തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആകെയുള്ള സമ്പാദ്യം 47.26 ലക്ഷം രൂപ. അതേസമയം, ചെന്നിത്തലയുടെ ഭാര്യ അനിതക്ക് 1.61 കോടി രൂപയുടെ സമ്പാദ്യമുണ്ട്. നാമനിർദ്ദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രമേശ് ചെന്നിത്തല തന്റെ ആസ്തികൾ വ്യക്തമാക്കുന്നത്.

രമേശ് ചെന്നിത്തലയുടെ ബാങ്ക് അക്കൗണ്ടുകളിലുള്ളത് 6. 32 ലക്ഷം രൂപയാണ്. സ്വന്തമായുള്ള ഇന്നോവ കാറിന്റെ വില 4 ലക്ഷം രൂപ വരും. സ്വർണമായി കയ്യിലുള്ള 5 പവന് 1.68 ലക്ഷം രൂപയാണ് മതിപ്പ് വില. കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിലും ജയ്ഹിന്ദ് ടിവിയിലും ഇക്വിറ്റി ഷെയറുകളുണ്ട്. കൂടാതെ എസ്‌ബിഐ ഇക്വിറ്റി, കോർപറേറ്റ് ബോർഡ് ഫണ്ടുകൾ എന്നിവയും രമേശ് ചെന്നിത്തലയ്ക്കുണ്ട്.

ചെന്നിത്തലയുടെ കയ്യിൽ പണമായിട്ടുള്ളത് 25,000 രൂപയാണ്. ഭാര്യ അനിതയ്ക്ക് കയ്യിൽ പണമായുള്ളത് 15,000 രൂപയാണ്. 76. 20 ലക്ഷം രൂപ മതിപ്പ് വില വരുന്ന വസ്തുവകകൾ ചെന്നിത്തലയുടെ പേരിലുണ്ട്. ഭാര്യ അനിതയുടെ സമ്പാദ്യമായ 1.61 കോടിയിൽ ബാങ്കിലെ നിക്ഷേപം, ഇൻഷൂറൻസ് പോളിസി, സ്വർണം എന്നിവ ഉൾപ്പെടുന്നുണ്ട്. 60. 48 ലക്ഷം രൂപ വില വരുന്ന 80 പവൻ ആഭരണങ്ങൾ ആണ് അനിതയ്ക്ക് ഉള്ളത്. സ്വന്തം പേരിൽ 69. 70 രൂപ മതിപ്പുള്ള സ്വത്തുക്കളുണ്ട്. ചെന്നിത്തലയ്ക്ക് 2.04 കോടിയുടെ ബാധ്യത വായ്പയായിട്ടുണ്ട്. 8 കേസുകളും തനിക്കെതിരെയുള്ളതായി സത്യവാങ്മൂലത്തിൽ രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പിണറായിയിൽ 8.70 ലക്ഷം രൂപ വിലവരുന്ന വീടുൾക്കൊള്ളുന്ന 58 സെന്റ് സ്ഥലവും പാതിരിയാട് 7.90 ലക്ഷം രൂപ വിലവരുന്ന 20 സെന്റ് സ്ഥലവും സ്വന്തമായുണ്ടെന്ന് ധർമടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശപത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നത്. പിണറായി വിജയന്റെ കൈവശമുള്ളത് 10,000 രൂപയാണ്. ഭാര്യ റിട്ട. അദ്ധ്യാപിക തായക്കണ്ടിയിൽ കമലയുടെ കൈവശമുള്ളത് 2000 രൂപയും. പിണറായി വിജയന് തലശ്ശേരി എസ്.ബി.ഐയിൽ 78,048.51 രൂപയും പിണറായി സർവിസ് സഹകരണ ബാങ്കിൽ 5400 രൂപയും നിക്ഷേപമുണ്ട്.

കൈരളി ചാനലിൽ 10,000 രൂപ വില വരുന്ന 1000 ഷെയറും സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൽ 500 രൂപയുടെ ഒരു ഷെയറും 100 രൂപ വില വരുന്ന ഒരു ഷെയർ പിണറായി ഇൻഡസ്ട്രിയൽ കോഓപറേറ്റിവ് സൊസൈറ്റിയിലുമുണ്ട്. ഇതിനു പുറമെ ഒരുലക്ഷം രൂപയുടെ ഷെയർ കിയാലിലുമുണ്ട്. സ്വർണാഭരണങ്ങളൊന്നും സ്വന്തമായില്ലാത്ത പിണറായിക്ക് ബാങ്ക് നിക്ഷേപവും ഷെയറുമടക്കം 2,04,048.51 രൂപയുടെ നിക്ഷേപമുണ്ട്. പിണറായിയിൽ 8.70 ലക്ഷം രൂപ വിലവരുന്ന വീടുൾക്കൊള്ളുന്ന 58 സെന്റ് സ്ഥലവും പാതിരിയാട് 7.90 ലക്ഷം രൂപ വിലവരുന്ന 20 സെന്റ് സ്ഥലവും സ്വന്തമായുണ്ട്.

മുഖ്യമന്ത്രിയെന്ന നിലയിലുള്ള ശമ്പളവും അലവൻസുകളുമാണ് പിണറായിയുടെ വരുമാനം. പിണറായി വിജയന്റെ ഭാര്യ തായക്കണ്ടിയിൽ കമലക്ക് തലശ്ശേരി എസ്.ബി.ഐയിൽ 5,47,803.21 രൂപയും എസ്.ബി.ഐ എസ്.എം.ഇ ശാഖയിൽ 32,664.40 രൂപയും മാടായി കോഓപ് ബാങ്കിൽ 3,58,336 രൂപയും മൗവ്വഞ്ചേരി കോഓപ് ബാങ്കിൽ 11,98,914 രൂപ സ്ഥിര നിക്ഷേപവുമുണ്ട്.

കൈരളി ചാനലിൽ 20,000 രൂപ വില വരുന്ന 2000 ഷെയറും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം (കിയാൽ) കമ്പനിയിൽ രണ്ടുലക്ഷം രൂപയുടെ ഓഹരിയുമുണ്ട്. പിണറായി പോസ്റ്റ് ഓഫിസിൽ 1,44,000 രൂപയുടെയും വടകര അടക്കാത്തെരു പോസ്റ്റ് ഓഫിസിൽ 1,45,000 രൂപയുടെയും നിക്ഷേപമുണ്ട്. 3,30,000 രൂപ വിലവരുന്ന 80 ഗ്രാം സ്വർണം കമലക്ക് സ്വന്തമായുണ്ട്. ഇതിന് 35 ലക്ഷം രൂപയാണ് മാർക്കറ്റ് വില കണക്കാക്കിയിട്ടുള്ളത്. ഒഞ്ചിയം കണ്ണൂക്കരയിൽ 17.5 സെന്റ് സ്ഥലം കമലക്ക് സ്വന്തമായുണ്ട്. ഇത്തരത്തിൽ പിണറായി വിജയന് 2,04,048.51 രൂപയുടെയും കമലക്ക് 29,767,17.61 രൂപയുടെയും സമ്പത്തുള്ളതായി നാമനിർദ്ദേശ പത്രികക്കൊപ്പം സമർപ്പിച്ച അഫിഡവിറ്റിൽ വ്യക്തമാക്കുന്നു. രണ്ടു ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും അഫിഡവിറ്റിലുണ്ട്.