ്‌ക് കാറ്റഗറിയിലെന്ന ആരോഗ്യവകുപ്പ് റിപ്പോർട്ടിന് പിന്നാലെയാണ് സ്ഥിതി പരിശോധിക്കാൻ ആരോഗ്യമന്ത്രി അട്ടപ്പാടിയിലെത്തിയത്.