കാസർകോട് : സംസ്ഥാന വ്യാപകമായി 'ഓപ്പറേഷൻ ട്രൂ ഹൗസ്' എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കാസർകോട് നഗരസഭയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിടനമ്പർ നൽകുന്നതിൽ ക്രമക്കേട് നടക്കുന്നതായുള്ള വിവരത്തെ തുടർന്ന് ഡിവൈഎസ്‌പി കെ വി വേണുഗോപാലന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 48 കുടുംബങ്ങൾ താമസിക്കുന്ന നഗരത്തിലെ ഫ്‌ളാറ്റിന് നമ്പർ പോലുമില്ലെന്നും കണ്ടെത്തി. പെർമിറ്റ് അനുവദിക്കൽ, ഒക്കുപ്പൻസി നൽകൽ എന്നിവയിൽ ക്രമക്കേട് നിരവധിയാണ്. നിർമ്മിച്ച കെട്ടിടങ്ങളുടെ പാർക്കിങ് ഏരിയ ഷട്ടറിട്ട് മുറികളാക്കിയതും പാർക്കിങ് ഏരിയയില്ലാത്ത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതും ഉൾപ്പെടെ കെട്ടിടനിർമ്മാണ ചട്ടങ്ങൾ പാലിക്കാതെ നിർമ്മിച്ചവയും പരിശോധനയിൽ കണ്ടെത്തി.

അതേസമയം, നഗരത്തിൽ 70 ശതമാനം കെട്ടിടങ്ങൾക്കും നിലവിൽ വാഹന പാർക്കിങ് സൗകര്യമില്ല. ഇതിൽ പഴയ കെട്ടിടങ്ങൾ 50 ശതമാനം വരും. പുതിയ കെട്ടിടങ്ങൾ 20 ശതമാനവും. നഗരത്തിൽ 5 വർഷം മുമ്പ് പടുത്തുയർത്തിയ കെട്ടിടങ്ങളിൽ പോലും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യമില്ല. ഉള്ളതെല്ലാം അടച്ചു പൂട്ടി സ്റ്റോർ റൂമുകളായി മാറി.

സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും, ഇടപാടുകാർ നിത്യവും വന്നുപോകുന്നതും ഡോക്ടറെ കാത്തിരിക്കുന്നതുമായ സ്ഥാപനങ്ങളിലും ശുചിമുറികളില്ല. പാർക്കിങ് സൗകര്യമില്ലാത്തതും മതിയായ ശുചിമുറി സൗകര്യമില്ലാത്തതും ഒന്നാം നിലയിലേക്ക് കയറിപ്പോകാൻ വീതിയുള്ള കോണിപ്പടിയില്ലാത്തതുമായ കെട്ടിടങ്ങൾക്ക് കെട്ടിട നിർമ്മാണച്ചട്ടപ്രകാരം ഒരിക്കലും അനുമതി നൽകാൻ പാടില്ലാത്തതാണ്. അതുപോലെ ക്ലിനിക്കുകൾക്ക് വേണ്ട പ്രാഥമിക അടിസ്ഥാന സ്വകര്യങ്ങൾ പോലും പല ഇടങ്ങളിൽ ഇല്ല .

പരിശോധനയ്ക്ക് സിഐ സിബി തോമസ്, എഎസ്ഐമാരായ കെ രാധാകൃഷ്ണൻ, പി വി സതീശൻ, വി ടി സുഭാഷ്ചന്ദ്രൻ, സിപിഒമാരായ കെ പ്രിയ, പി സന്തോഷ്, എ ജയൻ, പിഡബ്ല്യുഡി എൻജിനിയർ കെ യമുന എന്നിവരാണുണ്ടായത്. പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറുമെന്ന് ഡിവൈഎസ്‌പി അറിയിച്ചു.