തിരുവനന്തപുരം: രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയലിധികവും കേരളത്തിൽ റിപ്പോർട്ട് ചെയ്യുമ്പോഴും രാഷ്ട്രീയ വിവാദങ്ങൾ പെരുകുമ്പോഴും മുഖ്യമന്ത്രി തുടരുന്ന മൗനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ. വാർത്താ സമ്മേളനത്തിൽ നിന്നുപോലും ഒഴിഞ്ഞുമാറുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെയാണ് പ്രതിപക്ഷ നേതാക്കൾ ചോദ്യം ചെയ്യുന്നു.മുഖ്യമന്ത്രിയുടെ മൗനത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കോൺഗ്രസ്സ് നേതാക്കളായ വി ടി ബലറാം, ശബരിനാഥൻ എന്നിവരും മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തെത്തി.

ഒരു ആറുമണി വാർത്താസമ്മേളനം കേരളം കൊതിക്കുന്നു എന്നായിരുന്നു സുരേന്ദ്രന്റെ ഫേസ് ബുക്് പോസ്റ്റ്.കേരളത്തിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സാഹചര്യം ഗുരുതരമാണ്. ഒന്നാം തരംഗത്തിൽ വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തവർ ഇപ്പോൾ പരാജയത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാൻ ബാധ്യസ്ഥരാണ്. ഒന്നാം തരംഗത്തിൽ കേരളത്തിന്റെ പ്രതിരോധത്തെ പുകഴ്‌ത്തിയവർ ഇപ്പോൾ എവിടെയെന്നും മുരളീധരൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. അന്ന് ദിവസവും വാർത്താ സമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി ഇപ്പോൾ എവിടെയാണെന്നും മുരളീധരൻ ചോദിച്ചു.

ഇതിന് പിന്നാലെ കോൺഗ്രസ് നേതാവ് വി ടി ബൽറാമും രംഗത്ത് എത്തി. കോവിഡ് നിയന്ത്രണ പരാജയങ്ങളേക്കുറിച്ചും മുട്ടിൽ മരംമുറി അന്വേഷണ അട്ടിമറിയേക്കുറിച്ചും പത്രസമ്മേളനം വിളിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണം.അങ്ങനെയൊരവസരം ലഭിക്കുകയാണെങ്കിൽ കൃത്യമായ ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമപ്രവർത്തകരും തയ്യാറെടുക്കണം'. എന്നുമാണ് വിടി ബൽറാമിന്റെ ആവശ്യം.

രണ്ടാം പിണറായി സർക്കാർ നൂറ് ദിവസം പിന്നിടുമ്പോൾ ഒരു അവലോകനം എന്ന പേരിൽ വീഴ്ചകൾ അക്കമിട്ട് നിരത്തുകയാണ് യുവ കോൺഗ്രസ് നേതാവ് ശബരീനാഥൻ.ഏറ്റവും കൂടുതൽ കോവിഡ് രോഗവ്യാപനമുള്ള സംസ്ഥാനം. അയൽ സംസ്ഥാനങ്ങളെക്കാൾ അഞ്ചിരട്ടി കോവിഡ് മരണങ്ങൾ. ജീവിത ഉപാധി നഷ്ടപ്പെട്ടതിൽ മനംനൊന്ത് 35 ആത്മഹത്യകൾ. പെറ്റിയടിച്ചു സർക്കാർ ഇതുവരെ 125 കോടി രൂപ കൊയ്തപ്പോൾ എല്ലാം നഷ്ടപെട്ട ജനം നരകിക്കുന്നു.

കോവിഡ് തുടർചികിത്സക്ക് ഗവണ്മെന്റ് സ്ഥാപനങ്ങളിൽ പണം ഈടാക്കുന്ന സംസ്ഥാനം. കോടികണക്കിന് രൂപയുടെ മുട്ടിൽ മരം മുറി മാഫിയക്ക് ധർമ്മടം ബന്ധം, സർക്കാർ സംരക്ഷണം. രേഖപ്പെടുത്താത്ത കോവിഡ് മരണങ്ങളുടെ പട്ടിക മൂന്നു ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും എന്ന് ജൂൺ മാസം പ്രഖ്യാപിച്ചിട്ടും മൂന്നു മാസമായി മറുപടിയില്ല.'നല്ല രീതിയിൽ' കേസ് ഒത്തുതീർക്കാൻ മുൻകൈ എടുത്ത് ഫോൺ വിളിച്ച വനം മന്ത്രിക്ക് സർക്കാരിന്റെ ക്ലീൻ ചിറ്റ്.

സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള കരുവന്നൂർ ബാങ്കിൽ 100 കോടിയുടെ തട്ടിപ്പ്. നിയമസഭ കയ്യാങ്കളി കേസിൽ സംസ്ഥാന മന്ത്രിയും കൂട്ടരും വിചാരണ നേരിടാൻ ഒരുങ്ങുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിലെ മുഖ്യപ്രതികൾ സോഷ്യൽ മീഡിയ താരങ്ങളായ പാർട്ടി സഖാക്കൾ. തമിഴ്‌നാട് സർക്കാർ ഇന്ധന നികുതിയിൽ 3 രൂപ കുറച്ചപ്പോഴും നികുതി കുറയ്ക്കാതെ കേന്ദ്ര സർക്കാറിനോടൊപ്പം മലയാളിലെ കൊള്ളയടിക്കുന്നു. എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ശബരീനാഥൻ ചൂണ്ടിക്കാട്ടുന്നത്.