തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കള്ളക്കടത്തുകാരുടെ കേന്ദ്രമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിടെ കള്ളപ്പണം വെളുപ്പിക്കലാണ് പണി. ശിവശങ്കരന് താങ്ങും തണലുമായി നിന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ഇന്ന് വ്യക്തമായതായും ചെന്നിത്തല പറഞ്ഞു.

നയതന്ത്രബാഗേജിലൂടെ പുറത്തുവന്നത് സ്വർണമായിരുന്നെന്ന് ശിവശങ്കരന് അറിയാമായിരുന്നുവെന്നാണ് ഇഡി പറയുന്നത്. മുഖ്യമന്ത്രിയുടെ അഡീഷൺ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനും അറിഞ്ഞുകൊണ്ടാണ് കള്ളക്കടത്ത് നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ രൂപപ്പെടുന്ന ഒരോ വികസന പദ്ധതിയും അധോലോക പ്രവർത്തനം നടത്തുന്നവർക്ക് രഹസ്യമായി ലഭിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ശിവശങ്കരനാണ് രഹസ്യങ്ങളെല്ലാം ചോർത്തി നൽകിയത്. ലൈഫ് കെ ഫോൺ തുടങ്ങിയ പദ്ധതികളെല്ലാം സ്വപ്നയും ശിവശങ്കരനും തമ്മിലുള്ള കൂട്ടുകച്ചവടമായി മാറി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ അഴിമതിയും കമ്മീഷൻ അടിച്ചതും ശിവശങ്കരന്റെ അറിവോടെയാണ്. സ്വപ്നയ്ക്ക് വന്ന കൈക്കൂലി പണത്തെ പറ്റി ശിവശങ്കരന് അറിയാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തന്റെ ഓഫീസിന് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്ത് വികസനപദ്ധതികളെ തടസപ്പെടുത്തുവെന്നാരോപിച്ച് പാർട്ടി അദ്ദേഹത്തെ പ്രതിക്കൂട്ടിൽ നിർത്തിയതിന്റെ കാരണം ഇപ്പോഴാണ് വ്യക്തമായത്. അന്ന് അഞ്ച് വികസനപദ്ധതികളിൽ ഒപ്പിടാൻ വി എസ് വിസമ്മതിച്ചു. വി എസ് വികസനത്തിന് എതിരെന്ന് പറഞ്ഞ് സിപിഎം പ്രമേയം പാസാക്കി. യഥാർത്ഥത്തിൽ നേതാക്കൾക്കും പാർട്ടിക്കും കിട്ടുന്ന കമ്മീഷൻ വി എസ് മുടക്കിയതുകൊണ്ടാണ് അദ്ദേഹത്തോട് ഇത്രയും വലിയ വിരോധമെന്നതാണ് വസ്തുത. അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് ഒളിക്കാനുള്ളതുകൊണ്ടാണ് കോടിയേരിയെ പിണറായിയും പിണറായിയെ കോടിയേരിയും പിന്താങ്ങുന്നത്. ചേട്ടൻ ബാബ അനിയൻ ബാബ ഏർപ്പാട് കേരളത്തിൽ അവസാനിക്കാൻ പോകുകയാണെന്ന് ചെന്നിത്തല പറഞ്ഞു