തിരുവനന്തപുരം: വോട്ടർപ്പട്ടികയിൽ കള്ളവോട്ടുകൾ ചേർത്തത് കോൺ​ഗ്രസുകാരെന്ന മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒർജിനൽ വോട്ടുകൾ പോലും പട്ടികയിൽ ചേർക്കാത്തവരാണ് കള്ളവോട്ട് ചേർക്കാൻ മെനക്കെടുന്നത് എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. 'വോട്ടർപ്പട്ടികയിൽ കള്ളവോട്ട് ചേർത്തത് പ്രതിപക്ഷ നേതാവിന്റെ പാർട്ടിക്കാരാണെന്ന് മുഖ്യമന്ത്രി പറയുന്നത് കേട്ടു. നാട്ടിലുള്ളവരുടെ ഒർജിനൽ വോട്ടുകൾ പട്ടികയിൽ ചേർക്കാൻ പറഞ്ഞിട്ട് ഞങ്ങളുടെ മണ്ഡലം കമ്മിറ്റിക്കാരും ബൂത്ത് കമ്മിറ്റിക്കാരും അത് ചെയ്യുന്നില്ല. പിന്നെയാണ് കള്ളവോട്ട് ചേർക്കാൻ അവർ മെനക്കെടുന്നത്' ചെന്നിത്തല പറഞ്ഞു.

ഇരട്ടവോട്ടിൽ വന്നിട്ടുള്ള തെളിവുകളെല്ലാം കോൺഗ്രസിന് എതിരാണെന്നും, മറ്റൊരു പാർട്ടിയും കള്ളവോട്ട് ചേർക്കാ‍ൻ ശ്രമിച്ചതായി അറിയില്ലായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഇരട്ട വോട്ട് സംബന്ധിച്ച് വിവാദം ഉയർത്തിക്കൊണ്ടു വന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെയായിരുന്നു. വോട്ട് ചേർത്തവരിൽ കോൺഗ്രസുകാരുണ്ടെങ്കിൽ അവർക്കെതിരെയും നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകി. ഇത്തരക്കാരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഇരട്ടവോട്ടുള്ളവരെ കണ്ടെത്തുന്നത് എളുപ്പമുള്ള കാര്യമല്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് വോട്ട് മരവിപ്പിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇരട്ട വോട്ടുള്ളവർക്ക് രണ്ടാമത്തെ വോട്ടുള്ള സ്ഥലത്ത് വോട്ട് രേഖപ്പെടുത്താൻ അനുവദിക്കരുതെന്നും ചെന്നിത്തല ഹരജിയിൽ ആവശ്യപ്പെടുന്നു.

ഇരട്ടവോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രൊസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് താൻ അഞ്ച് തവണ കത്ത് നൽകിയെങ്കിലും ഒരു തുടർനടപടിയും ഉണ്ടായില്ലെന്നും അതുകൊണ്ട് വിഷയത്തിൽ കോടതി ഇടപെടണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെടുന്നത്.

സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ സ്‌ക്രൂട്ടിണി കമ്മിറ്റി നാല് ലക്ഷത്തിലേറെ കള്ളവോട്ടുകൾ കണ്ടെത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് മുൻപ് അറിയിച്ചത്. ചെന്നിത്തലയുടെ ആരോപണങ്ങൾ ശരിയാണെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയത്. തുടർന്ന് 140 മണ്ഡലങ്ങളിലും ഇത്തരം വോട്ടർമാരെ കണ്ടെത്താൻ നടപടിയായിരുന്നു.

കോട്ടയം, പാലക്കാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് പ്രാഥമികമായി ഇരട്ട വോട്ട് കണ്ടെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് നൽകിയ പരാതിയിൽ കഴമ്പുണ്ടെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചത്.

പാലക്കാട് 800 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. വൈക്കം- 590, ചാലക്കുടി- 570, ഇടുക്കി- 434 എന്നിങ്ങനെയാണ് മറ്റ് ഇടങ്ങളിലെ ഇരട്ട വോട്ടുകൾ. ഇരട്ട വോട്ടുകൾ ആദ്യമല്ലെന്ന് ടിക്കാറാം മീണ പറഞ്ഞിരുന്നു. ഇന്ത്യയിലാകെ 26 ലക്ഷം ഇരട്ട വോട്ടുകളുണ്ട്. വീട് എവിടെയാണോ അവിടെ മാത്രമേ വോട്ട് ചെയ്യാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

91,60,601പുതിയ വോട്ടർ അപേക്ഷ ലഭിച്ചു. 7,39,905 പേരെ പുതിയതായി ചേർത്തു. 1,76,696 പേരെ ഒഴിവാക്കി. ആകെയുള്ളത് 2,74,46,039 വോട്ടർമാരാണ്. ഉദുമയിൽ ഒരാൾക്ക് നാല് വോട്ടർ ഐഡി കണ്ടെത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ട. ഉദുമ എഇആർഒയെ ആണ് സസ്‌പെൻഡ് ചെയ്തത്.